2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് വോള്‍വോ

ന്യൂഡല്‍ഹി| മറ്റ് ബ്രാന്‍ഡുകളെപ്പോലെ വോള്‍വോ കാര്‍ ഇന്ത്യയും കാറുകളുടെ എക്‌സ്ഷോറൂം വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. മോഡലിനെ ആശ്രയിച്ച് ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജനുവരി 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ധനയാണ് വില വര്‍ധിപ്പിക്കാനുള്ള ഒരു കാരണം. ആഡംബര സെഡാന്‍ എസ്60, പ്ലഗ്-ഇന്‍ ഹൈബ്രിഡ് എക്‌സ് സി90 ടി8 എന്നിവയുടെ വിലയില്‍ മാറ്റമൊന്നുമില്ല. മറ്റെല്ലാ കാറുകളുടെയും എസ്യുവികളുടെയും വിലയാണ് വര്‍ധിക്കുക. വോള്‍വോ എക്‌സ് സി90-ന് ഒരു ലക്ഷം രൂപയുടെ വില വര്‍ധനവ് ലഭിക്കുമ്പോള്‍, വോള്‍വോ എസ്90 മുന്‍നിര സെഡാന് വിലയില്‍ 3 ലക്ഷം രൂപയില്‍ കുത്തനെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്‍ട്രി ലെവല്‍ വോള്‍വോ എക്‌സ് സി40 ടി4ആര്‍ ഡിസൈനിന്റെ വിലയില്‍ 2 ലക്ഷം രൂപ വര്‍ധിക്കും.

വോള്‍വോ എക്‌സ് സി60ന് 1.6 ലക്ഷം രൂപയും വില കൂടുമെന്നും കമ്പനി അറിയിച്ചു. അതോടൊപ്പം തന്നെ വോള്‍വോ കാര്‍ ഇന്ത്യ ഇതിനകം തന്നെ എല്ലാ പെട്രോള്‍ പോര്‍ട്ട്‌ഫോളിയോയിലേക്ക് മാറിയതായും ക്രമേണ ഡീസല്‍ മോഡലുകളെ അതിന്റെ നിരയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നതായും അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍, കമ്പനി തങ്ങളുടെ കാറുകളായ എക്‌സ് സി60, എസ്90, എക്‌സ് സി90പെട്രോള്‍ എന്നിവ 48വി മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനത്തോടെ പുറത്തിറക്കിയിരുന്നു. എക്‌സ് സി40, എക്‌സ് സി60, എസ്60, എസ്90 തുടങ്ങിയ മോഡലുകള്‍ 2021-ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളാണ്.

അതേസമയം വൈകാതെ ഇലക്ട്രിക്കിലേക്കും തിരിയാനാണ് കമ്പനി ശ്രമിക്കുന്നത്.
സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാവ് ഇപ്പോള്‍ അതിന്റെ അടുത്ത തലമുറ എക്‌സ് സി90 മുന്‍നിര എസ്യുവിക്കായി തയ്യാറെടുക്കുകയാണ്. അത് ഔട്ട്‌ഗോയിംഗ് എക്‌സ് സി90 നെ അപേക്ഷിച്ച് ധാരാളം മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും കൊണ്ട് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 



source https://www.sirajlive.com/volvo-says-car-prices-to-rise-from-january-2022.html

Post a Comment

أحدث أقدم