മുസ്ലിം സ്ത്രീകളെ ഹിന്ദുത്വം ലേലത്തിന് വെക്കുന്നു

ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള സാമ്യ-വ്യത്യാസങ്ങളുടെ ചര്‍ച്ച അവസാനിച്ചിട്ടില്ലല്ലോ. രണ്ടും രണ്ട് ധ്രുവങ്ങളില്‍ നിന്ന് വിപരീത ദിശയില്‍ ചലിക്കുന്ന ആശയങ്ങളാണെന്ന വാദത്തെ ഓരോ ദിവസവും സാധൂകരിക്കുന്ന അനേകം കാര്യങ്ങള്‍ രാജ്യത്തെ ഹിന്ദുത്വ തീവ്രവാദികള്‍ ചെയ്തുകൂട്ടുന്നുണ്ട്. ക്രിസ്മസ് ആഘോഷ വേളകളില്‍ രാജ്യത്താകമാനം ക്രിസ്തീയ വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വെക്കുന്ന ബുള്ളി ഭായ് എന്ന ആപ്പിന്റെ രംഗപ്രവേശം. മാസങ്ങള്‍ക്ക് മുന്നേ സുള്ളി ഡീല്‍സ് എന്നൊരു സമാന സ്ത്രീവിരുദ്ധ ആപ്പ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
പക്ഷേ, വിവാദങ്ങള്‍ വാര്‍ത്തകളുടെ പിന്നിലേക്ക് മറഞ്ഞു. പരാതികള്‍ അവഗണിക്കപ്പെട്ടു. സുള്ളി ഡീല്‍സിനെതിരെ നല്‍കിയ പരാതികള്‍ ഒന്നുപോലും ഗൗരവത്തിലെടുക്കാന്‍ പോലീസോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ തയ്യാറായില്ല. സുള്ളി ഡീല്‍സ് എന്ന സ്ത്രീവിരുദ്ധ, ഇസ്ലാമോഫോബിക് സംവിധാനത്തിന്റെ സ്രഷ്ടാവിനെ ആരും കണ്ടെത്തിയില്ല. അതുകൊണ്ടുതന്നെ വളരെ വേഗം അടുത്ത എഡിഷന്‍ ഇന്റര്‍നെറ്റിലെത്തി. സമൂഹത്തില്‍ പ്രശസ്തരായവരും അല്ലാത്തവരുമായ മുസ്ലിം സ്ത്രീകളിലെ ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥി നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ബി ജെ പി ഇതര രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ഇവരുടെ ലേലം വിളി സംഘടിപ്പിക്കുകയാണ് ഇത്തരം ആപ്പുകള്‍ വഴി നടക്കുന്നത്. അങ്ങേയറ്റം വൃത്തികെട്ട, സ്ത്രീവിരുദ്ധമായ, വംശീയമായ ഇത്തരം സംവിധാനങ്ങളെ സര്‍ക്കാര്‍ ഗൗരവത്തില്‍ സമീപിക്കാത്തത് സര്‍ക്കാറിന്റെ കറകളഞ്ഞ സ്ത്രീവിരുദ്ധ മനോഭാവം കൂടിയാണ് വ്യക്തമാക്കുന്നത്.

