ഈ വീതംവെപ്പില്‍ ജനത്തിനെന്തുണ്ട്?

സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ധനബില്ല് അവതരിപ്പിച്ച് പാര്‍ലിമെന്റിന്റെ അംഗീകാരം വാങ്ങുക, ഇല്ലെങ്കില്‍ ധനബില്ല് അവതരിപ്പിച്ച് അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ചെലവ് ചെയ്യാന്‍ അനുവാദം വാങ്ങുന്ന ധനാഭ്യര്‍ഥന പാസ്സാക്കുക എന്നതൊരു ഭരണഘടനാ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുക എന്നതിനപ്പുറം ബജറ്റിന് വലിയ പ്രസക്തിയില്ലാതായിട്ടുണ്ട്. നയവും നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ ബജറ്റിന് പുറത്ത് പ്രഖ്യാപിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ ഊര്‍ജിതമാക്കിയ ശേഷം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരംഭിച്ച ഈ രീതി, കൂടുതല്‍ തീവ്രമായി നടപ്പാക്കുകയാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ ചെയ്തത്. നിര്‍മലാ സീതാരാമന്‍ ധനമന്ത്രിയായ ശേഷം അവതരിപ്പിച്ച ബജറ്റുകളിലും ഇതേ രീതി പിന്തുടരുന്നു. എങ്കിലും ഓരോ മന്ത്രാലയത്തിനും ബജറ്റ് വിഹിതമായി അനുവദിക്കുന്ന തുകയും അതില്‍ കടന്നുപോകുന്ന വര്‍ഷത്തെ അപേക്ഷിച്ച് വരുത്തിയിരിക്കുന്ന വര്‍ധനയും ജനത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പറയുന്ന പതിവുണ്ടായിരുന്നു. ഇക്കുറി അതും ധനമന്ത്രി ഉപേക്ഷിച്ചു. വലിയ വര്‍ധനയൊന്നും വിഹിതത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് ബജറ്റ് രേഖകളിലൂടെ ഓടിച്ച് കണ്ണോടിക്കുമ്പോള്‍ മനസ്സിലാകുന്നത്. അതുകൊണ്ട് കൂടിയാകും, അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ താരതമ്യത്തിലൂടെ മേനി പറയേണ്ടെന്ന് ധനമന്ത്രി തീരുമാനിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊവിഡ് വ്യാപനത്തിന്റെയും അതിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടേതുമായിരുന്നു. അത് ഏറിയും കുറഞ്ഞും തുടരുന്നുമുണ്ട്. ഇക്കാലത്ത് രാജ്യത്തെ ആരോഗ്യ മേഖലയുടെ ദയനീയ സ്ഥിതി ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ജനം അനുഭവിച്ചു. ആശുപത്രികളില്ലാത്ത പ്രദേശങ്ങള്‍, ഉള്ള ആശുപത്രിയില്‍ കിടക്കകളില്ലാത്ത സ്ഥിതി, കിടക്കകളുള്ള ആശുപത്രികളില്‍ തന്നെ ഓക്സിജന്‍ വിതരണമില്ലാത്ത അവസ്ഥ ഒക്കെ. അത് കണ്ടതിന്റെ പ്രതിഫലനം ബജറ്റിലുണ്ടാകുമെന്ന് കരുതിയവര്‍, ആരോഗ്യ മേഖലയിലെ ഉയര്‍ന്ന മൂലധന നിക്ഷേപം പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് രാജ്യത്തെ ചെറുകിട – ഇടത്തരം വ്യവസായ മേഖലയായിരുന്നു. പലതും പൂട്ടിപ്പോയി. പൂട്ടാതെ പിടിച്ചുനിന്നവ കരകയറാന്‍ പാടുപെടുമ്പോഴാണ് കൊവിഡ് വ്യാപനമുണ്ടായത്. ഇതോടെ ഈ മേഖലയില്‍ നിന്ന് മാത്രം പുറന്തള്ളപ്പെട്ട തൊഴിലാളികള്‍ ലക്ഷക്കണക്കിനാണ്. ഈ മേഖലയെ ശക്തിപ്പെടുത്താതെ, നിലവില്‍ ഉയര്‍ന്നു നില്‍ക്കുന്ന തൊഴിലില്ലായ്മാ നിരക്ക് പിടിച്ചുനിര്‍ത്താനാകില്ല. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജുകള്‍ (മിക്കവാറും വായ്പകളോ, വായ്പയിലെ ഇളവുകളോ) തുടരുക എന്നതില്‍ ഒതുങ്ങി ബജറ്റ്. ഗ്രാമീണ മേഖലയിലും അസംഘടിത മേഖലയിലുമുണ്ടായ തൊഴില്‍ നഷ്ടങ്ങളും കുറവല്ല. ഈ മേഖലകളിലേക്ക് പണമൊഴുകുന്ന വഴികള്‍ ശക്തിപ്പെടുത്തി, ഉണര്‍വുണ്ടാക്കാനുള്ള നിര്‍ദേശവും ബജറ്റിലില്ല.

