ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനാക്കുറ്റം കൂടി ഉള്‍പ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടിയാണ് ഉള്‍പ്പെടുത്തിയത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചനക്ക് ഐ പി സി 302ന് കീഴിലുള്ള 120 ബി 1 വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് മാത്രമായിരുന്നു കഴിഞ്ഞ ഒമ്പതിന് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇതില്‍ പുതിയ വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്ത് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ദിലീപ്, സഹോദരന്‍ പി ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജൂ കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന്് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു

 



source https://www.sirajlive.com/dileep-was-also-charged-with-conspiracy-to-commit-murder-2.html

Post a Comment

Previous Post Next Post