ലോകത്തെയാകെ ഗ്രസിച്ച മഹാമാരിയെ രാഷ്ട്രങ്ങള്‍ ഒറ്റതിരിഞ്ഞല്ല, മാനവരാശി ഒന്നാകെയാണ് നേരിടേണ്ടത്. പരസ്പരം സഹായിച്ചും അറിവുകള്‍ പങ്കുവെച്ചും മാത്രമേ മഹാമാരിക്കെതിരായ പോരാട്ടത്തെ വിജയത്തിലെത്തിക്കാനാകുകയുള്ളൂ. ഈ ദിശയിലെ അനുയോജ്യമായ ചുവടുവെപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള അഞ്ച് ലക്ഷം ഡോസ് കൊവാക്സീന്‍ അഫ്ഗാനിലെത്തിയിരിക്കുകയാണ്. അടുത്ത ആഴ്ചകളിലായി അഞ്ച് ലക്ഷം ഡോസ് വാക്സീന്‍ കൂടി കാബൂളിലെത്തിക്കും. കൊവിഡ് ആശ്വാസത്തിനായുള്ള മരുന്നുകള്‍, മറ്റ് മെഡിക്കല്‍ സാമഗ്രികള്‍ തുടങ്ങിയവയും അഫ്ഗാനിലേക്ക് ഇന്ത്യ അയക്കും. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള വ്യോമഗതാഗതം സുരക്ഷാ കാരണങ്ങളാല്‍ പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഇറാനിലെ മാഹന്‍ എയര്‍ വഴിയാണ് ജീവകാരുണ്യ പാക്കേജിന്റെ ആദ്യ ഘട്ടം അഫ്ഗാനിലെത്തിയത്. അഫ്ഗാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സഹായഹസ്തം ഇന്ത്യ നീട്ടുന്നത്. പരസ്പരാശ്രിത ലോകത്ത് അനിവാര്യമായും അനുവര്‍ത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഇന്ത്യ നിറവേറ്റുന്നത്. അഫ്ഗാനുമായി ഇന്ത്യക്കുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോള്‍ ഇത് തികച്ചും സ്വാഭാവികമായ ചുവടുവെപ്പാണെന്ന് വിലയിരുത്തുകയുമാകാം.
ഗോതമ്പ്, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയടക്കം ഏറ്റവും വലിയ ജീവകാരുണ്യ പാക്കേജിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. യു എന്‍ ഏജന്‍സികളുമായി സഹകരിച്ചാണ് പാക്കേജ് നടപ്പാക്കുന്നത്. കഴിഞ്ഞ മാസം 11ന് 1.5 ടണ്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഇന്ത്യ അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും വാക്സീന്‍ മൈത്രിയുടെ ഭാഗമായി അഫ്ഗാനിലേക്ക് ഇന്ത്യ വാക്സീന്‍ അയച്ചിരുന്നു. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ഇറാന്‍, യു എ ഇ, ചൈന, റഷ്യ, ഖത്വര്‍ എന്നിവയും അഫ്ഗാന് മരുന്നും അത്യാവശ്യ വസ്തുക്കളും നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റ ശേഷം അഫ്ഗാനില്‍ നിന്ന് പല കാരണങ്ങളാല്‍ ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്. അതോടൊപ്പമാണ് മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ വസ്തുക്കളുടെയും ക്ഷാമം. ഭക്ഷണ ദൗര്‍ലഭ്യവും ആ രാജ്യം നേരിടുന്നുണ്ട്. അന്താരാഷ്ട്ര സഹായം നിലച്ചതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഈ അയല്‍ രാജ്യം.
അഫ്ഗാനില്‍ വാക്സീന്‍ സംഭരണം ഫലപ്രദമാകുമോയെന്ന ആശങ്ക പല വിദഗ്ധരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കാബൂളിലെ ഇന്ദിരാഗാന്ധി ചില്‍ഡ്രണ്‍ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യമുണ്ട് എന്നാണ് ഇന്ത്യയുടെ ആത്മവിശ്വാസം. അഫ്ഗാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ തോര്‍ഖാം, ചമന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ട്രക്കുകള്‍ സുരക്ഷിതമായി ചെല്ലാനുള്ള സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഉന്നതതല ചര്‍ച്ച നടത്തിയിരുന്നു.
താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഔപചാരികമായി അംഗീകരിച്ചിട്ടില്ല. നയതന്ത്ര കാര്യാലയങ്ങള്‍ നാമമാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചതിനെ അങ്ങേയറ്റം ജാഗ്രതയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ജനാധിപത്യ പ്രക്രിയയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി അകലുകയാണെന്ന് ന്യായമായും ആശങ്കപ്പെടാവുന്നതാണ്. പാക്കിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പുകളുമായി താലിബാന് ബന്ധമുണ്ടാകുമെന്നും ആ ബാന്ധവം മേഖലയുടെ സുരക്ഷക്ക് തന്നെ ഭീഷണിയായേക്കാമെന്നും വിലയിരുത്തലുണ്ട്. നേരത്തേ ഭരണം കൈയാളിയ കാലത്തെ പോലെയാകില്ല ഇത്തവണയെന്ന് താലിബാന്‍ നേതൃത്വം ആണയിടുമ്പോഴും ആയുധത്തിന്റെ ഭാഷ അവര്‍ പൂര്‍ണമായി ഉപേക്ഷിക്കുമെന്ന് അഫ്ഗാന്‍ ജനതക്ക് ആത്മവിശ്വാസമില്ലെന്നതിന് തെളിവാണ് അവിടെ നിന്ന് ഇപ്പോഴും തുടരുന്ന പലായനങ്ങള്‍.