നടപ്പ് സാമ്പത്തിക വര്‍ഷം 3.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചയില്‍ (വളര്‍ച്ചാ നിരക്ക് 9.2 ശതമാനമാകുമെന്നാണ് അവകാശവാദം) ഊര്‍ജമേകുമെന്ന് സാമ്പത്തിക സര്‍വേ തന്നെ പറയുന്ന കാര്‍ഷിക മേഖലക്കും കാര്യമായ വിഹിതമില്ല. നടപ്പ് സാമ്പത്തിക വര്‍ഷം, ഗോതമ്പിന്റെയും നെല്ലിന്റെയും താങ്ങുവിലയായി 2.37 ലക്ഷം കോടി വിതരണം ചെയ്യുമെന്നത് മാത്രമാണ് കണക്കെടുത്താല്‍ വലുത്. കീടനാശിനി തളിക്കാന്‍ ഡ്രോണുകളും കാര്‍ഷിക സര്‍വകലാശാലയുടെ സിലബസ്സ് പരിഷ്‌കരണവും ഭക്ഷ്യ സംസ്‌കരണത്തില്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയും മാത്രം. ഒരു വര്‍ഷം നീണ്ട സമരത്തിലൂടെ കേന്ദ്ര സര്‍ക്കാറിനെ തോല്‍പ്പിച്ച കര്‍ഷകരെ ഇതിലപ്പുറം പരിഗണിക്കേണ്ടതുണ്ടോ എന്ന് നരേന്ദ്ര മോദിയും സഹമന്ത്രിമാരും ചിന്തിച്ചുകാണണം.

ഇല്ലായ്മകളുടെ പട്ടിക മാത്രമേയുള്ളോ എന്നാണെങ്കില്‍, അല്ല. പ്രധാനമന്ത്രിയുടെ ക്രെഡിറ്റിലേക്ക് മറ്റൊരു പദ്ധതികൂടി ചേര്‍ത്തിട്ടുണ്ട് ധനമന്ത്രി. ഗതിശക്തി. റോഡ്, റെയില്‍, തുറമുഖം, ജലപാത എന്നിങ്ങനെ ഏഴ് ഇനങ്ങളിലെ പരസ്പര ബന്ധിതമായ വികസനമാണ് ലക്ഷ്യം. സംഗതി പേരില്‍ പുതുതാണ്. പക്ഷേ, നിലവിലുള്ള പദ്ധതികള്‍ സംയോജിപ്പിച്ചതോ നിലവില്‍ തന്നെ നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ (വിവിധ നഗരങ്ങളിലെ മെട്രോകളടക്കം) പേര് പറയാതെ പരാമര്‍ശിക്കുന്നതോ ഒക്കെയാണ് ഈ പുതിയ ഗതിശക്തി. 100 കാര്‍ഗോ ടെര്‍മിനലുകള്‍ (ബഹുവിധ ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച്) ഈ പദ്ധതിയുടെ ഭാഗമായുണ്ട്. വിവിധ ഗതാഗത സംവിധാനങ്ങളെ സംയോജിപ്പിക്കുന്ന ടെര്‍മിനലുകള്‍ നേരത്തേ തന്നെ വിഭാവനം ചെയ്യപ്പെട്ടതാണ്. അവയൊക്കെ പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതിയാക്കുന്നുവെന്നതൊഴിച്ചാല്‍ മറ്റൊന്നും ഇതിലില്ല. രണ്ട് വര്‍ഷം മുമ്പത്തെ ബജറ്റില്‍ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ഒരു ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഏതൊക്കെ ഗതിശക്തിയിലേക്ക് വരുമെന്ന് അറിയില്ല. 25,000 കിലോമീറ്റര്‍ ദേശീയ പാതാ വികസനം ഗതിശക്തിയിലുണ്ട്. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദേശീയ പാതാ വികസനം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ച ഈ പദ്ധതികള്‍ തന്നെയാകണം ഈ പുതിയ 25,000 കിലോമീറ്ററില്‍ വരിക.

