ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആര്?

ഈ വര്‍ഷം നടക്കുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതു തന്നെയാണ്. 2024ലെ പൊതു തിരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് ഫലമാണ് യു പിയിലേത്. ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേയുള്ള രാഷ്ട്രീയ വ്യവഹാരം ചിട്ടപ്പെടുത്തുന്നതില്‍ വലിയ സ്വാധീനമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് ഏറ്റവും അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഹിന്ദി-ഹിന്ദു ഹൃദയ ഭൂമിയിലെ രാജസ്ഥാന്‍-മധ്യപ്രദേശ്-ഛത്തീസ്ഗഢ് സംസ്ഥാനങ്ങളുടെ ജനവിധി 2018ല്‍ ബി ജെ പിക്ക് എതിരായിരുന്നിട്ടും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അനായാസം ജയിച്ചുവന്നതാണ് രാജ്യം കണ്ടത്. അതുകൊണ്ടുതന്നെ യു പി-ഗുജറാത്ത് സംസ്ഥാനങ്ങളുടെ ജനവിധി തന്നെയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നാണ് കരുതപ്പെടുന്നത്.
ഉത്തര്‍ പ്രദേശിനൊപ്പം വോട്ടെടുപ്പിന് പോകുന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണവും ഭരിക്കുന്നത് ബി ജെ പിയാണ്. ഉത്തരാഖണ്ഡില്‍ 2016ല്‍ നടന്ന കുതികാല്‍ വെട്ടിന്റെ തുടര്‍ച്ചയിലൂടെയും ഗോവ- മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ചാക്കിട്ടുപിടിത്തത്തിലൂടെയുമാണ് ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും ബി ജെ പിയുടെ പണക്കൊഴുപ്പാണ് ഭരണം പിടിച്ചത്. ഇത്തവണ കോണ്‍ഗ്രസ്സ്-ബി ജെ പി ഇഞ്ചോടിഞ്ച് പോരാട്ടം നടന്നേക്കാവുന്ന ഏക സംസ്ഥാനം ഉത്തരാഖണ്ഡാണ് എന്നതാണ് 70 നിയമസഭാ സീറ്റുകളുള്ള ഈ സംസ്ഥാനത്തിന്റെ പ്രത്യേകത.
അധികാരം കനക്കുമ്പോള്‍ എത്ര ശക്തിയുള്ള പാര്‍ട്ടിയും ഉള്ളില്‍ നിന്നു തന്നെ സാവധാനത്തില്‍ ദുര്‍ബലപ്പെടാന്‍ തുടങ്ങുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഉത്തരാഖണ്ഡിലെ സ്ഥിതിവിശേഷങ്ങള്‍. 2017ല്‍ വലിയ വിജയം കൊയ്ത ബി ജെ പിക്ക് അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഓടിക്കാന്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ വേണ്ടിവന്നു. ത്രിവേന്ദ്ര സിംഗ് റാവത്ത് മാറി തിരന്‍ സിംഗ് റാവത്ത് വന്നതും തിരന്‍ സിംഗിനെ മാറ്റി പുഷ്‌കര്‍ സിംഗ് ധാമിയെ വെച്ചതുമൊക്കെ നാല് മാസത്തിനിടക്കാണ്. ഗുജറാത്തിലും കര്‍ണാടകയിലും നടന്ന “തലമാറ്റത്തിന്റെ’ കൂടിയ ഇനമായിരുന്നു ഉത്തരാഖണ്ഡിലേത്.

ഉത്തരാഖണ്ഡ് ദേവഭൂമി എന്നാണ് അറിയപ്പെടുന്നത്. ഹൈന്ദവ മതവിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങള്‍, പ്രാചീന ക്ഷേത്രങ്ങള്‍ തുടങ്ങി അനവധി ഹൈന്ദവ അടയാളങ്ങള്‍ കാണാനാകുന്ന സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. 82 ശതമാനം ഹിന്ദു ജനസംഖ്യയുള്ള ഒരു സംസ്ഥാനമെന്ന നിലക്ക് ബി ജെ പി- ആര്‍ എസ് എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രീതി എളുപ്പം ഊഹിക്കാവുന്നതാണല്ലോ. ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിത്തന്നെയാണ് സംഘ്പരിവാര്‍ തിരഞ്ഞെടുപ്പിന് വട്ടം കൂട്ടുന്നത്. ഹരിദ്വാറില്‍ നടന്ന ധറം സന്‍സദ് അത്തരം ഒരു അജന്‍ഡയുടെ ഭാഗമാണ് എന്നതില്‍ സംശയമില്ല.

