സമസ്ത: രാഷ്ട്രീയ നിലപാടിലെ തെറ്റും ശരിയും

തിരുനബി(സ)യുടെ അനുചരന്മാരിലൂടെ ഇസ്ലാം മനസ്സിലാക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് കേരളീയ മുസ്ലിംകള്‍. അവര്‍ ഉണ്ടാക്കിയ പത്ത് പള്ളികളില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അഹ്ലുസ്സുന്നയുടെ പാരമ്പര്യമാണ് സാധൂകരിക്കുന്നത്. അവരുടെ പിന്മുറക്കാരായ കോഴിക്കോട്ടെ പഴയ ഖാസിമാരും പിന്നീട് എത്തിച്ചേര്‍ന്ന മഖ്ദൂം കുടുംബവും സയ്യിദന്മാരുമെല്ലാം ഈ പാരമ്പര്യത്തെയും പൈതൃകത്തെയും ശക്തിപ്പെടുത്തുകയായിരുന്നു.

ടിപ്പുവിനെ തോല്‍പ്പിച്ച് മലബാര്‍ ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തിയത് മുതല്‍ക്കാണ് കേരളീയ മുസ്ലിംകളുടെ അധോഗതി ആരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച നിരന്തര സമരങ്ങള്‍ 1921ല്‍ ബ്രിട്ടീഷ് പട്ടാളം സര്‍വശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തി. സമര പോരാളികളെ കൊന്നുതള്ളി. അനേകം പേരെ നാടുകടത്തി. പള്ളികള്‍ ചുട്ടെരിച്ചു. കൃഷി ഭൂമി പിടിച്ചെടുത്ത് ജന്മിമാര്‍ക്ക് നല്‍കി. എങ്ങും മുറിവേറ്റവരുടെ നിലവിളി. വിധവകളുടെയും അനാഥകളുടെയും കൂട്ടക്കരച്ചില്‍. ഹൃദയഭേദകമായിരുന്നു സമരാനന്തര മലബാറിന്റെ അവസ്ഥ.

മുസ്ലിംകളെ രാഷ്ട്രീയമായും സാമ്പത്തികമായും തകര്‍ത്തതോടൊപ്പം മതപരമായും ഭിന്നിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ തന്ത്രം മെനഞ്ഞു. അറേബ്യയില്‍ ഖിലാഫത്തിനെ തകര്‍ക്കാന്‍ ഉപയോഗിച്ച വഹാബി മൂവ്മെന്റിന്റെ ആശയം കേരളത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു തീരുമാനം. അങ്ങനെയാണ് പത്രപ്രവര്‍ത്തകനായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിക്ക് ഈജിപ്ഷ്യന്‍ വഹാബി നേതാവായ റശീദ് രിളയുടെ മജല്ലത്തുല്‍ മനാര്‍ എന്ന മാസികയുടെ കോപ്പികളും, അയാളുടെ തന്നെ തഫ്സീറുല്‍ മനാര്‍ എന്ന കൃതിയും എത്തിച്ചുകൊടുക്കുന്നത്. പാരമ്പര്യ വിശ്വാസിയായിരുന്ന വക്കം മൗലവി അങ്ങനെ കേരളത്തിലെ ആദ്യ വഹാബിയായി.

ഇതിനിടെ കൊടുങ്ങല്ലൂരില്‍ സ്ഥാപിതമായ ഒരു മദ്റസയിലേക്ക് ഒരധ്യാപകനെ തേടി ബന്ധപ്പെട്ടവര്‍ വാഴക്കാട്ടെത്തി. ദാറുല്‍ ഉലൂം പ്രിന്‍സിപ്പലായിരുന്ന മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ ശിഷ്യന്മാരില്‍ പെട്ട ഇ കെ മൗലവിയെ (കടവത്തൂര്‍) അയച്ച് കൊടുത്തു. വക്കം മൗലവിയുമായുള്ള സമ്പര്‍ക്കം വഴി ഇദ്ദേഹവും വഹാബിസത്തിലേക്ക് ആകൃഷ്ടനായി. കൊടുങ്ങല്ലൂര്‍ ഭാഗത്ത് പ്രഭാഷണത്തിനു ചെന്ന എം സി സി മൗലവിയും ഇവരുടെ വലയില്‍ പെട്ടു. സമരാനന്തരം ഒളിവില്‍ കഴിയുകയായിരുന്ന തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാരെ അളിയന്‍ കൂടിയായ എം സി സി മൗലവി കൊടുങ്ങല്ലൂരിലേക്ക് ക്ഷണിച്ചു. പുഴ മാര്‍ഗം മുസ്ലിയാര്‍ അവിടെ എത്തിച്ചേര്‍ന്ന് പേരുമാറ്റി കെ എം മൗലവി എന്നാക്കി.

