അക്രഡിറ്റേഷനിലും കേന്ദ്രം അള്ള് വെക്കുന്നു

മാധ്യമങ്ങള്‍ നമ്മുടെ ഭരണഘടനയിലെ നെടും തൂണുകളില്‍ ഒന്നാണ്. പത്രമാധ്യമങ്ങള്‍ക്ക് ഭരണ നിര്‍വഹണ വിഭാഗം, നിയമ നിര്‍മാണ സഭ, ജുഡീഷ്യറി എന്നിവയോടൊപ്പമാണ് സ്ഥാനം. മാധ്യമങ്ങളെ ഭരണഘടനയുടെ ഫോര്‍ത്ത് എസ്റ്റേറ്റായാണ് കണക്കാക്കുന്നത്. എക്സിക്യൂട്ടീവിനും ലജിസ്ലേച്ചറിനും ജുഡീഷ്യറിക്കുമുള്ള സ്ഥാനം തന്നെയാണ് പ്രസ്സിനും ഉള്ളത്. ആധുനിക യുഗത്തില്‍ മാധ്യമങ്ങളെ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാന്‍ അസാധ്യവുമാണ്. ഭരണഘടനയുടെ നാല് നെടും തൂണുകളില്‍ ഒന്നായ മാധ്യമങ്ങള്‍ക്കെതിരായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ഹീനമായ നീക്കങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല.

മനുഷ്യ സ്വാതന്ത്ര്യവും രാഷ്ട്രവും തമ്മിലുള്ള സംഘര്‍ഷത്തിന് മാനവ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധി നിര്‍ണയിക്കാനുള്ള പൂര്‍ണാധികാരം രാഷ്ട്രത്തില്‍ നിക്ഷിപ്തമായാല്‍ മര്‍ദന ഭരണമായിരിക്കും ഫലമെന്ന് ചില തത്വ ചിന്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പത്ര സ്വാതന്ത്ര്യം മൗലികാവകാശമായി ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. മൗലികാവകാശങ്ങളില്‍ വെച്ച് ഏറ്റവും മൗലികമായിട്ടുള്ളത് വ്യക്തി സ്വാതന്ത്ര്യമാണ്. നമ്മുടെ ഭരണഘടനയില്‍ 19ാം വകുപ്പ് മുതല്‍ 22ാം വകുപ്പ് വരെ ഈ മൗലികാവകാശത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടത് 19ാം വകുപ്പാണ്. പ്രസംഗത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം, അസ്സോസിയേഷനുകളും സംഘടനകളും രൂപവത്കരിക്കുന്നതിനുള്ള അവകാശം എന്നിവയെല്ലാം ഈ വകുപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്രസ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഒരു പ്രത്യേക പരാമര്‍ശം ഭരണഘടനയില്‍ വിട്ട് കളഞ്ഞതിലും പ്രസംഗ സ്വാതന്ത്ര്യത്തോടൊപ്പം അതിന് ഉറപ്പ് നല്‍കാതിരുന്നതിലും നിയമനിര്‍മാണ സഭയിലും പുറത്തും ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രത്യേക അവകാശം എന്ന നിലക്ക് സ്വതന്ത്ര പത്രപ്രവര്‍ത്തനം ഭരണഘടനയില്‍ പ്രത്യേകമായി തന്നെ ഉണ്ടായിരിക്കണമെന്ന വാദക്കാര്‍ നേരത്തേ തന്നെ ഉണ്ട്. 19ാം വകുപ്പ് (1)(എ)യില്‍ പ്രസംഗം എന്ന വാക്കോട് കൂടി പ്രയോഗിച്ചിട്ടുള്ള അഭിപ്രായപ്രകടനം എന്ന പദം പത്രങ്ങളെ കൂടി ഉള്‍ക്കൊള്ളിക്കത്തക്കവണ്ണം വിപുലമാണ്. ഭരണഘടനയില്‍ പത്രങ്ങളെ സംബന്ധിച്ച പ്രത്യേക പരാമര്‍ശത്തിന്റെ അഭാവം, രമേഷ് താപ്പരുടെ കേസില്‍ പത്രസ്വാതന്ത്ര്യ സംരക്ഷണത്തിന് സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചപ്പോള്‍ യാതൊരു പ്രതിസന്ധിയും ഉണ്ടാക്കിയില്ല. പത്ര സ്വാതന്ത്ര്യം പ്രസംഗത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് പരമോന്നത കോടതി വ്യക്തമാക്കി.

സുരക്ഷാ കാരണം പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഏത് മാധ്യമ പ്രവര്‍ത്തകനെയും സ്ഥാപനത്തെയും വിലക്കാനുള്ള ഉപാധികളുമായി മാധ്യമ അക്രഡിറ്റേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നു. കോടതിയലക്ഷ്യമോ, അപകീര്‍ത്തി, പ്രേരണാകുറ്റം എന്നിവയോ ആരോപിക്കപ്പെട്ടാല്‍ അക്രഡിറ്റേഷന്‍ നിഷേധിക്കപ്പെടും. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത, പൊതുക്രമം, ധാര്‍മികത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനും സ്ഥാപനങ്ങളുടെ അംഗീകാരവും റദ്ദാക്കാമെന്നാണ് വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കൂടിയത് അഞ്ച് വര്‍ഷമോ കുറഞ്ഞത് രണ്ട് വര്‍ഷത്തില്‍ താഴെയോ അക്രഡിറ്റേഷന്‍ റദ്ദാക്കും.

