വിചാരണാ കോടതിയില്‍ പ്രോസിക്യൂഷന് അവിശ്വാസം, പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ രാജി, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍, പുനര്‍വിചാരണ ആവശ്യപ്പെട്ട് നടിയുടെ കത്ത്, പ്രധാന സാക്ഷികളുടെ കൂറുമാറ്റം- കൂടുതല്‍ സങ്കീര്‍ണവും ദുരൂഹവുമാകുകയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് കൊച്ചി ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സിനിമാ നടിയുടെ വാഹനത്തില്‍ ഗുണ്ടാസംഘം അതിക്രമിച്ചു കയറി താരത്തെ ആക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തത്. അഞ്ച് വര്‍ഷത്തോളമായി ഇതുസംബന്ധിച്ച് നിയമ നടപടികള്‍ നീളുകയും അടുത്ത ഫെബ്രുവരി 16നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തതിനിടെയാണ് കേസുമായി ബന്ധപ്പെട്ട പുതിയ പല പ്രശ്നങ്ങളും ഉടലെടുക്കുന്നത്.
ഇപ്പോള്‍ കേസ് കൈകാര്യം ചെയ്യുന്ന വിചാരണാ കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അവിടെ നിന്ന് ഇരക്ക് നീതി കിട്ടാന്‍ സാധ്യതയില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ പരാതി വളരെ ഗൗരവതരമാണ്. പ്രോസിക്യൂഷന്റെ ന്യായമായ ആവശ്യങ്ങളോട് നിഷേധാത്മകമായ നിലപാടാണത്രെ വിചാരണാ കോടതി സ്വീകരിക്കുന്നത്. പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ടെലിഫോണ്‍ കമ്പനികള്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍, യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. കോടതി അപേക്ഷ തള്ളുകയാണുണ്ടായത്. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും വിചാരണാ കോടതി തള്ളി. തങ്ങളുടെ നിര്‍ണായക വാദങ്ങളെ അപ്രസക്തമാക്കുന്ന നടപടിയാണിതെന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. കേസില്‍ സര്‍ക്കാറിനു വേണ്ടി ഹാജറായ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെക്കാനിടയായത് വിചാരണാ കോടതിയുടെ ഈ പക്ഷപാതപരമായ നിലപാട് മൂലമാണെന്നാണ് പറയപ്പെടുന്നത്.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ചില വെളിപ്പെടുത്തലാണ് കേസിലെ ഏറ്റവും പുതിയ സംഭവവികാസം. കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി നടന്‍ ദിലീപിന് ബന്ധമുണ്ടെന്നും നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. ‘ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ത്തന്നെ ദിലീപിന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. താന്‍ ഇതിനു സാക്ഷിയാണ്. ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുകയുണ്ടായി ദിലീപ്’. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. അന്വേഷണസംഘം കഴിഞ്ഞ ദിവസം ബാലചന്ദ്ര കുമാറിന്റെ ഈ മൊഴി രേഖപ്പെടുത്തുകയും അതിന്റെ വിശദാംശങ്ങള്‍ വിചാരണാ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതടിസ്ഥാനത്തില്‍ മൊഴിയില്‍ തുടരന്വേഷണം നടത്തി ഈ മാസം 20ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന വാദത്തിനു ബലമേകുന്നതാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.
അതേസമയം, അന്വേഷണോദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്ര കുമാറും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് പുതിയ വെളിപ്പെടുത്തലെന്നും കേസിന്റെ വിചാരണാ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞു പഠിപ്പിച്ച കഥയാണ് നിര്‍ണായക വെളിപ്പെടുത്തലെന്ന പേരില്‍ ബാലചന്ദ്ര കുമാര്‍ അവതരിപ്പിച്ചതെന്നുമാണ് കേസിലെ പ്രതി നടന്‍ ദിലീപ് പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരുന്ന ദിവസമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം വിചാരണാ കോടതിയില്‍ അപേക്ഷ നല്‍കിയത്. വിചാരണ അട്ടിമറിക്കാനാണ് ഇതെന്നും ബൈജുവിന്റെയും ബാലചന്ദ്ര കുമാറിന്റെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ അവരുടെ ഗൂഢാലോചന വ്യക്തമാകുമെന്നും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ദിലീപ് ആവശ്യപ്പെടുന്നു.
മലയാള സിനിമയെ നിയന്ത്രിക്കുന്നത് അധോലോകമാണെന്ന് സിനിമാ മേഖലയിലെ തന്നെ പ്രമുഖനായ ഗണേഷ് കുമാറാണ് ഇതിനിടെ തുറുന്നു പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കാനും മറ്റു അവിഹിത മാര്‍ഗങ്ങള്‍ക്ക് മറയായും സിനിമയെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. ഇതിനിടെ ഒരു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ കൊണ്ടെത്തിച്ചത് സിനിമാക്കാരും ജ്വല്ലറിക്കാരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന അണിയറ രഹസ്യങ്ങളിലേക്കാണ്. ലഹരിക്കടത്തു മാഫിയയും ക്വട്ടേഷന്‍ സംഘങ്ങളും ശക്തമാണ് ഈ മേഖലയില്‍. കൊച്ചിയില്‍ നടന്ന പല ലഹരിവേട്ടകളിലും പിടിയിലായവരില്‍ സിനിമാ മേഖലയിലെ പ്രമുഖരുമുണ്ട്. സിനിമാ കഥകളെ വെല്ലുന്ന അധോലോക ബന്ധം സിനിമാ മേഖലയില്‍ വളര്‍ന്നു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രസ്താവിച്ചതാണ്. ഈ അധോലോക മാഫിയയാണ് നടിയെ ആക്രമിച്ചതിനു പിന്നിലെന്നാണ് സിനിമാ മേഖലയിലുള്ളവരടക്കം പലരും വിശ്വസിക്കുന്നത്. എങ്കില്‍ കേസ് അട്ടിമറിക്കാനുള്ള എല്ലാ ശ്രമവും അവരുടെ ഭാഗത്ത് നിന്നുണ്ടാകും. യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനും അന്വേഷണോദ്യോഗസ്ഥരെയും ജുഡീഷ്യറിയെ പോലും സ്വാധീനിക്കാനും, വിവിധ മേഖലകളിലുള്ള സ്വാധീനത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ അവര്‍ ശ്രമിച്ചേക്കും. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പുതിയ സംഭവവികാസങ്ങള്‍ ഇതിന്റെ ഭാഗമാണോയെന്നും സംശയിക്കപ്പെടുന്നുണ്ട്. ബാഹ്യസമ്മര്‍ദങ്ങളില്‍ നിന്ന് മുക്തമായ, സത്യസന്ധവും നീതിപൂര്‍വകവുമായ നിയമ നടപടികളിലൂടെ മാത്രമേ സംഭവങ്ങളുടെ നിജസ്ഥിതി കണ്ടെത്താനും യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാനും സാധിക്കൂ. ഇതിന് സഹായകമായിരിക്കണം കോടതി നടപടികള്‍. വിചാരണാ കോടതിയുടെ നീക്കത്തില്‍ ഇരകള്‍ക്ക് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ അത് ദൂരീകരിക്കാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യമാണ്.
source https://www.sirajlive.com/to-the-complications-of-the-case-in-which-the-actress-was-attacked.html
Post a Comment