ഷാരൂഖ് ഖാന്റെ ദുആ, യു പിയിലെ ജാതിക്കാറ്റ്

അത്യന്തം മലീമസമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാമൂഹിക ചുറ്റുപാടില്‍ മരുഭൂമിയിലെ ഇളംതെന്നല്‍ പോലെയുള്ള അനുഭവം ചില സമയങ്ങളില്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രസിദ്ധ ഗായിക ലതാ മങ്കേഷ്‌കറുടെ ഭൗതിക ശരീരത്തിനടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മാനേജര്‍ പൂജയും ചേര്‍ന്ന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചിത്രമായിരുന്നു ഇന്ത്യയിലെ മതേതരവാദികള്‍ക്ക് കണ്ണിന് കുളിര്‍മയേകുന്ന വിരുന്നായി മാറിയത്. രണ്ട് പ്രാര്‍ഥനകള്‍, രണ്ട് രീതികള്‍, രണ്ട് ഭാവങ്ങളില്‍. മുസ്ലിം സമുദായാംഗമായ ഷാരൂഖ് ഖാനും ഹിന്ദു സമുദായാംഗമായ പൂജയും ഒരേ ഫ്രെയിമില്‍ പ്രാര്‍ഥിക്കുന്ന ചിത്രത്തില്‍ കൈകൂപ്പി നില്‍ക്കുന്ന പൂജയുടെ തൊട്ടടുത്തായി കൈകള്‍ വിടര്‍ത്തി ദുആ ചെയ്യുന്ന ഷാരൂഖിന്റെ ചിത്രം. മനുഷ്യനും അവന്റെ വേദനകള്‍ക്കും സ്വപ്നങ്ങള്‍ക്കും വിഷമങ്ങള്‍ക്കും ഒക്കെ ഒരേ ഭാവമാണെന്ന സന്ദേശമാണ് അവര്‍ ഇതിലൂടെ നല്‍കിയത്. എന്നാല്‍ ആ സുന്ദര ചിത്രത്തിനും അതുമായി ബന്ധപ്പെട്ട ചില പ്രവൃത്തികള്‍ക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നിറം പുരട്ടാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമങ്ങളുണ്ടായി. ഷാരൂഖ് തന്റെ മാസ്‌ക് മാറ്റി ശ്വാസമെടുത്തത് തുപ്പുന്നതായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഹരിയാനയിലെ ബി ജെ പിയുടെ ഐ ടി സെല്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുകയുണ്ടായി.

പ്രാര്‍ഥനകളും വിശ്വാസങ്ങളും എങ്ങനെ, ആരോട് വേണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഇന്ത്യയിലെ ഓരോ പൗരനും നല്‍കുന്നുണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യവും അതുതന്നെയാണ്. എണ്ണമില്ലാതെ നീളുന്ന ജാതി-മതവിശ്വാസങ്ങള്‍ ഓരോരുത്തരുടെയും മനസ്സുകളില്‍ തളിര്‍ക്കുമ്പോള്‍ അവയുടെ നാനാത്വത്തിന്റെ സൗന്ദര്യം പേറുന്നവരുടെ നാടാണ് ഇന്ത്യ. പക്ഷേ, ആ നാനാത്വത്തെ മതിലുകള്‍ കൊണ്ട് കൊട്ടിയടക്കുകയും വേര്‍തിരിക്കുകയും ചെയ്ത മനുഷ്യന്റെ അടങ്ങാത്ത മതഭ്രാന്തിനു മേല്‍ അക്ഷരാര്‍ഥത്തില്‍ തുപ്പുകയായിരുന്നു ആരുടെയോ മൊബൈല്‍ ഫോണില്‍ പതിഞ്ഞ ഈ ചിത്രം.

