ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം; ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും സംസ്‌കാരം ഇന്ന്

ന്യൂഡല്‍ഹി | സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. അപകടത്തില്‍ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.

 

ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം രാവിലെ ഒമ്പതോടെ ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. 11.30 മുതല്‍ പൊതുദര്‍ശനം. ഒരു മണിക്കൂര്‍ പൊതുജനങ്ങള്‍ക്കും ഒരു മണിക്കൂര്‍ സൈനികര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാം. 1.30 ന് ശേഷം ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കാരം.

ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറിന്റെ സംസ്‌കാരം രാവിലെ 9.30ന് ഡല്‍ഹി കാന്റില്‍ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൂനൂരില്‍ നിന്നും ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂന്ന് സൈനിക മേധാവിമാരും ഉള്‍പ്പെടെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാത്രി എട്ട് മണിയോടെയാണ് പാലം വിമാനത്താവളത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്.

സൈനികരുടെ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും മൂന്ന് സേന തലവന്‍മാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അന്തിമോപചാരം അര്‍പ്പിച്ചു

 



source https://www.sirajlive.com/country-pays-homage-to-brave-soldiers-the-funeral-of-bipin-rawat-and-his-wife-today.html

Post a Comment

Previous Post Next Post