ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം വിജയകരമായി തുന്നിച്ചേര്‍ത്തു

ന്യൂയോര്‍ക്ക്|  ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അമേരിക്കന്‍ ആരോഗ്യ വിദഗ്ദര്‍. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമായേക്കാവുന്ന ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഹൃദ്രോഗിയായ ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ ശസ്ത്രക്രിയ നടന്നത്. പന്നിയുടെ ഹൃദയത്തില്‍ ജനിതകമാറ്റം വരുത്തിയാണ് മനുഷ്യനില്‍ സ്ഥാപിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖംപ്രാപിച്ച് വരുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബെന്നറ്റിന്റെ ജീവന്‍ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയായിരുന്നു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. എന്നിരുന്നാലും അദ്ദേഹത്തിന്റെ ദീര്‍ഘകാല അതിജീവന സാധ്യതകള്‍ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവെക്കാനുള്ള സാധ്യത തേടി വര്‍ഷങ്ങളായി ഗവേഷണത്തിലായിരുന്നു ഗവേഷകര്‍. മാറ്റിവച്ച ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയവക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണായക ചുവപ്പ് വയ്പ്പാണിതെന്ന് സര്‍ജന്‍ ബാര്‍ട്ട്ലി പി ഗ്രിഫിത്ത് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാര്‍ പന്നിയുടെ വൃക്ക മനുഷ്യനില്‍ ഘടിപ്പിച്ച് വൈദ്യശാസ്ത്രലോകത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു.

 



source https://www.sirajlive.com/for-the-first-time-in-the-world-a-pig-heart-was-successfully-sewn-into-a-human.html

Post a Comment

Previous Post Next Post