ഇന്ത്യന്‍ ഫെഡറല്‍ തത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടുകൂടാ

മതേതരത്വവും മൗലികാവകാശങ്ങളും എന്ന പോലെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങളും ഇന്ന് വലിയ ഭീഷണി നേരിടുന്നു. ഗവര്‍ണര്‍മാര്‍ വഴി സംസ്ഥാനങ്ങള്‍ക്കു മേല്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുക എന്ന രീതി പുതിയതല്ല. പക്ഷേ ഇപ്പോള്‍ അത് കുറേക്കൂടി ശക്തമാകുന്നു. തമിഴ്നാടും പശ്ചിമ ബംഗാളും മറ്റും ഇതിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനത്തിനുള്ള ഒരു പ്രത്യക്ഷ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഐ എ എസ് കാഡറിലുള്ള ഉദ്യോഗസ്ഥരുടെ സേവനം സംബന്ധിച്ച 1954ലെ ചട്ടങ്ങളില്‍ 6 (1) ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ്. പ്രതിപക്ഷം ഭരിക്കുന്ന നിരവധി സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നു. ഒരു സംസ്ഥാനത്ത് സര്‍വീസിലിരിക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ വിളിക്കാം എന്നതാണ് നിര്‍ദിഷ്ട ഭേദഗതി. കേന്ദ്രത്തില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമല്ല എന്നതാണ് ഇതിനു പറയുന്ന ന്യായീകരണം. കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥരുടെ പട്ടിക (സി ഡി ആര്‍) സംസ്ഥാനങ്ങള്‍ തയ്യാറാക്കി നല്‍കുന്നില്ല എന്നതാണ് കേന്ദ്രത്തിന്റെ പരാതി.

അടുത്ത കാലം വരെ തമിഴ്നാട് പോലുള്ള ചില സംസ്ഥാനങ്ങള്‍ ഇതില്‍ വീഴ്ച വരുത്താറുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ പോകാന്‍ തയ്യാറെന്നു പറയുന്നവരുടെ പേരുകള്‍ പോലും നല്‍കാറില്ലത്രെ! എന്നാല്‍ ഈ പ്രശ്നത്തിനുള്ള ശരിയായ പരിഹാരമാണോ ഈ ഭേദഗതി എന്നതാണ് ചോദ്യം. അടിസ്ഥാന രോഗകാരണം അറിയാതെ തൊലിപ്പുറത്ത് നടത്തുന്ന ചികിത്സ മാത്രമാണിത്.

എന്തുകൊണ്ടാണ് ഈ ക്ഷാമം?
1991 മുതല്‍ ഓരോ വര്‍ഷവും പുതിയതായി എടുക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. പ്രതിവര്‍ഷം 140-160 പേര്‍ എന്നത് 50 – 80 പേര്‍ വീതമാക്കി. സാമ്പത്തിക ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പല മേഖലകളില്‍ നിന്നും പിന്‍വാങ്ങുന്നു എന്ന ന്യായമാണ് അതിനായി പറഞ്ഞത്. സര്‍ക്കാര്‍ ഭരണച്ചെലവ് കുറക്കലും അതിന്റെ ഭാഗമായിരുന്നല്ലോ. എന്നാല്‍ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആ തീരുമാനം തെറ്റായിരുന്നു എന്ന് കണ്ട് തിരുത്തി. പക്ഷേ അത്രയും കാലത്തെ കുറവ് ഇന്നും തുടരുന്നു. അത് പരിഹരിക്കാന്‍ വാര്‍ഷിക റിക്രൂട്ട്മെന്റ് 200 എങ്കിലും ആക്കണം. സംസ്ഥാനങ്ങള്‍ക്കാവശ്യമായ ഉദ്യോഗസ്ഥര്‍ ഇല്ലാതിരിക്കുമ്പോള്‍ അവര്‍ എങ്ങനെ വിട്ടു നല്‍കും എന്നാണ് പശ്ചിമ ബംഗാള്‍, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ചോദിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥരെ കേഡര്‍ അടിസ്ഥാനത്തില്‍ തരം തിരിക്കുന്നതിലെ അശാസ്ത്രീയത ചിലയിടത്തെങ്കിലും പ്രശ്നമാകുന്നു. ഐ എ എസ് ഉദ്യോഗസ്ഥന്‍ ആവശ്യമില്ലാത്തിടങ്ങളില്‍ അവര്‍ വേണമെന്ന ആവശ്യം ഇതിന്റെ ഫലമാണ്. 2000 മുതല്‍ കേന്ദ്ര സര്‍വീസിലേക്ക് ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുടെ നേരിട്ട് നിയമനം ഇല്ലാതായതും ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാണ്. ഒട്ടനവധി ഡെപ്യൂട്ടി സെക്രട്ടറി/ഡയറക്ടര്‍ തസ്തികകള്‍ അവര്‍ വഹിക്കാറുണ്ട്.

