ഇടുക്കി | ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച കത്തി കണ്ടെത്താനാകാതെ പോലീസ്. കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലി കത്തി ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തെത്തി പോലീസ് ഇന്നും തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. നിഖിലിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനമേഖലയില്‍ തിരച്ചില്‍ നടത്താനാണ് ഇനി പോലീസിന്റെ തീരുമാനം.
അതിനിടെ, റിമാന്‍ഡിലായി പതിനാലു ദിവസം കഴിഞ്ഞതിനാല്‍ നിഖില്‍ പൈലിയെ ഇനി കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. റിമാന്‍ഡ് കാലാവധി അവസാനിച്ച നിഖിലിനെയും ജെറിന്‍ ജോജോയെയും കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. കത്തി കൊണ്ടേറ്റ ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
source https://www.sirajlive.com/the-knife-used-to-kill-dheeraj-could-not-be-found.html
إرسال تعليق