പണമടങ്ങിയ ‘പ്രത്യേക’ അപേക്ഷ; ലേണേഴ്‌സ് ടെസ്റ്റ് എഴുതുന്നത് ഏജന്റുമാർ

തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ആർ ടി ഓഫീസുകളിൽ വിജിലൻസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പണമടങ്ങിയ “പ്രത്യേക’ അപേക്ഷകളുമായി ഏജന്റുമാർ. പൊൻകുന്നം, മൂവാറ്റുപുഴ ആർ ടി ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളിൽ പണത്തോടൊപ്പം ഏജന്റുമാരെ തിരിച്ചറിയുന്നതിന് അപേക്ഷകളിൽ പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. പണം ഓഫീസർമാർക്ക് ഏജന്റുമാർ വൈകിട്ട് ഓഫീസ് സമയം കഴിയുന്നതോടെ എത്തിക്കും.

തൊടുപുഴ ആർ ടി ഓഫീസിൽ ലേണേഴ്‌സ് ഓൺലൈൻ ടെസ്റ്റിൽ പങ്കെടുക്കേണ്ട അപേക്ഷകർക്ക് പകരം ഏജന്റുമാർ പരീക്ഷ എഴുതുന്നതായും കണ്ടെത്തിയിട്ടുണ്ട്. മലയാളം എഴുതാനും വായിക്കാനുമറിയാത്ത ഇതര സംസ്ഥാന തൊഴിലാളികൾ വരെ ലേണേഴ്‌സ് ടെസ്റ്റ് 100 ശതമാനം മാർക്കോടെ പാസ്സാകുന്നുണ്ട്. എറണാകുളം പറവൂർ സബ് ആർ ടി ഓഫീസിൽ വിതരണം ചെയ്യാത്ത നിലയിൽ 120 ഡ്രൈവിംഗ് ലൈസൻസുകളും ഇരിങ്ങാലക്കുട സബ് ആർ ടി ഓഫീസിൽ വിതരണം ചെയ്യാത്ത നിലയിൽ നിരവധി ലൈൻസുകളും ആർ സി ബുക്കുകളും കണ്ടെത്തി.

ആലപ്പുഴ ചേർത്തല ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്്ടറുടെ കൈയിൽ നിന്ന് കണക്കിൽപ്പെടാത്ത 4,120 രൂപയും കോട്ടയം ആർ ടി ഓഫീസിലെ ബാത്ത്‌റൂമിൽ നിന്ന് 140 രൂപയും പാല ജോയിന്റ് ആർ ടി ഓഫീസിലെ ക്ലർക്കിൽ നിന്ന് 700 രൂപയും മട്ടാഞ്ചേരി സബ് ആർ ടി ഓഫീസിലെ ജനാലക്ക് പുറത്തു നിന്ന് 400 രൂപയും കണ്ടെടുത്തു. കോട്ടയം ആർ ടി ഓഫീസ്, തൊടുപുഴ ആർ ടി ഓഫീസ് എന്നിവിടങ്ങളിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള അന്വേഷണോദ്യോഗസ്ഥരുടെ ശിപാർശകളിൽ തീരുമാനമെടുക്കാതെ കാലതാമസം വരുത്തുന്നതായും നെടുങ്കണ്ടം ആർ ടി ഓഫീസിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശിപാർശ ലഭിച്ച ഫയലുകളിൽ കഴിഞ്ഞ അഞ്ച് വർഷമായി നടപടികൾ യാതൊന്നും സ്വീകരിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.



source https://www.sirajlive.com/paid-39-special-39-application-agents-write-the-learner-39-s-test.html

Post a Comment

أحدث أقدم