കുറുക്കന്‍മൂലയില്‍ വീണ്ടും കടുവ ആക്രമണം; പശുവിനെ കൊന്നു

കല്‍പ്പറ്റ | വയനാട് കുറുക്കന്‍മൂലയില്‍ വീണ്ടും കടുവ ആക്രമണം. പശുവിനെയാണ് ഇന്നലെ രാത്രി കടുവ കൊന്നത്. പയ്യമ്പിള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവാണ് കടുവയുടെ ആക്രമണത്തിനിരയായത്. സമീപ പ്രദേശത്ത് നിന്ന് ഒരു ആടിനെ കാണാതായെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ 16 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം നടന്നുവരികയാണ്. രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ കാമറകളുടെയും സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കടുവയാണ് കുറുക്കന്‍മൂലയില്‍ ഇറങ്ങിയിട്ടുള്ളതെന്ന് വനംവകുപ്പ് പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍, കടുവ ജില്ലയിലെ ഡാറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സി സി എഫ് പറയുന്നു. കുറുക്കന്‍മൂലയില്‍ എത്തിയ ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കടുവ കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് ഇന്ന് അറിയാം.

 

 



source https://www.sirajlive.com/tiger-attack-on-fox-corner-again-the-cow-was-killed.html

Post a Comment

Previous Post Next Post