ഈ നാല്‍വര്‍ സംഘമാണ് ഏറിയാട് പ്രദേശത്തെ ചില സമ്പന്നരെ തെറ്റിദ്ധരിപ്പിച്ച് ബ്രിട്ടീഷ് ഉത്പന്നമായ വഹാബിസം കേരളത്തില്‍ പ്രചരിപ്പിക്കുന്നതിനായി കേരള മുസ്ലിം ഐക്യസംഘം എന്ന പേരില്‍ അനൈക്യത്തിന്റെ വിത്ത് നട്ടത്. 13 നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരള മുസ്ലിംകളെ ബഹുദൈവാരാധകരും കാഫിറുകളുമെന്ന് മുദ്രകുത്തി. വിവിധ പ്രദേശങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തിയും പ്രസിദ്ധീകരണങ്ങള്‍ ഇറക്കിയും പ്രചാരണങ്ങള്‍ തുടര്‍ന്നു. ഇത്തരുണത്തിലാണ് കോഴിക്കോട്ടെ സയ്യിദ് ബാഅലവി മുല്ലക്കോയ തങ്ങള്‍ (വരക്കല്‍) പ്രമുഖ പണ്ഡിതനായ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്ലിയാരെ വിളിച്ചുവരുത്തി ഈ ഫിത്നയുടെ ഗൗരവം ബോധ്യപ്പെടുത്തുന്നത്. തുടര്‍ന്നുള്ള വിശദമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപവത്കൃതമായ പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

സമസ്ത എന്തിന് രൂപവത്കരിക്കപ്പെട്ടു എന്ന് അതിന്റെ ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ വ്യക്തമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. (എ), പരിശുദ്ധ ഇസ്ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. (ബി), അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെ കുറിച്ച് മുസ്ലിംകള്‍ക്ക് ബോധം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക. (സമസ്ത നിയമാവലി)

ചുരുക്കത്തില്‍ അഹ്ലുസ്സുന്നയുടെ ആദര്‍ശ പ്രചാരണവും സുന്നി വിരുദ്ധരെ പ്രതിരോധിക്കലുമാണ് സമസ്ത രൂപവത്കൃതമായതിന്റെ പിന്നിലെ മുഖ്യ ലക്ഷ്യം. അതോടൊപ്പം സമുദായത്തിന്റെ മത ഭൗതിക വൈജ്ഞാനിക വിഷയങ്ങളിലെല്ലാം ഇടപെടണമെന്നും തുടര്‍ന്ന് പരാമര്‍ശിക്കുന്നുണ്ട്. സമസ്ത ഓരോ വര്‍ഷവും സമ്മേളനങ്ങള്‍ നടത്തി ബിദഇകള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. 1930 മാര്‍ച്ച് 16ന് മണ്ണാര്‍ക്കാട് ചേര്‍ന്ന നാലാം സമ്മേളനത്തിലെ പ്രമേയം ഇങ്ങനെയായിരുന്നു- ”ചേറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ സുന്ദരമായ വിശ്വാസത്തോട് കേവലം മാറാക കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്ലിംകള്‍ക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു” (പണ്ഡിത കേരളം- പേജ് 132)