സമൂഹത്തില്‍ സ്വന്തമായി അഭിപ്രായമുള്ള, ആത്മവിശ്വാസമുള്ള, മര്‍ദക ഭരണകൂടത്തോട് ചോദ്യം ചോദിക്കാന്‍ ത്രാണിയുള്ള മുസ്ലിം സ്ത്രീകള്‍ ഹിന്ദുത്വ ഭീകരരില്‍ ഉണ്ടാക്കിയിട്ടുള്ള നിരാശയും അരിശവുമാണ് ബുള്ളി ഭായ്. മുത്വലാഖ് നിരോധനത്തിന്റെ പേരില്‍ സംഘ്പരിവാരം ആവേശപൂര്‍വം ആഘോഷിച്ച സംവാദങ്ങള്‍ ഉണ്ടാക്കിയെടുത്ത മുസ്ലിം സ്ത്രീ പ്രതിച്ഛായയെയാണ് കഴിഞ്ഞ കുറച്ചുനാളുകളായി മുസ്ലിം സ്ത്രീകള്‍ തന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും സി എ എ വിരുദ്ധ സമരകാലത്ത് കലാലയങ്ങളിലും തെരുവുകളിലും മുസ്ലിം സ്ത്രീകള്‍ ഉയര്‍ത്തിയ പ്രതിരോധം ഹിന്ദുത്വ ഭീകരതക്ക് നല്‍കിയ ആഘാതം ചെറുതല്ല. ‘പന്നിയെ പോലെ പെറ്റുകൂട്ടുന്ന’, ‘പര്‍ദ്ദക്കുള്ളില്‍ നീറിനീറി അടിച്ചമര്‍ത്തപ്പെട്ട് കഴിയുന്ന’, ‘അക്ഷരാഭ്യാസമില്ലാത്ത’ എന്നിങ്ങനെ അവരുണ്ടാക്കിയ വാര്‍പ്പ് നിര്‍മിതികള്‍ക്കകത്തല്ല ശരിക്കും മുസ്ലിം സ്ത്രീ എന്ന തിരിച്ചറിവ് അവരെ പരിഭ്രാന്തരാക്കാതെ തരമില്ലല്ലോ.

മോദിയുടെയും അമിത് ഷായുടെയും അഹങ്കാരത്തിന് മുന്നില്‍ പതറാതെ നിന്ന ഷഹീന്‍ ബാഗിലെ ദാദിമാരും സ്ത്രീകളും, ‘ഗോലി മാറോ സലോംക്കോ’ വിളിച്ചുവന്ന വിറളിപിടിച്ച വെടിയുണ്ടകള്‍ക്ക് നേരെ കൈചൂണ്ടിയ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വകലാശാലകളിലെ പെണ്‍കുട്ടികളും സംഘ്പരിവാരത്തിന് മുന്നില്‍ വെച്ച ചോദ്യം തികഞ്ഞ സ്വത്വബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതായിരുന്നു. ഈ രാജ്യത്ത് മുസ്ലിംകള്‍ക്ക് അവകാശപ്പെട്ട ഭാഗധേയത്വത്തെ അവഗണിച്ചോ അസുരവത്കരിച്ചോ ഇല്ലാതാക്കുമ്പോള്‍ മുസ്ലിം സ്ത്രീകള്‍ പുരുഷന്മാരെ പോലെ തന്നെ ശക്തരാണെന്ന പ്രഖ്യാപനം കൂടി നമ്മള്‍ കണ്ടിരുന്നു.

