ഇന്ത്യക്ക് ഒരു ദേശീയ ഭാഷയില്ല; ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി | ഹിന്ദി ഭാഷയെ ഇന്ത്യയുടെ ദേശീയഭാഷയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ലോകസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഭരണഘടന പ്രകാരം ഇന്ത്യക്ക് ഒരു ദേശീയ ഭാഷയില്ല. ഹിന്ദിയെ അങ്ങനെ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇന്ത്യയുടെ വിഭിന്ന സംസ്‌കാരങ്ങള്‍ക്കിടയില്‍ സമ്പര്‍ക്കം സാധ്യമാക്കാന്‍ ഹിന്ദി പ്രചരിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

ഇന്ത്യയില്‍ പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നയം ആവിഷ്‌കരിച്ചിട്ടുണ്ട്. അപ്രത്യക്ഷമാകുന്ന ഭാഷകളെ പ്രത്യേകം പരിഗണിക്കുന്ന പദ്ധതികളുമുണ്ട്. മൈസൂരിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ഇത്തരത്തില്‍ 117 ഭാഷകളെ സംരക്ഷിച്ചുപോരുന്നു. 10000ല്‍ താഴെ മാത്രം ആളുകള്‍ സംസാരിക്കുന്ന ഭാഷകളാണ് ഇവ.

യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും ഈ മേഖല ശ്രദ്ധിക്കുന്നുണ്ട്. സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ക്ക് ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്താന്‍ യു ജി സി ഫണ്ട് അനുവദിക്കുന്നുണ്ട്.

ഇന്ത്യയുടെ 343 വകുപ്പ് പ്രകാരം ഇന്ത്യയിലെ ഔദ്യോഗിക നിര്‍വഹണത്തിന് ഹിന്ദി ഭാഷ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയും ഔദ്യോഗിക ആശയവിനിമയത്തിന് ഉപയോഗിക്കുന്നുവെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.



source https://www.sirajlive.com/india-does-not-have-a-national-language-the-central-government-has-said-it-has-no-intention-of-making-hindi-the-national-language-of-india.html

Post a Comment

أحدث أقدم