മുസ്‌ലിംകളെ അപരവത്കരിച്ചും മുസ്‌ലിംവിരുദ്ധ വംശഹത്യക്ക് ആഹ്വാനം ചെയ്തും തീവ്ര ഹിന്ദുത്വ സന്യാസികളുടെ നേതൃത്വത്തില്‍ നടന്ന വിദ്വേഷ സംഗമത്തിനെതിരെ കൃത്യമായ ഒരു നടപടിയും ഇതുവരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എടുത്തിട്ടില്ല. എന്നുമാത്രമല്ല, ഈ പരിപാടിക്കെതിരെ രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പോലും വിദ്വേഷ പ്രസംഗകര്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന ഉത്തരാഖണ്ഡ് പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് ലോകം കണ്ടത്. “”പോലീസ് നമ്മുടെ പക്ഷത്താണ്” എന്നായിരുന്നു ആ ചിരിക്ക് ആധാരമായ നരസിംഗാനന്ദ് യതിയുടെ “തമാശ.’ ഹരിദ്വാര്‍ പോലെ ഹൈന്ദവ തീര്‍ഥാടനത്തിന് കേളികേട്ട ഒരിടത്ത് ഇത്തരമൊരു വര്‍ഗീയ-വിദ്വേഷ പരിപാടി നടന്നിട്ടും നടപടിയെടുക്കാത്തതെന്തേ എന്ന മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വലിന്റെ ചോദ്യത്തിന് അങ്ങനെ ഗൗരവതരമായ ഒരു വിഷയം നിലവിലില്ലെന്നായിരുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ മറുപടി. ഇങ്ങനെയാണോ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കാന്‍ പോകുന്നതെന്ന ചോദ്യത്തിന് മുന്നില്‍ അയാള്‍ കിതക്കുന്നത് കാണാമായിരുന്നു.

പാര്‍ട്ടിക്ക് അകത്തെ പടലപ്പിണക്കങ്ങള്‍ പാര്‍ട്ടി സംവിധാനത്തിന്റെ ബലവും വേഗതയും കുറച്ചിട്ടുണ്ട്. പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലും നിലവില്‍ എല്ലാവരും തൃപതരാണെന്ന് തോന്നുന്നില്ല. അപ്പോഴും ഡല്‍ഹിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ അത്രമേല്‍ ശക്തമായതും ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കേന്ദ്രീകൃത സ്വഭാവം ഉറപ്പുവരുത്തുന്ന “അച്ചടക്കവും’ ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതല്ല. 2012ലെ തിരഞ്ഞെടുപ്പ് നയിച്ചതും സര്‍ക്കാര്‍ രൂപവത്കരിച്ചതും വിജയ് ബഹുഗുണ ആയിരുന്നു. എന്നാല്‍ 2013ലെ ഉത്തരാഖണ്ഡ് പ്രളയാനന്തര പുനരധിവാസം പരാജയപ്പെട്ടെന്ന വിമര്‍ശനത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബഹുഗുണ 2014ല്‍ പടിയിറങ്ങി. അതുവരെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്ന സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഹരീഷ് റാവത്ത് അടുത്ത മുഖ്യനായി. എന്നാല്‍ 2016ല്‍ തന്നെ ഹരീഷ് റാവത്തിന്റെ സര്‍ക്കാറില്‍ കലാപം നടന്നു. ബി ജെ പി സ്പോണ്‍സേര്‍ഡ് പരിപാടിയായിരുന്നു അതെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു. ഒമ്പത് കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ റാവത്തിനെതിരെ നിന്നു. കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശയില്‍ രാഷ്ട്രപതി ഭരണം വന്നു. എന്നാല്‍ റാവത്ത് തിരിച്ചെത്തി. റാവത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരപ്പെട്ടു. റാവത്തിന്റെ തൂക്ക് സര്‍ക്കാര്‍ ആ കടമ്പ അതിജീവിച്ചു. പക്ഷേ, പിറകെ വന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അമ്പേ പരാജയപ്പെട്ടു.