അഫ്ഗാന്റെ ഇന്നത്തെ ദുരവസ്ഥയുടെ ഉത്തരവാദിത്വം സാമ്രാജ്യത്വ ശക്തികള്‍ക്കാണ്. തന്ത്രപ്രധാനമായ സ്ഥാനം എല്ലാ കൊളോണിയല്‍ ശക്തികളെയും അഫ്ഗാനിലേക്ക് ആകര്‍ഷിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് അധിനിവേശവും പിന്നീട് സോവിയറ്റ് മേധാവിത്വവും ഈ രാജ്യം അനുഭവിച്ചു. സോവിയറ്റ് യൂനിയന്റെ പതനത്തോടെ ആഗോള ഭൗമരാഷ്ട്രീയത്തിലെ എതിര്‍വാക്കില്ലാത്ത അധികാരിയായി അമേരിക്ക മാറി. 2001ല്‍ അമേരിക്കന്‍ അധിനിവേശത്തിലമര്‍ന്നു അഫ്ഗാനിസ്ഥാന്‍. ഈ വൈദേശിക ശക്തികളൊന്നും അഫ്ഗാന്‍ ജനതയുടെ സുരക്ഷക്കോ ഭാവിക്കോ വേണ്ടിയല്ല പ്രവര്‍ത്തിച്ചത്. സൈനിക മേഖലയിലാണ് അവര്‍ കോടികള്‍ ഇടിച്ചു തള്ളിയത്. പരിമിതമായെങ്കിലും അഫ്ഗാന്റെ പുനര്‍ നിര്‍മാണത്തില്‍ ഇന്ത്യ പങ്കാളിയായി എന്നത് ചാരിതാര്‍ഥ്യജനകമാണ്. ആശുപത്രികള്‍, റോഡുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയില്‍ ഇന്ത്യന്‍ കൈയൊപ്പുണ്ട്. ഹാമിദ് കര്‍സായി, അശ്റഫ് ഗനി സര്‍ക്കാറുകളോട് ഇന്ത്യക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഈ സഹായ നയതന്ത്രത്തില്‍ ഇന്ത്യക്ക് സ്വന്തം ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആക്ഷേപിക്കുന്നവരുണ്ടാകും. അപ്പോഴും അഫ്ഗാന്‍ ജനതക്ക് സഹായം ലഭിക്കുന്നുവെന്ന യഥാര്‍ഥ ഫലം മാഞ്ഞുപോകുന്നില്ലല്ലോ.
അഫ്ഗാനിലെ ഇന്ത്യയുടെ നീക്കങ്ങളെ ചൈന സംശയത്തോടെയാണ് എക്കാലവും കണ്ടത്. പുതിയ സാഹചര്യത്തില്‍ ചൈനയും പാക്കിസ്ഥാനും റഷ്യയും ഇറാനുമെല്ലാം താലിബാനുമായി ബന്ധം പുലര്‍ത്താന്‍ മത്സരിക്കുകയാണ്. ചൈനയുടെ നീക്കങ്ങളെ ഗൗരവപൂര്‍വം കാണേണ്ടിയിരിക്കുന്നു. ഇന്ത്യക്കെതിരായ നിഴല്‍ യുദ്ധത്തിന് അഫ്ഗാനെ വേദിയാക്കാനിടയുണ്ട്. അമേരിക്കയെ പഴിക്കുന്ന ചൈന അതേ ഇടപെടല്‍ നയമാണ് പുറത്തെടുക്കാന്‍ പോകുന്നത്. ഈ ബോധ്യം ഇന്ത്യക്കുണ്ട്. പക്ഷേ, താലിബാന് അനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന ഒരു തീരുമാനത്തിലേക്ക് നീങ്ങാന്‍ ആഭ്യന്തര രാഷ്ട്രീയം കേന്ദ്ര സര്‍ക്കാറിനെ അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് താലിബാന്‍ ഭരണത്തെ ഔപചാരികമായി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ‘പരിമിതി’യുണ്ട്. എന്നാല്‍ അഫ്ഗാന്‍ ജനതക്കൊപ്പം നില്‍ക്കുക വഴി ആ നാട്ടില്‍ ഇന്ത്യയുടെ സ്വാധീനം നിലനിര്‍ത്തുകയെന്ന നിലപാടാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഈ നയം ദുരന്തകാലം ആവശ്യപ്പെടുന്ന കരുതലില്‍ അധിഷ്ഠിതമാണ്. വാക്സീന്‍ മൈത്രിയില്‍ നിന്ന് അഭയാര്‍ഥികളെ സ്വീകരിക്കുന്നതിലേക്ക് കൂടി വളരുമെങ്കില്‍ വലിയ മാതൃകയാകാന്‍ ഇന്ത്യക്ക് സാധിക്കും.
source https://www.sirajlive.com/when-india-sends-vaccine-to-afghanistan.html
Post a Comment