ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം വീണ്ടും ദേശീയ തലത്തില്‍ ചൂടുപിടിച്ച ചര്‍ച്ചക്കു വിധേയമാകുകയാണ്. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഉടനെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെയാണ് ഡി എം കെ സര്‍ക്കാറിന്റെ ഈ നീക്കം. മമതാ ബാനര്‍ജി ഫോണ്‍വഴി ഇത്തരമൊരു യോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നതായും സംസ്ഥാന സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ ഡി എം കെയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് മമതക്ക് ഉറപ്പ് താന്‍ നല്‍കിയതായും സ്റ്റാലിന്‍ ട്വീറ്റിലൂടെ വെളിപ്പെടുത്തി.
മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ(നീറ്റ്)യില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതും ബംഗാളില്‍ നിയമസഭാ സമ്മേളനം നിര്‍ത്തിവെപ്പിച്ച ഗവര്‍ണറുടെ നടപടിയുമാണ് ഈ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍വിരുദ്ധ നീക്കത്തിനു പിന്നില്‍. ഭരണഘടനയുടെ 174ാം വകുപ്പ് പ്രകാരമാണ് ബജറ്റ് സമ്മേളനത്തെ തുടര്‍ന്നുള്ള നടപടികള്‍ നടക്കുന്നതിനിടെ ഫെബ്രുവരി 12 മുതല്‍ സഭ നിര്‍ത്തിവെക്കുന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പത്രക്കുറിപ്പ് വിജ്ഞാപനം ഇറക്കിയത്. നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഈ അസാധാരണ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് ബംഗാള്‍ പാര്‍ലിമെന്റ് വകുപ്പ് മന്ത്രി പാര്‍ഥ ചാറ്റര്‍ജി നേരത്തേ അറിയിച്ചിരുന്നു. ഗവര്‍ണറെ നീക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ എം പി സുകേന്ദു ശേഖര്‍ റായ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രമേയം നല്‍കുകയും ചെയ്തു. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാറിന്റെ ശിപാര്‍ശ പ്രകാരമാണ് നിയമസഭ നിര്‍ത്തിവെച്ചതെന്നാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറയുന്നത്.
എ ഐ എ ഡി എം കെ, പി എം കെ തുടങ്ങി, ബി ജെ പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളുടെയെല്ലാം പിന്തുണയോടെയാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ബില്‍ തമിഴ്നാട് നിയമസഭ പാസ്സാക്കിയത്. രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നു, ഏകീകൃത പരീക്ഷകള്‍ക്ക് പകരം പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കണം മെഡിക്കല്‍ പ്രവേശനം നടത്തേണ്ടത് എന്നാണ് തമിഴ്നാടിന്റെ വാദം. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അംഗീകരിച്ച ബില്ലാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി തിരിച്ചയച്ചത്. എന്നാല്‍ ഫെബ്രുവരി ഒമ്പതിന് തമിഴ്നാട് നിയമസഭ വീണ്ടും ഈ ബില്‍ അവതരിപ്പിച്ച് പാസ്സാക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ സംസ്ഥാനത്തിന് ഒരു ഗവര്‍ണറെ ആവശ്യമുണ്ടോയെന്ന ചോദ്യവുമായി രംഗത്തു വന്നതും ഗവര്‍ണര്‍മാരെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനത്തിലെത്തിയതും.
