അബൂദബി | വിദ്യാര്‍ഥികളിലെ വാക്‌സിനേഷന്‍ നിരക്ക് വ്യക്തമാക്കുന്ന ബ്ലൂ സ്‌കൂള്‍ പദ്ധതിയുമായി അബൂദബി എജ്യൂക്കേഷന്‍ ആന്‍ഡ് നോളജ് വകുപ്പ് (അഡെക്). അല്‍ ഹൊസന്‍ ആപ്പില്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയ സംവിധാനമാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ രക്ഷിതാക്കളുടെ നിലവിലുള്ള അല്‍ഹൊസന്‍ ആപ്പ് അപ്ഡേറ്റ് ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കാനാകും. ഇതുപയോഗിച്ച് കുട്ടികളുടെ സ്‌കൂളിലെയും ക്ലാസിലെയും വാക്‌സിനേഷന്‍ നിരക്ക് കൃത്യമായി അറിയാന്‍ കഴിയുമെന്നതാണ് പ്രത്യേകത. കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയൊഴിവാക്കി കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ ഇതിലൂടെ സാധ്യമാകും.
വിദ്യാഭ്യാസ രംഗങ്ങളില്‍ സുതാര്യതയുറപ്പാക്കാന്‍ രക്ഷിതാക്കളുമായി ആലോചിച്ചെടുത്ത തീരുമാനങ്ങളില്‍ ഒന്നാണിതെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി അമീര്‍ അല്‍ ഹമാദി പറഞ്ഞു. കൃത്യമായ ഡാറ്റ പങ്കുവെക്കുന്നതിലൂടെ പൂര്‍ണ സുരക്ഷയുറപ്പാക്കുകയാണ് ചെയ്യുന്നത്. കൊവിഡ് പ്രതിരോധത്തില്‍ അബൂദബി ഇതുവരെ പിന്തുടര്‍ന്ന രീതികള്‍ക്കനുസൃതമായാണ് അല്‍ ഹൊസന്‍ ബ്ലൂ സ്‌കൂള്‍ പദ്ധതി. നിലവില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാണെങ്കിലും നിര്‍ബന്ധമല്ല. എന്നാല്‍ രക്ഷിതാക്കള്‍ക്ക് ആരോഗ്യ സുരക്ഷയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാന്‍ ഇത് സഹായകമാകുമെന്നും അമീര്‍ അല്‍ ഹമാദി പറഞ്ഞു.
source https://www.sirajlive.com/vaccination-rates-among-students-abu-dhabi-department-of-education-and-knowledge-with-the-blue-school-project.html
Post a Comment