അബുദബി | കൊവിഡ് 19 ഗ്രീൻ ലിസ്റ്റ് പുതുക്കി അബുദബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ്. ‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റൈൻ നടപടികളിൽ നിന്ന് ഒഴിവാക്കും. തുർക്കി, ജോർദാൻ, ഖത്വർ, റഷ്യ, ലെബനൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവയെ പട്ടികയിൽ നിന്ന് നീക്കം ചെയ്തപ്പോൾ അൾജീരിയ, മൊറോക്കോ, സീഷെൽസ്, ടുണീഷ്യ എന്നിവയെ ചേർത്തു.
ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് പരമാവധി 48 മണിക്കൂർ സാധുതയുള്ള നെഗറ്റീവ് പി സി ആർ പരിശോധനാ ഫലം ഹാജരാക്കണം, കൂടാതെ അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോൾ ഒരു അധിക പി സി ആർ പരിശോധനക്ക് വിധേയരാകുകയും വേണം. ‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ എടുത്ത യാത്രക്കാർ ആറാം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തണം (അബുദബിയിൽ എത്തുന്ന ദിവസം ഒന്നാം ദിവസമായി കണക്കാക്കുന്നു).
‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ 6, 9 ദിവസങ്ങളിൽ വീണ്ടും പിസിആർ പരിശോധന നടത്തണം. അന്താരാഷ്ട്ര തലത്തിലെ കൊവിഡ് സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ‘ഗ്രീൻ ലിസ്റ്റിൽ’ രാജ്യങ്ങളും പ്രദേശങ്ങളും തയ്യാറാക്കുന്നത്. യുഎഇ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും മുൻഗണന നൽകുകയും ചെയ്ത്, യാത്രക്കായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുടെ കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പട്ടികയിൽ രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തുന്നത്. പുതുക്കിയ പട്ടിക ജനുവരി മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. ‘ഗ്രീൻ ലിസ്റ്റ്’ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.visitabudhabi.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പുതിയ ലിസ്റ്റിൽ 71 രാജ്യങ്ങളാണുള്ളത്.
source https://www.sirajlive.com/abu-dhabi-updates-covid-green-list.html
Post a Comment