നിലവിലുള്ള ഭരണ സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങളിലൂടെ ഏത് മാധ്യമ പ്രവര്‍ത്തകനെയും വിലക്കാനുള്ള സ്ഥിതിയാണ് സൃഷ്ടിക്കപ്പെടുക. കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സികളും ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും കെട്ടിച്ചമക്കുന്ന ഏത് കാരണവും അക്രഡിറ്റേഷന്‍ വിലക്കുന്നതിന് വഴിയൊരുക്കും. മണിപ്പൂരില്‍ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകരും കശ്മീരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തങ്ങളുടെ വാര്‍ത്തകളുടെ പേരില്‍ ദേശദ്രോഹികളെന്ന് മുദ്രകുത്തപ്പെട്ടവരാണ്. ഇതിന് സമാനമായ നിരവധി സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍, സമൂഹ മാധ്യമ പ്രൊഫൈലുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, ലെറ്റര്‍ ഹെഡുകള്‍, മറ്റ് ഫോമുകള്‍, പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ തുടങ്ങിയവയില്‍ ഇന്ത്യന്‍ സര്‍ക്കാറിന് അംഗീകൃതം എന്ന വാക്കുകള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
സെന്‍ട്രല്‍ മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റിയായിരിക്കും മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദ് ചെയ്യുന്നതില്‍ തീരുമാനമെടുക്കുക. പി ഐ ബി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന 25 പേരും ഇതില്‍ അംഗങ്ങളായിരിക്കും. രണ്ട് വര്‍ഷമാണ് ഇതിന്റെ കാലാവധി. അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സി എം എ സി ഉപകമ്മിറ്റിയാകും അക്രഡിറ്റേഷന്‍ കേസുകളില്‍ തീരുമാനമെടുക്കുക. ഉപകമ്മിറ്റിയുടെ ചുമതലയും പി ഐ ബി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനായിരിക്കുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ മന്ത്രാലയങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരുണ്ട്. ഡിജിറ്റല്‍ ന്യൂസ് മീഡിയയിലും ഒ ടി ടി പ്ലാറ്റ്ഫോമിലും പ്രചരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കുന്നതിനും വേണ്ടിയാണ് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രതിരോധം, രാജ്യസുരക്ഷ, ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടല്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തുക. 2000ലെ ഐ ടി ആക്ടിലെ 69 എ പ്രകാരമാണ് ഇത്തരം വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുക.

നീതീകരണമില്ലാത്ത പുതിയ മാധ്യമ വിലക്കിന് എതിരായി ഇതിനകം തന്നെ വിവിധ മാധ്യമ വിദഗ്ധരും സംഘടനകളുമെല്ലാം രംഗത്തു വന്നിട്ടുണ്ട്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തടയുന്നതാണ് ഈ നിര്‍ദേശങ്ങളെന്ന് ദേശീയ മാധ്യമ കൂട്ടായ്മയും ഡല്‍ഹി പത്രപ്രവര്‍ത്തക യൂനിയനും ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി തീരുമാനമെടുക്കാവുന്ന അവസ്ഥയാണ് പരിഷ്‌കരിച്ച അക്രഡിറ്റേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മൂലമുണ്ടാകുന്നതെന്നും ഈ സംഘടനകള്‍ ആരോപിച്ചിട്ടുണ്ട്. ഭരണഘടനയിലെ, യോഗം ചേരുന്നതിനുള്ള അവകാശത്തിനും അസ്സോസിയേഷനുകളും സംഘടനകളും രൂപവത്കരിക്കാനുള്ള അവകാശത്തിനും സമമായിട്ടുള്ളതാണ് പത്രസ്വാതന്ത്ര്യം. ഇത് രാജ്യത്തെ പരമോന്നത കോടതി പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്.

രാജ്യത്തെ ജനങ്ങളുടെ മൗലികമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരേയാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. പരിഷ്‌കരിച്ച അക്രഡിറ്റേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യക്തമായി പത്രസ്വാതന്ത്ര്യത്തിന് നേരേയുള്ള നീതീകരണമില്ലാത്ത കടന്നുകയറ്റം തന്നെയാണ്. സര്‍ക്കാറിന് അനിഷ്ടകരമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഞെക്കിക്കൊല്ലാനുള്ള ഈ ഹീനമായ നടപടിക്കെതിരായി ശക്തമായ ജനരോഷം നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവരല്‍ അനിവാര്യമായിരിക്കുന്നു.

 

 



source https://www.sirajlive.com/the-center-is-also-involved-in-accreditation.html

Post a Comment

أحدث أقدم