മനുഷ്യരുടെ മതവിശ്വാസങ്ങള്‍ക്കുമേല്‍ നാം ഇത്തരത്തില്‍ വ്യത്യസ്ത മുഖങ്ങള്‍ നല്‍കാന്‍ തുടങ്ങിയത് എന്ന് മുതലാണ്? അതില്‍ വിദ്വേഷത്തിന്റെ നിറം നല്‍കാന്‍ തുടങ്ങിയത് എന്ന് മുതലാണ്? ഓരോ പൗരന്റെയും സ്വാതന്ത്ര്യത്തിനുമേല്‍ നാം കടന്നുകയറാന്‍ തുടങ്ങിയത് എന്ന് മുതലാണ്? ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതല്‍ വിഭജനം നല്‍കിയ മുറിപ്പാടുകള്‍ ജനങ്ങളുടെ മനസ്സില്‍ ഇന്നും അവശേഷിക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം നമ്മുടെ ഭരണഘടന നല്‍കിയ വിശാലമായ ലോകം ആ മുറിവുകളെ ഉണക്കാന്‍ പോന്നതായിരുന്നു. അഭിപ്രായപ്രകടനത്തിനും സഞ്ചാരത്തിനും ഇഷ്ടമുള്ള ജാതി-മതങ്ങളില്‍ വിശ്വസിക്കുന്നതിനും എന്നു തുടങ്ങി ഭരണഘടന അനുവദിച്ചിരിക്കുന്ന വിവിധങ്ങളായ സ്വാതന്ത്ര്യത്തിന്റെ മധുരമാണ് നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
എന്നാല്‍ എപ്പോഴോ ആ മൂല്യങ്ങള്‍ നമ്മില്‍ നിന്ന് അകലാന്‍ തുടങ്ങി. എന്തിനും ഏതിനും മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാനും വ്രണപ്പെടുത്താനും തുടങ്ങി. ഭരണഘടന ഒരു വശത്ത് കൂടെയും അത് ഹനിക്കാന്‍ വെമ്പുന്നവര്‍ മറ്റൊരു വശത്ത് കൂടെയും സഞ്ചരിക്കാന്‍ തുടങ്ങിയതോടെ മനുഷ്യ മനസ്സുകളില്‍ വിദ്വേഷത്തിന്റെ നാമ്പുകള്‍ മൊട്ടിടാന്‍ തുടങ്ങി. കാണുന്നതും ചിന്തിക്കുന്നതും ഒക്കെ മതമേലാപ്പുകള്‍ അണിഞ്ഞുകൊണ്ടുള്ള ഒരൊറ്റ ദിശയില്‍ മാത്രമാകാന്‍ തുടങ്ങി. എന്നാല്‍ അതിനുമപ്പുറം ഓരോരുത്തരുടെയും വിശ്വാസങ്ങളെ അങ്ങേയറ്റം ബഹുമാനിക്കാനും സംരക്ഷിക്കാനും മാനസികവികാസം പ്രാപിച്ചവരും പ്രതീക്ഷയുടെ ഒരു തിരിനാളമായെങ്കിലും അതിനിടയില്‍ അവശേഷിച്ചിരുന്നു. അവരിലൂടെ ഇപ്പോഴും ഈ ലോകം അങ്ങനെ ശാന്തമായി ഒഴുകുകയാണ്. അവരുടെ ദൃഷ്ടാന്തമായി മാറുകയായിരുന്നു ഷാരൂഖും പൂജയും പ്രാര്‍ഥിച്ചുകൊണ്ട് നില്‍ക്കുന്ന, ഏവരുടെയും മനം കവര്‍ന്ന ആ ചിത്രം.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 സുവര്‍ണ വര്‍ഷങ്ങള്‍ 2021 മാര്‍ച്ച് മുതല്‍ 2023 ആഗസ്റ്റ് വരെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്നപേരില്‍ ആഘോഷിക്കുകയാണല്ലോ നമ്മള്‍. ഈ അവസരത്തില്‍ ഭരണഘടനയുടെ മാധുര്യം നുകരുന്നതിനപ്പുറം അത് എങ്ങനെ സംരക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ കൂടി നാം ആശങ്കപ്പെടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. എന്തൊക്കെയായാലും നമ്മുടെ ദീര്‍ഘവീക്ഷണമുള്ള ഭരണഘടനാ ശില്‍പ്പികള്‍ 73 വര്‍ഷം മുമ്പ് നിര്‍മിച്ചെടുത്ത നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം ഇന്നും ഒരു കണികപോലും നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശാവഹമാണ്. മതസൗഹാര്‍ദത്തിന്റെ അമൂല്യമായ ചില നിമിഷങ്ങളെ പോലും വിവാദത്തിന്റെ പരിവേഷം നല്‍കുന്ന ഇത്തരം സംഭവങ്ങള്‍ മനുഷ്യ മനസ്സുകളില്‍ വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. ആ ശൂന്യതയില്‍ നിന്ന് വിട്ടുമാറി ഒരു ഹരിതാഭയുടെ കുളിരുപകരാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ആ സുന്ദര ചിത്രത്തിന്റെ ഏറ്റവും വലിയ പ്രസക്തി.

