മൂന്നാം തരംഗത്തെയും നാം മറികടക്കും

രാജ്യത്ത് ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രതിസന്ധി അതിജീവിക്കുന്നതിന് ഉണര്‍ന്നു പ്രവര്‍ത്തിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും തുടക്കത്തില്‍ ശാസ്ത്രീയമായ കൊവിഡ് പ്രതിരോധ നടപടികള്‍ കൊണ്ടുവരാനും സുസജ്ജമായ ആരോഗ്യ സംവിധാനങ്ങളും മറ്റു ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനും നമുക്ക് സാധിച്ചു. ലോകത്ത് വിവിധയിടങ്ങളില്‍ കൊവിഡ് വ്യാപകമായി ജീവനെടുക്കുന്ന ഘട്ടത്തിലും ഇവിടെ മരണനിരക്ക് കുറച്ചു നിര്‍ത്താനായത് ക്രിയാത്മകമായ ഈ ഇടപെടല്‍ മൂലമാണ്.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തോടെ ഇന്ന് നാം കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് സംസ്ഥാനത്തിന് പോകേണ്ടി വന്നു. അന്ന്, പൂര്‍ണമായ അടച്ചുപൂട്ടല്‍ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് നമുക്കറിയാം. അത്തരമൊരു നടപടിയിലേക്ക് കടക്കേണ്ട സാഹചര്യം ഈ ഘട്ടത്തില്‍ ഇവിടെ ഇതുവരെ സംജാതമായിട്ടില്ല എന്നത് ആശ്വാസകരമാണ്.

സംസ്ഥാനത്ത് 18 വയസ്സിന് മുകളില്‍ ലക്ഷ്യംവെച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സീനും 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കിക്കഴിഞ്ഞു എന്നത് മൂന്നാം തരംഗത്തെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ഇതിനു പുറമേ, കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ സാധിച്ചു. 15നും 17നും ഇടക്ക് പ്രായമുള്ള 66 ശതമാനം പേര്‍ക്ക് (10,07,879) വാക്‌സീന്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി അഞ്ച് കോടിയിലധികം ഡോസ് വാക്‌സീനേഷനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. വളരെയധികം പേര്‍ക്ക് കൊവിഡ് വന്ന് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പേരും സമ്മിശ്ര (ഹൈബ്രിഡ്) പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്നുള്ളത് തീവ്ര രോഗബാധയും മരണങ്ങളും കുറക്കാന്‍ സഹായകമാകും. അതുകൊണ്ടുതന്നെ കൊവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം ഇത്തവണ വളരെ കുറവാണ്.

ജനുവരി 20ലെ കണക്കനുസരിച്ച് 1,99,000 ആക്ടീവ് കേസുകളില്‍ 96.9 ശതമാനവും വീട്ടില്‍ തന്നെ കഴിയുകയാണ്. ലക്ഷണങ്ങളില്ലാത്തതോ ചെറിയ രോഗലക്ഷണങ്ങളോടു കൂടിയതോ ആയ കേസുകളാണിത്. ആശുപത്രികളിലെത്തുന്നത് 2.7 ശതമാനമാണ്. ഇതില്‍ 1.6 ശതമാനം സാധാരണ കിടക്കകളും 0.6 ശതമാനം മാത്രം ഓക്‌സിജന്‍ കിടക്കകളും ഉപയോഗിക്കുന്നു. 0.4 ശതമാനം പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ഐ സി യുവിലുള്ളത്. 0.1 ശതമാനം മാത്രമാണ് വെന്റിലേറ്ററിന്റെ സേവനം വിനിയോഗിക്കുന്നത്. എന്നാല്‍ പുതിയ കേസുകളുടെ വളര്‍ച്ചാനിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വര്‍ധനവാണുള്ളത്.

കൊവിഡ് രോഗബാധിതരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്നതാണ് ആദ്യഘട്ടം മുതല്‍ തന്നെ കേരളം സ്വീകരിച്ചു വരുന്ന നയം. നിലവില്‍ പൂര്‍ണമായ അടച്ചുപൂട്ടലിലേക്ക് പോകുന്നതിനു പകരം മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണങ്ങള്‍.

രോഗവര്‍ധന നിശ്ചയിക്കുന്നതിനും മാനദണ്ഡങ്ങളുണ്ട്. ഒരു ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആദ്യ തീയതില്‍ നിന്ന് ഇരട്ടിയാകുകയോ ഐ സി യുവില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 50 ശതമാനത്തില്‍ കൂടുകയോ ചെയ്താല്‍ കാറ്റഗറി ഒന്നില്‍ കടന്നതായി കണക്കാക്കും. ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാകുകയോ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ 10 ശതമാനം കൊവിഡ് രോഗികളായിരിക്കുകയോ ചെയ്യുമ്പോള്‍ ആ ജില്ല കാറ്റഗറി രണ്ടില്‍ പെടും. ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആയാല്‍ കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടും.

സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തെയും ജീവിതോപാധിയെയും സാരമായി ബാധിക്കും. അതിനാല്‍ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ തന്ത്രമാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്. സാമൂഹികമായി ആര്‍ജിച്ച രോഗപ്രതിരോധ ശേഷിയും വാക്‌സീനേഷന്റെ തോതും ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയും ഒക്കെ കണക്കിലെടുത്ത് വ്യത്യസ്തമായ സാമൂഹിക നിയന്ത്രണ രീതികളാണ് ഓരോ പ്രദേശങ്ങളും നടപ്പാക്കുന്നത്. സമാനമായ രീതി തന്നെയാണ് ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ഭാവിയിലും പിന്തുടരുക. അത് വിജയിക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണ അനിവാര്യമാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും പ്രധാനമായ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തരുത്. സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 40 കടന്നിരിക്കുകയാണ്. എന്നാല്‍ അതില്‍ ഭയപ്പെടേണ്ട കാര്യമില്ല. ആദ്യ രണ്ടു ഘട്ടങ്ങളിലും പരമാവധി ആളുകളെ പരിശോധിക്കാനാണ് ശ്രമിച്ചത്. അതില്‍ രോഗലക്ഷണമില്ലാത്തവരും പെടും. അപ്പോള്‍ ടി പി ആറിലെ വര്‍ധനവ് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പരിശോധനാ രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൊവിഡ് രോഗ ലക്ഷണമുള്ളവരെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. അതുകൊണ്ട് ടി പി ആറിന് പഴയ പ്രസക്തി ഇപ്പോഴില്ല.
ഇപ്പോഴത്തെ സ്ഥിതിയില്‍ കൊവിഡ് ബാധിക്കുന്നവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും പ്രായാധിക്യമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വീടുകളില്‍ കഴിയുമ്പോള്‍ ഓക്സിജന്റെ അളവും ശരീരോഷ്മാവും കൃത്യമായി നിരീക്ഷിക്കണം. രോഗിയെ വീടുകളില്‍ പരിപാലിക്കുന്നവരും രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് മുതലോ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം. മൂന്ന് ദിവസം തുടര്‍ച്ചയായി പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നാല്‍ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം.

മൂന്നാം തരംഗം നേരിടുന്നതിനായി ഐ സി യു, വെന്റിലേറ്റര്‍, ഓക്സിജന്‍, പീഡിയാട്രിക് സൗകര്യങ്ങള്‍ എന്നിവ വലിയ തോതില്‍ വര്‍ധിപ്പിച്ചു. 25 ആശുപത്രികളില്‍ 194 പുതിയ ഐ സി യു യൂനിറ്റുകള്‍, 19 ആശുപത്രികളിലായി 146 എച്ച് ഡി യു യൂനിറ്റുകള്‍, 10 ആശുപത്രികളിലായി 36 പീഡിയാട്രിക് ഐ സി യു യൂനിറ്റുകള്‍ എന്നിവ സജ്ജമാക്കി. ചെറിയ കുഞ്ഞുങ്ങള്‍ മുതലുള്ള കുട്ടികള്‍ക്കുള്ള 99 വെന്റിലേറ്ററുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള 66 വെന്റിലേറ്ററുകള്‍, 100 പീഡിയാട്രിക് അഡള്‍ട്ട് വെന്റിലേറ്ററുകള്‍, 116 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ആകെ 381 പുതിയ വെന്റിലേറ്ററുകള്‍ സജ്ജമാക്കി. ഇതുകൂടാതെ 147 ഹൈ ഫ്‌ളോ വെന്റിലേറ്ററുകളുടെ വിതരണം പുരോഗമിക്കുന്നു.

മെഡിക്കല്‍ കോളജുകളില്‍ 239 ഐ സി യു, ഹൈ കെയര്‍ കിടക്കകള്‍, 222 വെന്റിലേറ്റര്‍, 85 പീഡിയാട്രിക് ഐ സി യു കിടക്കകള്‍, 51 പീഡിയാട്രിക് വെന്റിലേറ്ററുകള്‍, 878 ഓക്‌സിജന്‍ കിടക്കകള്‍, 113 സാധാരണ കിടക്കകള്‍ എന്നിവ ഉള്‍പ്പെടെ 1,588 കിടക്കകള്‍ പുതുതായി സജ്ജമാക്കിയിട്ടുണ്ട്. ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിനു രൂപം നല്‍കിയിട്ടുണ്ട്. പത്തിലധികം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ആ പ്രദേശം ലാര്‍ജ് ക്ലസ്റ്ററാകും. അത്തരത്തില്‍ അഞ്ച് ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കില്‍ പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം അല്ലെങ്കില്‍ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാവുന്നതാണ്. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ സമീപനം.

കൊവിഡ് രോഗപ്രതിരോധം എല്ലാവരും കൈകോര്‍ത്ത് നടത്തേണ്ട ഒന്നാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തിനും നാടിന്റെ പുരോഗതിക്കും പരുക്കേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഈ കൂട്ടായ്മക്ക് അടിസ്ഥാനം. നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങാതെ തുടരേണ്ടതുണ്ട്. വീടുകളില്‍ അടുപ്പ് പുകയേണ്ടതുണ്ട്. പുതിയ കാലത്ത് ഏറ്റെടുക്കാനുള്ള വെല്ലുവിളി പുതിയ തരത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞ് എല്ലാവരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അണിചേരുകയും സ്വയം കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം.

 



source https://www.sirajlive.com/we-will-overcome-the-third-wave-as-well.html

Post a Comment

أحدث أقدم