മട്ടാഞ്ചേരി | വിവാദം സൃഷ്ടിച്ച മോഡലുകളുടെ അപകടത്തെ തുടര്‍ന്ന് വിവാദത്തിലായ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് താത്കാലികമായി റദ്ദാക്കിയ നടപടി എക്‌സൈസ് വകുപ്പ് പിന്‍വലിച്ചു. ബാര്‍ ലൈസന്‍സ് ഹോട്ടലിന് തിരികെ നല്‍കി.
നമ്പര്‍ 18 ഹോട്ടലില്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയ മോഡലുകളാണ് ഒക്ടോബര്‍ 31ന് അര്‍ധരാത്രി അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതേ തുടര്‍ന്നുണ്ടായ അന്വേഷണങ്ങളും വിവാദങ്ങളും കെട്ടടങ്ങിയ ഘട്ടത്തില്‍ ലൈസന്‍സ് പുനസ്ഥാപിച്ചു നല്‍കിയത് ഉന്നതങ്ങളിലെ ഇടപെടലുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആക്ഷേപമുണ്ട്. മോഡലുകള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ വലിയ ഇടപെടലുകള്‍ നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനും ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബാര്‍ ലൈസന്‍സ് എക്‌സൈസ് താത്കാലികമായി റദ്ദാക്കിയിരുന്നത്. എന്നാല്‍ ഇത് തെളിയിക്കാന്‍ പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്താന്‍ തയാറായില്ലെന്നാണ് ആരോപണം. തുടരന്വേഷണം നടത്താതെ കേസ് ദുര്‍ബലമാക്കുകയായിരുന്നു പോലീസെന്നും ആക്ഷേപമുണ്ട്.
അതേസമയം, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടാതെ ഒരാളുടെ പേരിലുള്ള ബാര്‍ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു. പുതുതായി ബാര്‍ ഉടമക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കേണ്ടത് പോലീസാണെന്നാണ് എക്‌സൈസ് വകുപ്പ് വിശദീകരിക്കുന്നത്. നിലവില്‍ ബാര്‍ ഉടമക്കെതിരെ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനും വാഹനാപകടം സംബന്ധിച്ചുള്ളതും പോക്‌സോ കേസുമാണ് നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ ഏതെങ്കിലുമൊന്നില്‍ ശിക്ഷ വിധിച്ചാല്‍ മാത്രമേ ഉടമയുടെ പേരിലുള്ള ലൈസന്‍സ് റദ്ദ് ചെയ്യാന്‍ കഴിയൂ. ഇക്കാര്യങ്ങള്‍ കാട്ടി എക്‌സൈസ് സി ഐ. പി ശ്രീരാജ് എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാര്‍ ലൈസന്‍സ് പുനസ്ഥാപിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
source https://www.sirajlive.com/accidental-death-of-models-no-18-hotel-bar-license-suspension-lifted.html
إرسال تعليق