ജാതിച്ചൂടില്‍ ഉരുകുന്ന യു പി തിരഞ്ഞെടുപ്പ്
യു പിയുടെ രാഷ്ട്രീയ തട്ടകങ്ങള്‍ ജാതിരാഷ്ട്രീയത്തിന്റെ ചൂടില്‍ ഉരുകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വികസനത്തിന്റെ വാക്കുപോലും പറയാതെ പരസ്യമായി ജാതി പറഞ്ഞുകൊണ്ട് വോട്ടുപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാമക്ഷേത്ര നിര്‍മാണം, കാശി ഇടനാഴി, മഥുര ക്ഷേത്രവികസനം സംബന്ധിച്ച പദ്ധതികള്‍ ഇതുവരെയില്ലാത്ത നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. തൊഴിലില്ലായ്മയും വികസനവും ജനക്ഷേമ പദ്ധതികളുമൊക്കെ പിറകെ നിശ്ശബ്ദമായി പിന്തുടരുന്നു എന്നുമാത്രം.

ഭരണഘടനക്ക് രൂപം നല്‍കുമ്പോള്‍ ജനങ്ങളുടെ ആധിപത്യം എന്ന് മാത്രമായിരുന്നു അതിന്റെ സാരഥികള്‍ മനസ്സില്‍ കണ്ടിരുന്നതെങ്കില്‍ ഇന്ന് മതേതരത്വം എന്ന ജനാധിപത്യത്തോളം തന്നെ പ്രാധാന്യമുള്ള കാര്യങ്ങളെ അസ്ഥാനത്താക്കി ജനാധിപത്യം മതാധിപത്യവുമായി ചേര്‍ത്തുള്ള സംഭവങ്ങളാണ് ഉത്തര്‍ പ്രദേശില്‍ ഈ തിരഞ്ഞെടുപ്പു ചൂടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വികസനവും ജനക്ഷേമവുമൊക്കെ പുറംമോടി മാത്രമായി മാറുകയും രാഷ്ട്രീയ തന്ത്രങ്ങള്‍ എല്ലാം തന്നെ ജാതിയും മതവുമായി ബന്ധപ്പെട്ടു കിടക്കുകയുമാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബി ജെ പി മാത്രമല്ല കോണ്‍ഗ്രസ്സ് ഒഴികെയുള്ളവരെല്ലാം ജാതിക്കാര്‍ഡ് കളിയില്‍ ഒരുകൈ നോക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി ലക്ഷ്യമിടുന്നത് മുസ്ലിം വോട്ടുകള്‍ക്കൊപ്പം ജാട്ട് സമുദായത്തിന്റെ വോട്ടുകളുമാണ്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയാകട്ടെ മുസ്ലിം, ദളിത് വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്.