മറ്റൊരു വലിയ പ്രഖ്യാപനം, ഏഴര ലക്ഷം കോടിയുടെ പൊതു നിക്ഷേപമാണ്. റോഡും റെയിലുമുള്‍പ്പെടെ പൊതു സ്വത്തുക്കള്‍ വിറ്റ് ആറ് ലക്ഷം കോടി സമാഹരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റും സ്വകാര്യവത്കരിച്ചും ഖജനാവിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നതും ലക്ഷക്കണക്കിന് കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോടി രൂപയാണ് ഈ ഇനത്തില്‍ ലക്ഷ്യമിട്ടത്. അത് സാധിക്കാത്ത സാഹചര്യത്തില്‍, അടുത്ത സാമ്പത്തിക വര്‍ഷം വിറ്റഴിക്കല്‍ വില്‍പ്പന പൊടിപൊടിക്കാനാണ് സാധ്യത. അങ്ങനെ വരുന്ന ലക്ഷങ്ങളില്‍ നിന്നാകണം ഈ ഏഴര ലക്ഷത്തിന്റെ നിക്ഷേപവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ച ഒരു ലക്ഷം കോടിയുടെ വായ്പയും.

ഇതിന് പുറമെ സംസ്ഥാനങ്ങളുടെ അധികാരത്തെ കൂടുതല്‍ ഇല്ലാതാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നതിന്റെ സൂചനകളും പ്രകടമാണ്. ഭൂമി സംബന്ധിച്ച രേഖകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കി അതിന് കേന്ദ്രീകൃത രജിസ്ട്രിയുണ്ടാക്കി, രാജ്യത്തെ രജിസ്ട്രേഷന്‍ നടപടികള്‍ ഏകീകരിക്കുമെന്ന പ്രഖ്യാപനം ഉദാഹരണമാണ്. ജി എസ് ടി നടപ്പാക്കിയ ശേഷം സംസ്ഥാനങ്ങള്‍ക്ക് തനത് വരുമാനമുണ്ടാക്കാനുള്ള പരിമിതമായ വിഭവങ്ങളിലൊന്ന് ഭൂമിയാണ്. അതില്‍ ഏകീകരണം ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കൂടുതല്‍ നിയന്ത്രിച്ച്, കേന്ദ്രത്തെ കൂടുതല്‍ ആശ്രയിക്കുന്നവയാക്കി മാറ്റുകയാണ് ലക്ഷ്യം. നദീ സംയോജനം സംബന്ധിച്ച അഞ്ച് നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപമായെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുവാദത്തോടെ മാത്രമേ നടപ്പാക്കൂ എന്ന് പറയുന്നുവെങ്കിലും സംയോജന പദ്ധതി, സംസ്ഥാന വിഭവങ്ങളില്‍ പ്രധാനമായ ജലത്തിന്‍മേല്‍ കേന്ദ്രാധികാരം സ്ഥാപിക്കാനുള്ള നീക്കമായി കാണേണ്ടിവരും.

ഫെഡറല്‍ ഭരണക്രമത്തെ പരമാവധി ദുര്‍ബലപ്പെടുത്തുക എന്ന ആര്‍ എസ് എസ് അജന്‍ഡയുടെ നടപ്പാക്കലിന്റെ മറ്റൊരു മുഖമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാകുമെന്ന് പലയിടങ്ങളില്‍ പരാമര്‍ശിക്കുന്നു. നിലവില്‍ പൊതു മേഖലയിലുള്ളവയുടെ വില്‍പ്പനയും സ്വകാര്യ മേഖലക്ക് കൂടുതല്‍ അവകാശാധികാരങ്ങളുള്ള പുതിയവയുടെ സൃഷ്ടിയുമാണ് ഓരോ ബജറ്റിലും കൂടുതല്‍ പ്രകടമാകുന്നത്. വ്യവസായം നടത്തല്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്വമല്ലെന്ന് പ്രധാനമന്ത്രി തന്നെ ആവര്‍ത്തിച്ച് രാജ്യത്തെ അറിയിച്ചതാണല്ലോ! ഒരു പകര്‍ച്ചവ്യാധി, ജനതയെ വലിയ പ്രതിസന്ധിയുടെ മുന്നില്‍ നിര്‍ത്തുമ്പോള്‍ അവയെ തീര്‍ത്തും അവഗണിച്ച് പോകുക എന്ന രീതിയാണ് ഈ ഭരണകൂടം എപ്പോഴും അവലംബിച്ചത്. അതീ ബജറ്റിലും തുടരുന്നു. സാമൂഹിക ക്ഷേമ പദ്ധതികളുടെ നടത്തിപ്പോ ജനതയുടെ ആരോഗ്യ സംരക്ഷണമോ സര്‍ക്കാറിന്റെ ഉത്തരവാദിത്വമല്ലെന്ന് അധികം വൈകാതെ പറയും. അവിടേക്കാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്.

 



source https://www.sirajlive.com/what-do-people-have-in-this-willow.html

Post a Comment

Previous Post Next Post