പ്രമോഷന്‍ വഴി സംസ്ഥാനങ്ങളില്‍ ഐ എ എസ് നേടുന്ന ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ തീരെ പരിഗണിക്കാറില്ല. രണ്ടും മൂന്നും പതിറ്റാണ്ട് കാലം സേവന പരിചയമുള്ള ഇവരെ ഉപയോഗപ്പെടുത്തേണ്ടതല്ലേ? ഇങ്ങനെ പദവി നേടുന്നവര്‍ മസൂറിയിലെ പരിശീലനം കഴിഞ്ഞാല്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ജോലി ചെയ്യണം എന്ന് നിര്‍ബന്ധിക്കാമല്ലോ. ഇത്തരം 2,250 പേര്‍ ഉണ്ട് എന്നും ഓര്‍ക്കുക. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലേക്ക് വരുന്നവര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന ചില കര്‍ശന വ്യവസ്ഥകളും അവര്‍ക്ക് മാന്യമായ വേതന വ്യവസ്ഥകള്‍ ഇല്ലാത്തതും ഒരു കാരണമാകാം. സംസ്ഥാന സര്‍ക്കാറിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകുന്ന വിധത്തില്‍ ഉദ്യോഗസ്ഥരെ മാറ്റാന്‍ ശ്രമിക്കുക വഴി സംഘര്‍ഷം ഉണ്ടാകും എന്നുറപ്പാണ്.

എന്താണ് പരിഹാരം?
എന്നാല്‍ പ്രശ്നം മറികടക്കാന്‍ ശരിയായ മാര്‍ഗം തേടണം താനും. നേരിട്ട് ഐ എ എസ് കിട്ടി വരുന്ന എല്ലാ ഉദ്യോഗസ്ഥരും അവരുടെ സര്‍വീസിന്റെ എട്ട് വര്‍ഷം പിന്നിട്ട് 25 വര്‍ഷം തികയുന്നതിനു മുമ്പ് രണ്ട് വര്‍ഷമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യണം എന്ന് നിര്‍ബന്ധിക്കാവുന്നതാണ്. അതെപ്പോള്‍ എന്നത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും പ്രസ്തുത ഉദ്യോഗസ്ഥനും തമ്മില്‍ ഒരു ധാരണയിലെത്തുന്നതും നല്ലതാണ്. 25 വര്‍ഷം പിന്നിടുമ്പോഴാണ് മിക്കവരും സംസ്ഥാനങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ എത്തുന്നത്. ഇത് വഴി കേന്ദ്രത്തിനാവശ്യമായ ഉദ്യോഗസ്ഥരെ മുടക്കു കൂടാതെ കിട്ടുകയും ചെയ്യും. കേന്ദ്ര സര്‍വീസില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകളില്‍ പല അവ്യക്തതകളും ഉണ്ടെന്ന് പല ഉന്നത ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍വീസില്‍ നിന്ന് യോഗ്യതയുള്ളവരെ നേരിട്ട് ഉന്നത പദവികളില്‍ നിയോഗിക്കാന്‍ തയ്യാറായാല്‍ ഈ പ്രശ്നവും പരിഹരിക്കാം. ഇതിനുപകരം ചില ഉദ്യോഗസ്ഥരെ ‘ശരാശരിയില്‍ താഴെ’ എന്ന് പ്രഖ്യാപിച്ചു ഒഴിവാക്കുന്ന രീതിയും
ശരിയല്ല.

ഇത്തരം തര്‍ക്കങ്ങള്‍ കേവലം ഏകപക്ഷീയമായ ചട്ടഭേദഗതി വഴിയോ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തുക വഴിയോ പരിഹരിക്കാന്‍ എളുപ്പമല്ല. ഭരണഘടനയുടെ 263ാമത് ഖണ്ഡിക അന്തര്‍സംസ്ഥാന തര്‍ക്ക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയുള്ളതാണ്. പക്ഷേ മിക്കപ്പോഴും കേന്ദ്രം അതിനു തയ്യാറാകാറില്ല എന്നതിനാലാണ് രോഗം ഏറെ മൂര്‍ഛിക്കുന്നത്.
ഇത്തരം ഒരു സന്ദര്‍ഭം ഇന്ത്യയുടെ ആദ്യകാല ചരിത്രത്തില്‍ ഉണ്ടായതും ഇവിടെ ഓര്‍ക്കാവുന്നതാണ്. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇവിടെ സേവനം ചെയ്തിരുന്ന ഏതാണ്ട് 60 ശതമാനത്തോളം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും വിട്ടുപോയി. അവര്‍ ഒന്നുകില്‍ ബ്രിട്ടീഷുകാര്‍, അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോയ മുസ്ലിംകള്‍ ആയിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സ്വീകരിച്ച മാര്‍ഗം നമ്മുടെ മുന്നിലുണ്ട്. അന്നത്തെ പ്രവിശ്യകളില്‍ (ഇന്നത്തെ സംസ്ഥാനങ്ങള്‍ പോലെ) നിന്ന് ആവശ്യമായവരെ ലഭ്യമാക്കാന്‍ അന്ന് കഴിഞ്ഞു. അതാണ് സഹകരണാത്മക ഫെഡറല്‍ തത്ത്വം. അത് തന്നെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വവും.

(ഈ ലേഖനത്തിനടിസ്ഥാനം ഫെബ്രുവരി 15ലെ ഹിന്ദു പത്രത്തില്‍ രണ്ട് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരായ കെ അശോക് വാര്‍ഡന്‍, വി രമണി എന്നിവര്‍ എഴുതിയ ലേഖനമാണ്)

 

 



source https://www.sirajlive.com/indian-federal-principles-cannot-be-violated.html

Post a Comment

أحدث أقدم