ഒമ്പത് വര്‍ഷം മുമ്പുണ്ടായ മുസഫര്‍ നഗര്‍ കലാപത്തിനു ശേഷം ജാട്ട്-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ വലിയ അകലം രൂപപ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷക സമരത്തിന്റെ വീരോചിതമായ വിജയത്തെത്തുടര്‍ന്ന് ആ അകലം വല്ലാതെ കുറഞ്ഞത് ബി ജെ പിയെ അലട്ടുന്നുണ്ട്. കൂടാതെ രാഷ്ട്രീയ ലോക്ദള്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതും ബി ജെ പിയെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ ഭൂരിപക്ഷം മുസ്ലിം വോട്ടുകളും ഇത്തവണ എസ് പിയിലേക്ക് മറിയുമെന്നാണ് കണക്കുകൂട്ടുന്നത്. കൂടാതെ കഴിഞ്ഞ ഭരണകാലത്ത് മുസ്ലിം സമുദായത്തിലുണ്ടായ അരക്ഷിതാവസ്ഥ മുസ്ലിം വോട്ടുകള്‍ കൂട്ടമായി എസ് പിയിലേക്ക് പോകാനും കാരണമായേക്കാം. എല്ലാത്തിലുമുപരിയായി കര്‍ഷകര്‍ അവരുടെ വോട്ട് ആര്‍ക്കാണെന്ന് കൃത്യമായി മനസ്സില്‍ കുറിച്ചുകഴിഞ്ഞിട്ടുണ്ട്. പൊരിവെയിലില്‍ പണിയെടുക്കുന്ന ബലിഷ്ഠമായ ശരീരത്തിനൊപ്പം അത്രതന്നെ ശക്തമായ മനസ്സുകളുടെയും ഉടമകളാണ് കര്‍ഷകര്‍. അതുകൊണ്ട് തന്നെ തത്കാലം അവരുടെ തീരുമാനത്തിന് കോട്ടം തട്ടാന്‍ സാധ്യതയില്ല എന്നതും എസ് പിയുടെ പ്രതീക്ഷകളാണ്.

തുടക്കത്തില്‍ നിശ്ശബ്ദമായി നിന്നെങ്കിലും കാര്യത്തോട് അടുക്കുന്തോറും ബി എസ് പിയും തങ്ങളുടെ സ്വരൂപം പുറത്തെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നും യു പി രാഷ്ട്രീയത്തില്‍ കറുത്ത കുതിരകള്‍ എന്ന വിശേഷണമുള്ള അവരുടെ അടിത്തറ ദളിത് സമുദായങ്ങള്‍ ആണെങ്കിലും ബ്രാഹ്‌മണ സമൂഹത്തെക്കൂടി ഒപ്പം നിര്‍ത്താന്‍ അവര്‍ എക്കാലവും ശ്രമിച്ചിരുന്നു. 25 ശതമാനത്തിലധികം സീറ്റുകള്‍ മുസ്ലിം സമുദായത്തിന് നല്‍കിക്കൊണ്ട് സമുദായ സന്തുലനത്തിനും ശ്രമം നടക്കുന്നുണ്ട്.

പ്രാദേശികമായി ജാതി പറയാനുള്ള കെല്‍പ്പില്ലാത്തതിനാലാകണം കോണ്‍ഗ്രസ്സ് കാര്യമായി കഷ്ടപ്പെടുന്നില്ല. പ്രിയങ്കാ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി കൂടുതല്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കി വോട്ട് സമാഹരിക്കുക എന്ന ചെറിയ കാല്‍വെപ്പ് മാത്രമാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിരിക്കുന്നത്. കൂടുതലൊന്നും പ്രതീക്ഷിക്കാതെ തന്നെ നിലമെച്ചപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുക മാത്രമാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ഹൈദരാബാദ് എം പി അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം എല്ലാവരുടെയും മുസ്ലിം വോട്ടിന് മേലുള്ള കണ്ണിന് മറുപടിയുമായി രംഗത്തുണ്ട്. അവര്‍ക്കും പ്രതീക്ഷ വാനോളമാണ്.
അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ ഉത്തര്‍ പ്രദേശില്‍ തന്നെയാണ്. രാജ്യത്തിന്റെ തന്നെ ഒരു ‘മിനിയേച്ചര്‍’ ആയി കണക്കാക്കാവുന്ന യു പി ഇത്തവണ ആര്‍ക്ക് വിജയം നല്‍കിയാലും അത് ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറും. അത് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കൊണ്ട് മാത്രമല്ല, ഇന്നത്തെ രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാടിന്റെ പ്രത്യേകത കൊണ്ടുകൂടിയാണ്.

 



source https://www.sirajlive.com/shah-rukh-khan-39-s-dua-caste-wind-in-up.html

Post a Comment

Previous Post Next Post