ആധികാരിക പണ്ഡിത സഭയുടെ ശക്തമായ ഇടപെടല്‍ ഫലം കണ്ടു. മുസ്ലിം സമുദായം വഹാബിസത്തെ അകറ്റിനിര്‍ത്തി. മതപരമായി ഒരു നിലക്കുമുള്ള സഹകരണവും വെച്ചുപൊറുപ്പിച്ചില്ല. അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. അവരുടെ നേതാക്കള്‍ ബഹിഷ്‌കൃതരായി. അവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനോ പ്രസിദ്ധീകരണങ്ങള്‍ വായിക്കാനോ ജനം തയ്യാറായില്ല. 1926 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തിലെ വഹാബിസത്തിന്റെ വളര്‍ച്ച തീര്‍ത്തും താഴോട്ടായിരുന്നു. ഈ പതനത്തില്‍ നിന്നും കരകയറാന്‍ എന്തുണ്ട് പ്രതിവിധി എന്നാലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് 1948ല്‍ ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെടുന്നത്. അന്ന് മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി മുസ്ലിം ലീഗിന്റെ മലബാര്‍ ഘടകത്തിന് രൂപം നല്‍കാന്‍ വഹാബികള്‍ തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കി ബഹിഷ്‌കൃതരായ തങ്ങളുടെ നേതാക്കളെ ജനകീയരാക്കുകയും വഹാബിസം ഒളിച്ചു കടത്തുകയുമായിരുന്നു അവരുടെ ലക്ഷ്യം. കെ കെ മുഹമ്മദ് അബ്ദുല്‍കരീം എഴുതുന്നു – ‘മുജാഹിദ് പണ്ഡിതരാണ് ലീഗിന്റെ ആദ്യകാല സ്ഥാപക നേതാക്കള്‍…… കെ എം മൗലവിയും കെ എം സീതിസാഹിബും പി വി മുഹമ്മദ് മൗലവിയും കെട്ടിപ്പടുത്ത സംഘടനയുടെ തണലില്‍ നിന്ന് അധികാരക്കസേരയിലേക്ക് ആരോഹണം ചെയ്തവര്‍ ഈ ചരിത്രം അനുസ്മരിക്കേണ്ടതുണ്ട് എല്ലായിപ്പോഴും’ (കെ എം മൗലവി സാഹിബ്- പേജ് 168-169)

തലപ്പത്ത് സമസ്ത ബഹിഷ്‌കരിച്ച മൗലവിമാരെ പ്രതിഷ്ഠിച്ചതുകൊണ്ടുതന്നെ ഈ പാര്‍ട്ടിയിലേക്ക് കേരളീയ മുസ്ലിംകള്‍ കടന്നുവരാന്‍ അറച്ചു നിന്നു. മദ്രാസ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളോട് ദയനീയമായി പരാജയപ്പെടുകയും ചെയ്തു. തങ്ങളുടെ ഉജ്വല വിജയത്തിന് പിന്നില്‍ ബന്ധു കൂടിയായ സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ ഇടപെടലുമുണ്ടായിരുന്നു.

സുന്നികള്‍ കടന്നുവരാതെ പാര്‍ട്ടി ശക്തിപ്പെടില്ലെന്നും പാര്‍ട്ടി ശക്തിപ്പെടാതെ നമ്മുടെ ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്നും തിരിച്ചറിഞ്ഞ വഹാബി മൗലവിമാര്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചയാളും കോഴിക്കോട്ടെ പൗരപ്രമുഖനായ കച്ചവടക്കാരനും സുന്നികള്‍ ഏറെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നയാളുമായ തങ്ങളെ തന്നെ പാര്‍ട്ടിയുടെ തലപ്പത്ത് കൊണ്ടുവരാന്‍ ആസൂത്രണം നടത്തി. കെ കെ മുഹമ്മദ് അബ്ദുല്‍കരീം തന്നെ പറയട്ടെ- ഇന്ത്യന്‍ വിഭജനാനന്തരം കേരള മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ പേര് നിര്‍ദേശിച്ചത് തന്നെ കെ എം മൗലവി ആയിരുന്നു. (കെ എം മൗലവി സാഹിബ്- പേജ് 171). തലപ്പത്ത് സയ്യിദന്മാരെ വെച്ച് സുന്നി വിശ്വാസികളെ കബളിപ്പിക്കുകയും താക്കോല്‍ സ്ഥാനത്തിരുന്ന് കാര്യം നിയന്ത്രിക്കുകയും ചെയ്യുന്ന ഈ കുതന്ത്രത്തിന്റെ കാലപ്പഴക്കം കൂടി ഇവിടെ നാം ഓര്‍ക്കുക.