ഉത്തര്‍ പ്രദേശിലും ഡല്‍ഹിയിലും ഹരിയാനയിലുമെല്ലാം അരങ്ങുതകര്‍ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ പിന്തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിച്ചും നേരുപറഞ്ഞും മുന്നില്‍ നിന്ന മാധ്യമ രംഗത്തെ മുസ്ലിം സ്ത്രീ സാന്നിധ്യങ്ങളെയും സംഘ്പരിവാരത്തിന്റെ ലൈംഗിക ദാരിദ്ര്യം പിടിച്ച ഞരമ്പു രോഗികള്‍ ആക്രമിക്കുന്നുണ്ട്. സംഘ്പരിവാരത്തെ എതിര്‍ക്കുന്ന ഇന്ത്യയിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ദിനേനയെന്നോണം ബലാത്സംഗ ഭീഷണിയുണ്ട്. ‘കൂട്ട ബലാത്സംഗം ചെയ്യുമെന്ന’ ഭീഷണിയിലാണ് അവരുടെ തെറിവിളികള്‍ തുടങ്ങുന്നത് തന്നെ. സി എ എ വിരുദ്ധ സമരത്തിലെ മുന്നണി മുഖമായിരുന്ന സഫൂറ സര്‍ഗാറിനെ നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം കനക്കുമ്പോള്‍ ഭാഷയില്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുന്ന ഏറ്റവും വൃത്തികെട്ട കഥകള്‍ മെനഞ്ഞവരും പറഞ്ഞവരും പ്രചരിപ്പിച്ചവരുമാണ് ഹിന്ദുത്വര്‍. ഒരു ഗര്‍ഭിണിയായ സ്ത്രീയോട് എങ്ങനെയാണ് ഹിന്ദുത്വം പെരുമാറുക എന്നതിന്റെ നേര്‍ക്കാഴ്ച ഇവിടെ മലയാളത്തില്‍ സംസാരിക്കുന്ന ശാഖാ വാസികളില്‍ നിന്ന് കേട്ടതും ഓര്‍മയുണ്ട്.
മുസ്ലിം പുരുഷനെ ഭീകരവത്കരിക്കും പോലെ എളുപ്പമല്ലല്ലോ മുസ്ലിം സ്ത്രീയെ ഭീകരവത്കരിക്കുന്നത്. അങ്ങനെയൊരു സംഗതി കൂടി ഇനി സാധാരണയാകുമായിരിക്കും. അത്തരമൊരു സാമൂഹിക അന്തരീക്ഷത്തിലേക്ക് നമ്മുടെ പൊതുബോധം പരിവര്‍ത്തിക്കപ്പെടും വരെ സംഘ്പരിവാര്‍ ഹിന്ദുത്വ ഭീകരത കണ്ടുവെച്ച വഴിയാണ് സാമൂഹിക മാധ്യമങ്ങളിലെ ബലാത്സംഗ ഭീഷണികളും സൈബറിടങ്ങളിലെ ലേലങ്ങളും. വ്യക്തിഹത്യയുടെയും അപമാനത്തിന്റെയും കടുത്ത ട്രോമകളിലൂടെയും മാനസിക സമ്മര്‍ദങ്ങളിലൂടെയും മുസ്ലിം സ്ത്രീകളെ കൊണ്ടുപോകാമെന്ന് ഹിന്ദുത്വ ഭീകരത കണക്കുകൂട്ടുന്നുണ്ട്.

