ഒമിക്രോണ്‍ ഭീഷണി; കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി

ന്യൂഡല്‍ഹി | ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ ആലോചന. ഇതിനായി അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡിസിജിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. ബൂസ്റ്റര്‍ ഡോസ് എന്ന ആവശ്യം ഉയര്‍ന്നതിനിടെ ഒമിക്രോണ്‍ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി ഇതിനകം ആസ്ട്രസെനക്ക വാക്സിന്റെ ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റര്‍ ഡോസില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൊവിഡ് ടാസ്‌ക് ഫോഴ്സ് അറിയിച്ചിരുന്നു.

അതേ സമയം ഇതുവരെ 23 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, നൈജീരിയ, യു കെ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഹോങ്ങ് കോങ്ങ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്പെയ്ന്‍, പോര്‍ചുഗല്‍, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്

 



source https://www.sirajlive.com/omicron-threat-covshield-sought-permission-to-use-as-a-booster-dose.html

Post a Comment

Previous Post Next Post