കേരള പോലീസ് യു പി പോലീസിനെ കണ്ടുപഠിക്കുകയാണോ? നിയമ വിദ്യാര്‍ഥി മോഫിയ പര്‍വീണിന്റെ ആത്മഹത്യാ കേസില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് തീവ്രവാദ ബന്ധം ചുമത്തിയത് പ്രതികള്‍ മുസ്‌ലിംകളായതു കൊണ്ടാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനെ ബലപ്പെടുത്തുന്നതാണ് ഇതുസംബന്ധിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പോലീസ് നടപടി ഗൂഢലക്ഷ്യത്തോടെയാണെന്നും കേസിന്റെ ഗൗരവം ചിന്തിക്കാതെ അശ്രദ്ധയോടെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് കടുത്ത വിമര്‍ശങ്ങള്‍ക്കും പോലീസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനും ഇടവരുത്തിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ആലുവ എസ് ഐ. ആര്‍ വിനോദ്, ഗ്രേഡ് എസ് ഐ രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുനമ്പം ഡി വൈ എസ് പിയോട് ആവശ്യപ്പെടുകയുമുണ്ടായി ഡി ജി പി.
മോഫിയ പര്‍വീണിന്റെ ആത്മഹത്യാ കേസില്‍ ആലുവ സി ഐ. സി എല്‍ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ് പി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലാണ് പോലീസ് തുടക്കത്തില്‍ കേസെടുത്തത്. ഇവരില്‍ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം എ കെ നജീബ്, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍ അശ്‌റഫ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ വീടുവളഞ്ഞ് പിടികൂടി. മാത്രമല്ല, ഇവര്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നതായി ആരോപിക്കുകയും ചെയ്തു. ഈ കേസില്‍ 12 പേരെ അറസ്റ്റ് ചെയ്ത പോലീസ് മേല്‍പറഞ്ഞ മൂന്ന് പേരുടെ കസ്റ്റഡി മാത്രമാണ് ആവശ്യപ്പെട്ടതെന്നതും സംശയാസ്പദമാണ്. ഇവരെ മൂന്ന് പേരെയും പുറത്ത് വിടുന്നത് അപകടമാണെന്നും പുറത്തു വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജാമ്യം ലഭിക്കാതിരിക്കാനാണ് വൈരാഗ്യ ബുദ്ധിയോടെ ബോധപൂര്‍വം പോലീസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അറസ്റ്റിലായവര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ചത് വിവാദമായതോടെ അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡി ഐ ജിയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ആലുവ പോലീസിന്റെ രഹസ്യ അജന്‍ഡ സ്ഥിരീകരിച്ചത്.
മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി ഐ. സി എല്‍ സുധീറിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നത്. ഭര്‍തൃവീട്ടില്‍ നിന്ന് അനുഭവിക്കുന്ന കടുത്ത പീഡനങ്ങളെക്കുറിച്ച് സ്റ്റേഷനില്‍ പരാതി നല്‍കിയ മോഫിയയെയും പിതാവിനെയും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സാന്നിധ്യത്തില്‍ സി ഐ പരിഹസിക്കുകയും കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തുവത്രെ. സംസാരത്തിനിടെ മോഫിയയുടെ പിതാവിനോട് സി ഐ “താന്‍ തന്തയാണോടോ’യെന്നും “മകള്‍ക്ക് മെന്റലാണോ’യെന്നും ചോദിച്ചുവെന്നാണ് മോഫിയയുടെ ബന്ധുക്കള്‍ പറയുന്നത്. ഇതിനു പിന്നാലെ മോഫിയ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ പരാതിയില്‍ പോലീസ് കേസെടുക്കില്ലെന്നും നീതി ലഭ്യമാകില്ലെന്നും ഉറപ്പായതോടെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും ആലുവ സി ഐ മോഫിയയോട് ആക്രോശിക്കുന്നതിനു പകരം ഒരു ആശ്വാസ വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കില്ലായിരുന്നുവെന്നുമാണ് അവരുടെ മാതാവ് ഫാരിസ പറയുന്നത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച മോഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയതായി പിന്നീട് ഡിഐ ജി നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു. കേസെടുക്കാതെ 25 ദിവസമാണ് പോലീസ് നടപടി വൈകിപ്പിച്ചത്. എന്നിട്ടും സസ്‌പെന്‍ഷനു പകരം സി ഐക്കെതിരായ നടപടി സര്‍ക്കാര്‍ സ്ഥലം മാറ്റത്തില്‍ ചുരുക്കി. ഇതില്‍ പ്രതിഷേധിച്ചും നിയമ വിദ്യാര്‍ഥിനിയെ മരണത്തിലേക്ക് തള്ളിവിട്ട ആലുവ സി ഐയെ ഉടന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ്-കെ എസ് യു പ്രവര്‍ത്തകര്‍ ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
സാധാരണ രാഷ്ട്രീയ സമരങ്ങളില്‍ ഉണ്ടാകാറുള്ളതുപോലെ ചില അനിഷ്ട സംഭവങ്ങള്‍ ഈ പ്രതിഷേധ സമരത്തിലും ഉണ്ടായി. മാര്‍ച്ച് വഴിയില്‍ തടഞ്ഞ പോലീസിനു നേരേ സമരക്കാര്‍ കല്ലെറിഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. സമരക്കാര്‍ക്കു നേരേ പ്രയോഗിക്കാനായി പോലീസ് കൊണ്ടുവന്ന ജലപീരങ്കിക്ക് മുകളില്‍ കയറിനിന്നു ചിലര്‍. ജനാധിപത്യ രീതി വിട്ട് സമരം അക്രമമാര്‍ഗത്തിലേക്ക് നീങ്ങുന്നത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്. അതിനെതിരെ നടപടിയെടുക്കുക തന്നെ വേണം. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പോലീസ് നടപടി എന്തെങ്കിലും വിദ്വേഷത്തോടെയോ ഗൂഢലക്ഷ്യത്തോടെയോ പ്രതികളുടെ നിലയും തരവും മതവും നോക്കിയോ ആകരുത്. ആലുവ കേസില്‍ മൂന്ന് പ്രതികള്‍ക്ക് തീവ്രവാദ ബന്ധം ആരോപിച്ചത് വര്‍ഗീയ കാഴ്ചപ്പാടോടെയാണെന്ന സംശയം ബലപ്പെടുകയാണ്. തൃശൂരിലെ പോലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ ജി സുരേഷ് രാജ് പുരോഹിത് വിലക്ക് ഏര്‍പ്പെടുത്തിയതും ബി ജെ പിയും ആര്‍ എസ് എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ തെളിവുകളുണ്ടായിട്ടും കേസെടുക്കാന്‍ വിമുഖത കാണിച്ചതും ഉള്‍പ്പെടെ സമീപകാലത്ത് സംസ്ഥാന പോലീസില്‍ സംഘ്പരിവാര്‍ അനുകൂല നിലപാടുകളും ഹിന്ദുത്വ സമീപനങ്ങളും ധാരാളം പ്രകടമാണല്ലോ. ഇതിന്റെ തുടര്‍ച്ചയായിരിക്കുമോ ആലുവ പോലീസിന്റെ വിവാദ നടപടി. സമഗ്രമായ അന്വേഷണവും മാതൃകാപരമായ നടപടിയും ഇക്കാര്യത്തില്‍ അനിവാര്യമാണ്.
source https://www.sirajlive.com/the-aluva-police-action-needs-a-thorough-investigation.html
Post a Comment