പശ്ചിമഘട്ട സംരക്ഷണം: കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗം ഇന്ന്

ന്യൂഡല്‍ഹി | പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപന വിഷയത്തില്‍ കേരളത്തിന്റെ അഭിപ്രായം തേടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ചര്‍ച്ചക്ക് വിളിച്ചത്. 880ല്‍ അധികം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം യോഗം ചര്‍ച്ച ചെയ്യും. എംപിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നത് കേരളത്തിന്റെ 13,109 ചതുരശ്ര കി.മീ പാരിസ്ഥിതിക ദുര്‍ബല മേഘലയാണെന്നാണ്. ഇത് കേരളത്തിന്റെ പല മേഖലകളില്‍ നിന്നും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കേരളം ഉമ്മന്‍ വി ഉമ്മന്‍ സമിതിയെ നിയോഗിച്ചത്.

തുടര്‍ന്ന് 9,903.7 ച.കി.മീ മാത്രമാണ് പാരിസ്ഥിതിക ദുര്‍ബല മേഖലയെന്ന് ഈ സമിതി കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ നിര്‍ദേശം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ 2018 ഡിസംബറില്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. മൂന്ന് വര്‍ഷമായിരുന്നു ഇതിന്റെ കാലാവധി. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് പുതിയ കരട് വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ച നടക്കുക.

 



source https://www.sirajlive.com/protection-of-the-western-ghats-a-meeting-convened-by-the-central-government-today.html

Post a Comment

أحدث أقدم