കുമളി | സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളിയില്‍ ഇന്ന് തുടക്കം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ പങ്കെടുക്കില്ല. ഇക്കാര്യം രാജേന്ദ്രന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ട്. രാജേന്ദ്രനെതിരെ സമ്മേളനത്തില്‍ നടപടിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന നിലപാടിലായിരുന്നു രാജേന്ദ്രന്‍. എന്നാല്‍ ഒരു ഉറപ്പും സംസ്ഥാന നേതൃത്വം നല്‍കാത്ത പശ്ചാത്തലത്തിലാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജേന്ദ്രന് സമ്മേളനത്തില്‍ പങ്കെടുക്കുകയോ, വിട്ടുനില്‍ക്കുകയോ ചെയ്യാമെന്നും ഇതെല്ലാം വ്യക്തിപരമായ കാര്യമാണെന്നുമാണ് ഇതിനോട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണനും സമാപന സമ്മേളനം പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ 14 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 196 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ദീപശിഖാ ജാഥയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവടയിലെ സ്മൃതിമണ്ഡപത്തില്‍ നിന്നാണ് സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള ദീപശിഖ എത്തിച്ചത്.
source https://www.sirajlive.com/cpm-idukki-district-convention-begins-today.html
إرسال تعليق