മാധ്യമങ്ങള്‍ക്കു മേല്‍ കുരുക്കുകള്‍ മുറുകുന്നു

മാധ്യമ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര ഭരണകൂടം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് മീഡിയ വണ്‍ നിരോധനവും മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്താനുള്ള വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നീക്കവും. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ മലയാള വാര്‍ത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം തടഞ്ഞത്. സംപ്രേഷണം തടയാന്‍ കാരണമായ വാര്‍ത്തകളെന്തെല്ലാമെന്നോ അതിന്റെ വിശദാംശങ്ങളോ ഇനിയും പുറത്തു വന്നിട്ടില്ല. ജനുവരി 29 വരെയായിരുന്നു ചാനലിന്റെ ലൈസന്‍സ് കാലാവധി. തുടര്‍ന്ന് ലൈസന്‍സ് പുതുക്കാന്‍ ചാനല്‍ നല്‍കിയ അപേക്ഷ മന്ത്രാലയം നിരസിക്കുകയായിരുന്നു. ചാനലിനെതിരായ കേന്ദ്ര നടപടി പിന്നീട് കേരള ഹൈക്കോടതി ശരിവെച്ചു. ദേശസുരക്ഷയെയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും ബാധിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി പുതുക്കാത്തതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നതെന്ന നിരീക്ഷണവും നടത്തി കോടതി. 2020 ആദ്യത്തില്‍ പൗരത്വ വിരുദ്ധ സമരത്തിനെതിരെ നടന്ന ഡല്‍ഹി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലും വിലക്ക് നേരിട്ടിരുന്നു.

ദേശസുരക്ഷയെ ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ അവ കര്‍ശന പരിശോധനക്കു വിധേയമാക്കണം. നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എന്നാല്‍ അത്തരമൊരു നടപടിയിലേക്ക് നീങ്ങും മുമ്പ് ഏതൊക്കെയാണ് ദേശസുരക്ഷയെ അപകടത്തിലാക്കുന്ന വാര്‍ത്തകളെന്ന് ചാനല്‍ ഉടമകളെയും പൊതുസമൂഹത്തെയും അറിയിക്കേണ്ടതില്ലേ? അഭിപ്രായ വൈവിധ്യങ്ങള്‍ക്ക് അനുവാദം നല്‍കുന്ന ഭരണഘടന അനുഛേദം 19ന്റെ ലംഘനമുണ്ടാകുന്നില്ല ഇത്തരം നടപടികളിലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും കോടതികളുടെയും ബാധ്യതയാണ്. സത്യം അറിയാനുള്ള വായനക്കാരന്റെ അവകാശം കൂടി ഉള്‍ച്ചേര്‍ന്നതാണ് പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് അകാരണമായും ഏകപക്ഷീയമായും തടസ്സപ്പെടുത്തുന്ന നടപടികളുണ്ടാകരുത്.

ഭരണകൂടങ്ങളോടും ഭരണകൂട നിലപാടുകളോടും സ്വീകരിക്കുന്ന സമീപനങ്ങളെ മാനദണ്ഡമാക്കി മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഒരു സമീപനമാണ് ഇന്ന് പൊതുവെ കണ്ടു വരുന്നത്. ഭരണകൂടത്തെ അന്ധമായി അനുകൂലിക്കുന്നവര്‍ക്ക് അനിയന്ത്രിതമായി പ്രവര്‍ത്തിക്കാനും വിദ്വേഷജനകമായ വാര്‍ത്തകളും വിശകലനങ്ങളും പോലും നല്‍കാനും അനുമതി നല്‍കുമ്പോള്‍, ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വംസനങ്ങളെയും ജനവിരുദ്ധ നയങ്ങളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയും സര്‍ക്കാറിന്റെ വരുതിയിലാക്കാനുള്ള ശ്രമം നടക്കുകയും ചെയ്യുന്നു. ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കും ഈ പ്രവണത. വേള്‍ഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡക്സില്‍ 180ല്‍ 142ാം സ്ഥാനത്താണ് ഇന്ത്യയെന്ന കാര്യം പ്രസ്താവ്യമാണ്.