എന്തിനൊരു ഗവര്‍ണര്‍ എന്ന സ്റ്റാലിന്റെ ചോദ്യം രാജ്യത്ത് മുമ്പും പലപ്പോഴും ഉയര്‍ന്നതാണ്. കോണ്‍ഗ്രസ്സ് ഭരിച്ചപ്പോള്‍ ബി ജെ പി ഉള്‍പ്പെടെയുള്ളവരും ബി ജെ പി ഭരിക്കുമ്പോള്‍ ഇതര കക്ഷികളും ഈ ചോദ്യം ഉന്നയിക്കുന്നു. ഭരണഘടന തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ ഈ ചോദ്യം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനയില്‍ മറ്റു ധാരാളം മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ, കേന്ദ്രത്തിന്റെ ഒരു പ്രതിനിധിയെ സംസ്ഥാനത്ത് നിയമക്കുന്നത് അനാവശ്യമാണെന്ന വാദം അന്ന് പലരും ഉന്നയിച്ചു. എങ്കിലും ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ഭരണരീതി പിന്തുടരാനാണ് ഭൂരിപക്ഷം പേരും ആഗ്രഹിച്ചത്. അങ്ങനെയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു ഗവര്‍ണര്‍ വേണമെന്ന നിര്‍ദേശം ഭരണഘടനയില്‍ വന്നത്. ബ്രിട്ടീഷ് കോളനി കാലത്തെന്നപോലെ കേന്ദ്ര ഭരണകൂടത്തിന്റെ ദല്ലാള്‍മാരാണ് സംസ്ഥാനങ്ങളുടെ ഭരണത്തലവന്മാര്‍ എന്ന പേരില്‍ നിയോഗിക്കപ്പെടുന്ന ഈ വിഭാഗം. സര്‍ക്കാറിയ കമ്മീഷനും എം എം പഞ്ചി കമ്മീഷനും ശിപാര്‍ശ ചെയ്തത് രാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്നാണ്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിഷ്പക്ഷമതികളായ ഉന്നത വ്യക്തികളായിരിക്കണം ഗവര്‍ണര്‍മാര്‍ എന്നും അവര്‍ ശിപാര്‍ശ ചെയ്തിരുന്നു. നിലവില്‍ കേന്ദ്ര ഭരണത്തോടുള്ള വിധേയത്വമാണ് ഗവര്‍ണര്‍ നിയമനത്തിനുള്ള മുഖ്യമാനദണ്ഡം. വിധേയത്വം പ്രകടിപ്പിക്കാത്തവരെ കേന്ദ്രം തത്്സ്ഥാനത്ത് നിന്ന് തെറിപ്പിക്കുകയും ചെയ്യും. കേന്ദ്രത്തില്‍ ഭരണം മാറുമ്പോള്‍ രാജ്ഭവനുകളും കേന്ദ്ര സര്‍ക്കാറും തമ്മില്‍ വടംവലിയുണ്ടാകുന്നതിന്റെ പശ്ചാത്തലമിതാണ്. പ്രതിപക്ഷ ഭരണത്തിലിരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിച്ച് കേന്ദ്ര ഭരണകക്ഷിയെ അധികാരത്തിലേറ്റാന്‍ സഹായിക്കുക, സംസ്ഥാന സര്‍ക്കാറിനെതിരെ ഡല്‍ഹിയിലേക്ക് റിപോര്‍ട്ടുകള്‍ അയക്കുക, നിയമസഭ അംഗീകരിച്ച ബില്ലുകള്‍ തടഞ്ഞു വെക്കുക, ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്ത് സര്‍വകലാശാലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുക തുടങ്ങിയവയാണ് നിലവില്‍ ഇവരുടെ കൃത്യനിര്‍വഹണം. ഗവര്‍ണര്‍മാരുടെ ഇത്തരം അധികാരദുര്‍വിനിയോഗമാണ് ഗവര്‍ണര്‍ പദവിയുടെ ആവശ്യകതയെക്കുറിച്ച് ഇടക്കിടെ ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ കാരണം.
ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂനിയന്‍ ആയാണ് ഭരണഘടനയുടെ ഒന്നാം അനുഛേദം നിര്‍വചിക്കുന്നത്. യൂനിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം രാജ്യത്തിന്റെ കെട്ടുറപ്പിന് ആവശ്യമാണ്. ഇത് തുല്യതയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ബന്ധമായിരിക്കണം. അതാണ് ഫെഡറലിസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇത്തരമൊരു നല്ല ബന്ധം നിലനിര്‍ത്തുകയാണ് ഗവര്‍ണര്‍മാരുടെ ബാധ്യത. അതിനു പകരം കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും തമ്മിലടിപ്പിക്കുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്യുന്നതെങ്കില്‍ അത്തരമൊരു പദവിയുടെ ആവശ്യകത വിശദമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതു തന്നെയാണ്.
source https://www.sirajlive.com/are-you-ready-to-fight-for-the-governorship.html
إرسال تعليق