ലോകത്തെല്ലായിടത്തും എല്ലാ കെടുതികളുടെയും ഏറ്റവും കാഠിന്യം അനുഭവിക്കുന്നത് സ്ത്രീകളാണ്. എല്ലാ രാഷ്ട്രീയ വടംവലികളും സൃഷ്ടിക്കുന്ന ദൈന്യതയുടെ ഏറ്റവും അവസാനത്തെ കണ്ണി പലപ്പോഴും സ്ത്രീകളാണ്. യുദ്ധവും കലാപവും കലഹങ്ങളും അഹങ്കാരവും സ്വാര്‍ഥതയും കൈമുതലാക്കിയ പുരുഷന്റെ വിവരക്കേടാണെങ്കിലും അധികാരത്തിന്റെയും അധീശത്വത്തിന്റെയും വഴികള്‍ അവന്‍ ഉറപ്പിക്കുന്നത് സ്ത്രീകളുടെ മേല്‍ അതിക്രമം അഴിച്ചുവിട്ടുകൊണ്ടാണ്. മുസ്ലിം പുരുഷന് നേരെയുള്ള വ്യാജ വ്യവഹാരങ്ങള്‍ക്ക്, അതിക്രമങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനുള്ള വഴികള്‍ തേടുക കൂടിയാണ് ഇപ്പോള്‍ ഹിന്ദുത്വം ചെയ്യുന്നത്. കലാപങ്ങളുണ്ടാക്കുക, അതുവഴി മുസ്ലിമിന്റെ സമ്പത്ത് അപഹരിക്കാനും മുസ്ലിം സ്ത്രീയെ മാനഭംഗപ്പെടുത്താനും അവസരമുണ്ടാകും എന്ന ‘ഉറപ്പുകളാണ്’ ഹിന്ദുത്വത്തിന്റെ പരിശീലന കളരികളില്‍ അണികള്‍ക്ക് ലഭിക്കുന്നത്. ഇന്ത്യന്‍ പുരുഷാധിപത്യ സമൂഹത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് ഇവിടുത്തെ സംഘ്പരിവാര്‍ ആണ്‍കൂട്ടം. അവര്‍ക്ക് മുസ്ലിം സ്ത്രീകള്‍ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള, മാനഭംഗം ചെയ്യാനുള്ള വിഭാഗമാണ്. ഹിന്ദു സ്ത്രീകളുടെ ഇഷ്ടാനിഷ്ടങ്ങളിലുമുണ്ട് ഹിന്ദുത്വക്ക് താത്പര്യം. ലവ് ജിഹാദ് എന്ന വ്യാജ പ്രചാരണം തന്നെ ഹിന്ദു പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും ഇഷ്ടാനിഷ്ട പ്രകാരമുള്ള തിരഞ്ഞെടുപ്പുകളെയുമാണല്ലോ റദ്ദ് ചെയ്യുന്നത്. ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് പഠിപ്പിക്കപ്പെടുന്നവരാണ് രാജ്യത്തെ ഹിന്ദുത്വ വാദികള്‍. മുസ്ലിം സ്ത്രീകളെ കൈയേറ്റം ചെയ്തുവേണം മുസ്ലിംകളോട് കണക്കുപറയാന്‍ എന്ന സവര്‍ക്കറിന്റെ സിദ്ധാന്തമാണ് സംഘ്പരിവാരത്തിന്റെ വേദം. ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, ബ്രിട്ടീഷുകാരോടൊപ്പം മുസ്ലിം പ്രദേശങ്ങളില്‍ റോന്തുചുറ്റി പുരുഷന്മാര്‍ ജയിലിലായ വീടുകള്‍ കണ്ടുപിടിച്ച് അവിടുത്തെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്ന കലാപരിപാടിയുണ്ടായിരുന്നു അന്നത്തെ സംഘ്പരിവാരത്തിന്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ ഇങ്ങനെ വല്ല പണിക്കും പോകാനായിരിക്കണമല്ലോ അവര്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ടാവുക. ആ വിത്തിന്റെ ഗുണം എല്ലാ കാലത്തും ഇവരുടെ രക്തത്തില്‍ കാണും.

ബുള്ളി ഭായ് രൂപപ്പെടുത്തിയ ഗിറ്റ് ഹബ് ഈ ആപ്പിന്റെ പ്രവര്‍ത്തനം തടഞ്ഞുവെച്ചിട്ടുണ്ടെന്നാണ്, ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ കേന്ദ്ര ഐ ടി മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ആപ്പ് പൂട്ടിയതുകൊണ്ടുമാത്രം ഈ വിഷയം തീരുന്നില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീവിരുദ്ധരും വംശീയ വെറിയന്മാരുമായ പ്രതികളെ പിടിക്കാന്‍ സര്‍ക്കാറിന് കഴിയണം. അല്ലെങ്കില്‍ സുള്ളി ഡീല്‍സിനും ബുള്ളി ഭായ്ക്കും പിറകില്‍ ഇനിയും ഇത്തരം വൃത്തികേടുകള്‍ നമ്മുടെ സമൂഹത്തില്‍ വരും. തരം കിട്ടിയാല്‍ ഇന്റര്‍നെറ്റിലെ ‘കളി’ മാറ്റി ശരിക്കും ‘കാര്യം’ നടത്താന്‍ കഴിയുമോയെന്ന് ചിന്തിച്ചു കഴിയുന്നവരാണ് ഹിന്ദുത്വ ഭീകരതക്ക് കണ്ണും കാതും തലച്ചോറും കൊടുത്തവര്‍. അവരുടെ കൂട്ടത്തില്‍ തന്നെയാണ് രാജ്യം ഭരിക്കുന്നവരും എന്ന ആരോപണത്തെ ശരിവെക്കാതിരിക്കാന്‍ പേരിനെങ്കിലും വിരലനക്കേണ്ടത് ഭരിക്കുന്നവര്‍ തന്നെയാണ്.

 



source https://www.sirajlive.com/hindutva-puts-muslim-women-up-for-auction.html

Post a Comment

Previous Post Next Post