റിബലുകളില്‍ പലരും ബി ജെ പിയില്‍ ഇടം കണ്ടെത്തിയിരുന്നു. ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയം നേരിട്ടു. പാര്‍ട്ടിയുടെ വലിയ മുഖങ്ങളെല്ലാം തോറ്റു. 32 സീറ്റില്‍ നിന്ന് 11 സീറ്റിലേക്ക് പാര്‍ട്ടി ചുരുങ്ങി. പക്ഷേ, അധികാരത്തില്‍ വന്ന ബി ജെ പി സര്‍ക്കാര്‍ ജനപ്രീതി നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മാത്രവുമല്ല, ഹരീഷ് റാവത്ത് അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ഉത്തരാഖണ്ഡ് ജനത അതിയായി ആഗ്രഹിക്കുന്നെന്ന് ചില സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 2012ലേതു പോലെ ഒരു ഇഞ്ചോടിഞ്ച് പോരാട്ടം വന്നേക്കുമെന്നാണ് നിലവിലെ നിരീക്ഷണങ്ങള്‍. അങ്ങനെ വന്നാലും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ്സിന് കുറവാണ്. വലിയ ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ബി ജെ പിയുടെ പണാധിപത്യത്തെ മറികടക്കാന്‍ കോണ്‍ഗ്രസ്സ് എന്നല്ല ഏത് പാര്‍ട്ടിക്കും ഇന്ന് രാജ്യത്ത് ആവശ്യം. ഉത്തരാഖണ്ഡിലും ഈ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് സാരം. എന്നാല്‍ 2016ലെ റിബലുകളില്‍ പ്രധാനികള്‍ ബി ജെ പിയില്‍ നിന്ന് ഖേദത്തോടെ കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയ കാഴ്ചകളും ഇപ്പോള്‍ കാണാനായി. ഇങ്ങനെയൊക്കെയാണെങ്കിലും ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് മണ്ഡലങ്ങളില്‍ സജീവമാകുമ്പോഴും പാര്‍ട്ടിക്കകത്തെ കലാപം ഭയന്നാണ് കോണ്‍ഗ്രസ്സിന്റെ പട്ടിക വൈകുന്നതെന്ന് കേള്‍ക്കുന്നു.
ഈയടുത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ നാട് എന്ന നിലക്ക് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിപിന്‍ റാവത്തിന്റെ ചിത്രങ്ങള്‍ വ്യാപകമാണ്. ഈയടുത്ത് രാഹുല്‍ ഗാന്ധി പങ്കെടുത്ത പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ ഗന്ധിയുടേതിനേക്കാള്‍ വലിയ കട്ടൗട്ടുകള്‍ സമ്മേളന വേദിക്കരികില്‍ കാണാമായിരുന്നു. ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബി ജെ പിയില്‍ ചേര്‍ന്നതും വലിയ വാര്‍ത്തയായി. നേപ്പാള്‍, ടിബറ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലക്കും വിവിധ സൈനിക പരിശീലന കേന്ദ്രങ്ങള്‍ ഉള്ളതിനാലും സൈനിക-ദേശീയത ആവശ്യത്തിലധികം തിരഞ്ഞെടുപ്പില്‍ പ്രകടമാകും.

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഊട്ടിയുറപ്പിച്ചെന്നു കരുതിയ മോദി പ്രീതിയും ബി ജെ പി സ്വാധീനവും നിലവില്‍ ദുര്‍ബലപ്പെടുന്നുണ്ട് എന്ന നിരീക്ഷണങ്ങള്‍ എത്രത്തോളം ശരിയാണ് എന്ന് വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പുകളാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്നത്. പഞ്ചാബും ഉത്തര്‍ പ്രദേശും ഒരു പരിധി വരെ ഉത്തരാഖണ്ഡും കര്‍ഷക സമരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതാണ് എന്നും കൂട്ടിവായിക്കണം. കര്‍ഷക സമരം ഉയര്‍ത്തിയ അഗ്‌നി പരീക്ഷയെ ബി ജെ പി മറികടക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം ബി ജെ പിയെ മാത്രമല്ല എല്ലാവരെയും ഒരു പോലെ ആകാംക്ഷയില്‍ നിര്‍ത്തുന്നുണ്ട്.



source https://www.sirajlive.com/who-39-s-in-the-fight.html

Post a Comment

Previous Post Next Post