ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഐ എം എ

പത്തനംതിട്ട | പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഐ എം എ. ഇല്ലെങ്കില്‍ ബുധനാഴ്ച മുതല്‍ സംസ്ഥാന വ്യാപക സമരം തുടങ്ങുമെന്ന് ഐ എം എ വൃത്തങ്ങള്‍ സൂചന നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്നും അക്രമികള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും സംഘടന ആരോപിച്ചു. പരാതി നല്‍കിയാലും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ്.

അതിനിടെ, അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ ഐ എം എ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. അടിയന്തര സര്‍വീസ് ഒഴികെ ബാക്കി ഒ പികളൊന്നും പ്രവര്‍ത്തിക്കില്ലെന്ന് ഐ എം എ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ നാസറും സെക്രട്ടറി ഡോക്ടര്‍ കെ ബി ജലീലും അറിയിച്ചു.

രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആക്രമിച്ചത്. റോഡപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന താഴേക്കോട് സ്വദേശിനി ഫാത്തിമത്ത് ഷമീബ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അക്രമം.

 



source https://www.sirajlive.com/incident-of-attack-on-health-workers-the-ima-demanded-the-immediate-arrest-of-the-accused.html

Post a Comment

أحدث أقدم