മുസാഫർ നഗർ | കർഷക, ജാട്ട്, മുസ്‌ലിം വോട്ടുകൾ നിർണായകമാകുന്ന പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് നിലവിൽ മന്ദഗതിയിലാണ്. കൊടുംതണുപ്പ് അടക്കമുള്ള ഘടകങ്ങളാണ് കാരണം. അതേസമയം, ജനാധിപത്യത്തിന്റെ ഈ ഹോളി ഉത്സവത്തില്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടര്‍മാര്‍ ആവേശപൂര്‍വം പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വോട്ട് ആദ്യം, തുടര്‍ന്ന് ആഘോഷമെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
11 ജില്ലകളിലെ 58 മണ്ഡലങ്ങളിലെ വോട്ടർമാരാണ് വിധി എഴുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ജാട്ട് വോട്ടുകൾ സമാജ്‌വാദി പാർട്ടി- ആർ എൽ ഡി സഖ്യത്തിലേക്ക് ഒഴുകുമെന്നാണ് സൂചന. ജാട്ട് സമുദായങ്ങൾക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് മിക്ക മണ്ഡലങ്ങളും. 2017ൽ 58ൽ 53 സീറ്റുകളാണ് പടിഞ്ഞാറൻ യു പിയിൽ ബി ജെ പി നേടിയത്. എസ് പിക്കും ബി എസ് പിക്കും രണ്ട് വീതം സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റ് ആർ എൽ ഡിയും നേടി. 2013ലെ മുസാഫർ നഗർ കലാപമാണ് ജാട്ട്- മുസ്‌ലിം ഐക്യത്തെ തകർത്തതും തൊട്ടടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു പിയിൽ ബി ജെ പി ആധിപത്യമുറപ്പിച്ചതും.
എന്നാൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷക പ്രക്ഷോഭത്തിന്റെ അലയൊലികൾ കെട്ടടങ്ങാത്ത പശ്ചാത്തലത്തിൽ ബി ജെ പിയോട് ഇടഞ്ഞു നിൽക്കുന്ന ജാട്ട് സമുദായങ്ങളുടെ വോട്ട് തങ്ങളെ പിന്തുണക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അഖിലേഷ് യാദവും ജയന്ത് ചൗധരിയും. കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ കിസാൻ മഹാ പഞ്ചായത്തുകൾ കൂടി നടന്ന മേഖലകളിൽ കൂടിയാണ് ഇന്നത്തെ വിധിയെഴുത്ത്. കർഷക പ്രക്ഷോഭത്തിലേക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ചു കയറ്റിയ ലഖിംപൂർ ഖേരിയിലെ ജനങ്ങളും ഇന്ന് വോട്ട് ചെയ്യും.
ബി ജെ പി സ്ഥാനാർഥികളിൽ 17 പേർ ജാട്ട് സമുദായാംഗങ്ങളാണ്. എസ് പി- ആർ എൽ ഡി സഖ്യം 18 സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. ആർ എൽ ഡി 12ഉം എസ് പി ആറും ജാട്ട് സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്. ജാട്ട് സമുദായത്തിനിടയിൽ വ്യക്തമായ ആധിപത്യമുള്ള നേതാവാണ് ആർ എൽ ഡിയുടെ ജയന്ത് ചൗധരി.
ബി ജെ പി, എസ് പിയുടെ മഴവിൽ സഖ്യം, കോൺഗ്രസ്സ്, ബി എസ് പി, അസദുദ്ദീൻ ഉവൈസിയുടെ എം ഐ എം എം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.
വോട്ട് ശതമാനം
കഴിഞ്ഞ വർഷം ഈ മേഖലയിൽ 47 ശതമാനം വോട്ടുകളാണ് ബി ജെ പി നേടിയത്. നഗരമേഖലയിലെ ഭൂരിപക്ഷം വോട്ടർമാർ ഇത്തവണയും ബി ജെ പി അനുകൂല സമീപനമാണ് കാണിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഭിന്നതയും നഗരത്തിൽ ബി ജെ പിക്ക് മുതൽകൂട്ടാണ്. ആഗ്ര അടക്കമുള്ളവ ദളിത് ഭൂരിപക്ഷ മേഖലയാണ്. 20 സീറ്റുകളിൽ ബി എസ് പിക്ക് ശക്തമായ വോട്ട് ബേങ്കുണ്ട്. ഈ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയത് ബി എസ് പിയാണ്. കോൺഗ്രസ്സിനേക്കാൾ മികച്ച പ്രകടനം സമാജ്‌വാദി പാർട്ടിയും നടത്തി. എന്നാൽ കോൺഗ്രസ്സിനും എസ് പിക്കും ലഭിച്ച വോട്ട് ശതമാനം (26) തുല്യമായിരുന്നു.
വിധിയെഴുതുന്ന ജില്ലകൾ
ബാഗ്പത്
ഗാസിയാബാദ്
ബുലന്ദ് ശഹർ
അലിഗഢ്
മഥുര,
ആഗ്ര
ഷാംലി
ഹാപൂർ
ഗൗതം ബുദ്ധ നഗർ
മുസാഫർ നഗർ
മീററ്റ്
source https://www.sirajlive.com/voting-begins-in-western-up.html
Post a Comment