ബാഫഖി തങ്ങള്‍ തന്റെ ജീവിതകാലത്ത് അഹ്ലുസ്സുന്നത്തിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടി നന്നായി പ്രവര്‍ത്തിക്കുകയും ഒരു പരിധി വരെ രാഷ്ട്രീയ പ്രസ്ഥാനത്തെ നിയന്ത്രിച്ചു പോരുകയും ചെയ്തിരുന്നു. അവിടുത്തെ മരണാനന്തരം പാര്‍ട്ടിയില്‍ വഹാബികള്‍ കൂടുതല്‍ പിടിമുറുക്കുകയും വഖ്ഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി, അറബി പാഠപുസ്തക കമ്മിറ്റി തുടങ്ങിയവ കൈവശപ്പെടുത്തുകയും ഗവണ്‍മെന്റ്അംഗീകൃത ഓറിയന്റല്‍ അറബിക് കോളജുകള്‍ നേടിയെടുത്ത് വഹാബിസം വളര്‍ത്തുകയും ചെയ്തു. ചന്ദ്രിക പൂര്‍ണമായും പിടിയില്‍ ഒതുക്കുകയും ഒരുവേള നബിദിന പരിപാടികളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്നും അത് തര്‍ക്കവിഷയമാണെന്നതാണ് കാരണമെന്ന് തീരുമാനിക്കുകയും വരെ ചെയ്തു. അതോടൊപ്പം വഹാബിയായ ഒരു എം എല്‍ എ തന്റെ അവസാന തുള്ളി രക്തവും സുന്നികള്‍ക്കെതിരെ സമര്‍പ്പിക്കുമെന്ന് വരെ പ്രസംഗിച്ചു.

സുന്നി സംഘ ശക്തി ഉപയോഗിച്ച് വളര്‍ത്തിയ രാഷ്ട്രീയപാര്‍ട്ടിയുടെ മറപറ്റി വഹാബിസം വളര്‍ത്തുന്നതിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ ശക്തമായ ചര്‍ച്ചയാരംഭിച്ചു. ഇതിന്റെ ഭാഗമായി സമസ്ത അതിന്റെ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. 1979 നവംബര്‍ 24ന് ചേര്‍ന്ന മുശാവറ തീരുമാനം ഇങ്ങനെയായിരുന്നു- ”സമസ്തക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി പ്രത്യേക ബന്ധമില്ല. സമസ്തയും കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതുമില്ല” (അറുപതാം വാര്‍ഷിക സോവനീര്‍). സമസ്ത രൂപവത്കരിക്കുന്നത് 1926ലാണ്. മുസ്ലിം ലീഗ് ജനിക്കുന്നത് 1948ലും. സമസ്തയുടെ പൈതൃകത്തിലും പാരമ്പര്യത്തിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇടമില്ല. പിന്നെങ്ങനെയാണ് ‘സമസ്ത മുസ്ലിം ലീഗിന്റേതാണ്, മുസ്ലിം ലീഗ് സമസ്തയുടേതാണ് എന്ന് പ്രഖ്യാപിക്കുക.!

