കൊച്ചി | നിയമ വിദ്യാര്‍ഥിനിയായിരുന്ന മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദില്‍ഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചുന. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സര്‍ക്കാര്‍ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.
അതേ സമയം റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വ്വീണ്‍ വലിയ ദുരിതങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടിലുണ്ട. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്
source https://www.sirajlive.com/cm-assures-family-of-action-against-mofia.html
إرسال تعليق