അതേസമയം മാധ്യമ സ്വാതന്ത്ര്യമെന്നത് നിരുപാധികമല്ലെന്ന കാര്യം മാധ്യമങ്ങളും പ്രവര്‍ത്തകരും വിസ്മരിക്കുകയും അരുത്. ഉത്തരവാദിത്വപൂര്‍ണമാകുന്നതോടൊപ്പം സാമൂഹിക പ്രവര്‍ത്തനം കൂടിയാണ് മാധ്യമ പ്രവര്‍ത്തനം. വിപണന തന്ത്രമെന്ന നിലയില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തുകയോ വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുകയോ അരുത്. ഭരണകൂടങ്ങളെ അന്ധമായി വിമര്‍ശിക്കുന്നതും തങ്ങളുള്‍ക്കൊള്ളുന്ന ആശയങ്ങള്‍ക്കപ്പുറത്തുള്ളവരെ അകാരണമായി കടന്നാക്രമിക്കുന്നതും പത്രധര്‍മത്തിനും മാധ്യമ സദാചാരത്തിനും നിരക്കുന്നതല്ല. എല്ലാത്തിലും വേണം മിതത്വവും സത്യസന്ധതയും. നയങ്ങളെ കൃത്യമായി പരിശോധിച്ച് വിമര്‍ശനാത്മകവും യുക്തിസഹവുമായ വിലയിരുത്തലുകളാണ് ഉണ്ടാകേണ്ടത്. കര്‍ത്തവ്യ നിര്‍വഹണത്തില്‍ സത്യസന്ധതയും പ്രതിബദ്ധതയും നിലനിര്‍ത്തി മുന്നോട്ടു പോകുമ്പോഴാണ് ജനാധിപത്യ ക്രമത്തിന് മാധ്യമങ്ങള്‍ മുതല്‍ക്കൂട്ടാകുന്നതും നാലാം തൂണായി മാറുന്നതും.

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അക്രഡിറ്റേഷനുള്ള പുതിയ നിയന്ത്രണങ്ങളും ആശങ്കാജനകമാണ്. മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ് പുതിയ അക്രഡിറ്റേഷന്‍ നയത്തിലെ വ്യവസ്ഥകള്‍. ‘രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, പൊതുക്രമം, മര്യാദ അല്ലെങ്കില്‍ ധാര്‍മികത, കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ കുറ്റകൃത്യത്തിന് പ്രേരണ’ ഇവയില്‍ ഏതെങ്കിലും ഒരു കുറ്റം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ ആരോപിച്ചാല്‍ അവരുടെ അംഗീകാരം നഷ്ടപ്പെടുമെന്നാണ് പുതിയ നയത്തില്‍ പറയുന്നത്. പത്രപ്രവര്‍ത്തകന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചു പൂട്ടുകയോ സ്ഥാപനത്തില്‍ നിന്ന് പുറത്തുപോകുകയോ ചെയ്താലും അക്രഡിറ്റേഷന്‍ റദ്ദാക്കാമെന്നും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. അംഗീകാരം ദുരുപയോഗം ചെയ്താല്‍ താത്കാലികമായി നിര്‍ത്തിവെക്കുകയോ പിന്‍വലിക്കുകയോ ചെയ്യാനുള്ള അധികാരം മാത്രമായിരുന്നു 2013ലെ അവസാനത്തില്‍ പരിഷ്‌കരിച്ച അക്രഡിറ്റേഷന്‍ നയത്തില്‍ ഭരണകൂടത്തിനുണ്ടായിരുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വെട്ടിച്ചുരുക്കുന്നതിന്റെയും മാധ്യമ പ്രവര്‍ത്തനം ഏക സിവില്‍ കോഡ് രീതിയിലേക്ക് മാറ്റപ്പെടുന്നതിന്റെയും ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ തുറന്നുപറയുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും രാജ്യത്ത് അവശേഷിക്കണമെങ്കില്‍ മാധ്യമ മേഖലക്കൊപ്പം പൊതുസമൂഹവും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്.

 



source https://www.sirajlive.com/the-loopholes-are-tightening-over-the-media.html

Post a Comment

Previous Post Next Post