ഈ രാഷ്ട്രീയ പാര്‍ട്ടി ശക്തിയാര്‍ജിച്ചത് സുന്നികളായ മുസ്ലിംകളെ കൊണ്ടാണെന്നത് ശരിയാണെങ്കിലും അതുണ്ടാക്കിയത് വഹാബികളാണ.് കാര്യമായ ഗുണമുണ്ടായതും അവര്‍ക്കായിരുന്നു. ആ വിഷയത്തില്‍ അവര്‍ ഏറെ മുന്നോട്ടു പോയപ്പോഴാണ് 1989ല്‍ അവിഭക്ത സമസ്ത അതിന്റെ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയെ മുന്നില്‍വെച്ച് സമസ്തയെ നിയന്ത്രിക്കുന്ന ഘട്ടത്തില്‍ കൂടിയായിരുന്നു ഈ തീരുമാനം. മര്‍ഹൂം ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ഈ കടിഞ്ഞാണ്‍ പൊട്ടിച്ച് സമസ്തയുടെ പൈതൃകവും പാരമ്പര്യവും തിരിച്ചു പിടിക്കാന്‍ തന്നെ തീരുമാനിച്ചു.

ശരീഅത്ത് വിവാദമുണ്ടായപ്പോള്‍ സമസ്ത നേരിട്ട് ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിക്കുക കൂടി ചെയ്തതോടെ വഹാബികള്‍ ലീഗിനെ സര്‍വായുധ സജ്ജരാക്കി ഇറക്കുകയും മര്‍ഹൂം ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ആ കെണിവലയില്‍ വീണു പോവുകയും ചെയ്തു.

രാഷ്ട്രീയ തീരുമാനമെടുത്ത 1979ലെ അവിഭക്ത മുശാവറ യോഗത്തിലെ അധ്യക്ഷന്‍ മര്‍ഹൂം സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ അല്‍ ബുഖാരി (ന.മ) ആയിരുന്നു. അതുകൊണ്ട് തന്നെ തന്റെ അധ്യക്ഷതയില്‍ എടുത്ത നിലപാടും തീരുമാനവും ചിലരുടെ സമ്മര്‍ദങ്ങള്‍ക്ക് വേണ്ടി മാറ്റാന്‍ തയ്യാറല്ലെന്ന് ധീരമായി പ്രഖ്യാപിച്ചു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യവും പൈതൃകവും കാത്തുസംരക്ഷിക്കാന്‍ വലിയ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുകയായിരുന്നു. അന്ന് ധീരമായ നിലപാടുകളെടുത്ത് സമസ്ത പുനഃസംഘടിപ്പിച്ചില്ലായിരുന്നുവെങ്കില്‍ കേരളമിന്നൊരു റിയാദായി മാറുമായിരുന്നു.

ഒരു മത പണ്ഡിതസഭ, ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ വേര്‍പിരിക്കാനാകാത്ത ഇരട്ടയാണെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് ദൈന്യതയാണ് അടയാളപ്പെടുത്തുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു ആദര്‍ശ പ്രസ്ഥാനമാണ്. ആ ആദര്‍ശത്തോട് പരിപൂര്‍ണമായും കൂറുപുലര്‍ത്തന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമല്ല. പിന്നെങ്ങനെയാണ് ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തെ സമസ്തയുടെ പേരില്‍ ഏറ്റെടുത്ത് കൂടെ നിര്‍ത്തുക? ആ പാര്‍ട്ടിയുടെ ഭൂരിപക്ഷമാളുകളും ‘സമസ്ത’യെ പിന്തുണക്കുന്നവരാണ് എന്നതാണ് ഇതിന് കാരണമായി പറയുന്നതെങ്കില്‍, ആ സമസ്തയെ അംഗീകരിക്കുന്നവര്‍ ചേര്‍ന്ന് പുതിയൊരു പാര്‍ട്ടിയോ സംഘടനയോ രൂപവത്കരിച്ചു വന്നാല്‍ അവര്‍ക്കും ‘സമസ്ത’ അംഗീകാരം നല്‍കുമോ?

ആ പാര്‍ട്ടിയുടെ ഓഫീസ് അടക്കം സമസ്തയുടെ ഓഫീസ് ആണെന്നാണല്ലോ തങ്ങളുടെ അനുയായികളെ ഓര്‍മിപ്പിച്ചത്. പാര്‍ട്ടി ഓഫീസുകളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ‘സമസ്ത’ ഏല്‍ക്കുമോ?

 



source https://www.sirajlive.com/samastha-right-and-wrong-in-political-stance.html

Post a Comment

Previous Post Next Post