കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിച്ച ഹിജാബ് (ശിരോവസ്ത്രം) വിരോധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ ജൗന്‍പൂര്‍ ടി ഡി കോളജില്‍ ശിരോവസ്ത്രം ധരിച്ചതിന് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ശകാരിക്കുകയും ക്ലാസ്സ് മുറിയില്‍ നിന്ന് പുറത്താക്കുകയുമുണ്ടായി. തമിഴ്‌നാട്ടിലും അരങ്ങേറി ഹിജാബ് വിരോധം. ശനിയാഴ്ച തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മധുരൈ ജില്ലയിലെ വേലൂരിലെ പോളിംഗ് സ്റ്റേഷനില്‍ ഒരു മുസ്ലിം യുവതി ഹിജാബ് ധരിച്ചെത്തിയപ്പോള്‍, ഹിജാബ് ധരിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ബി ജെ പി പോളിംഗ് ഏജന്റ് സംഘര്‍ഷം സൃഷ്ടിച്ചു. പോലീസെത്തി ഇയാളെ പോളിംഗ് ബൂത്തില്‍ നിന്ന് പുറത്താക്കി പകരം ബി ജെ പിയുടെ മറ്റൊരു പോളിംഗ് ഏജന്റിനെ എത്തിച്ചാണ് തിരഞ്ഞെടുപ്പ് നടപടികള്‍ തുടര്‍ന്നത്.
പ്രശ്നം ഇനിയും കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുന്ന ലക്ഷണമാണ് കാണുന്നത്. മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രസ്താവിക്കുകയുണ്ടായി. ബി ജെ പി ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലും സമാന നീക്കം നടക്കുന്നതായി അറിയുന്നു. കര്‍ണാടകയിലെ ഉഡുപ്പി കോളജിലാണ് നിലവിലെ ഹിജാബ് വിരുദ്ധ നീക്കത്തിനു തുടക്കം കുറിച്ചതെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇത് നേരത്തേയും നടന്നിട്ടുണ്ട്. ലോക വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ കേരളത്തില്‍ നിന്നെത്തിയ മൂന്ന് വനിതാ പ്രസിഡന്റുമാരുടെ ശിരോവസ്ത്രം അഴിപ്പിക്കാന്‍ സംഘാടകര്‍ ശ്രമിച്ചത് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്. മതപരമായ വസ്ത്രമാണെന്നു പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശിരോവസ്ത്രം നിര്‍ബന്ധമായി അഴിപ്പിച്ചു വാങ്ങിവെക്കുകയായിരുന്നു.
സര്‍ക്കാറും വിദ്യാഭ്യാസ സ്ഥാപനാധികൃതരും ശിരോവസ്ത്രത്തിനു വിലക്കേര്‍പ്പെടുത്തുമ്പോള്‍, സംഘ്പരിവാര്‍ സൈബര്‍ പോരാളികളും മുസ്ലിംവിരുദ്ധരും ശക്തമായ പര്‍ദാവിരുദ്ധ ക്യാമ്പയിനും നടത്തിവരുന്നുണ്ട്. ‘പര്‍ദ താലിബാന്‍ വേഷമാണ്. സ്ത്രീവിരുദ്ധമാണ്. പുരുഷാധിപത്യത്തിന്റെ അടയാളമാണെ’ന്നൊക്കെയാണ് ഇവിടെ പ്രചാരണം. എന്നാല്‍ പര്‍ദ പുരുഷാധിപത്യത്തേക്കാളുപരി സ്ത്രീയാധിപത്യത്തിന്റെ അടയാളമെന്ന് പറയുന്നതായിരിക്കും ശരി. പണ്ട് മാറ് മറക്കരുതെന്നായിരുന്നു ജാതിമേലാളന്മാര്‍ കീഴാള സ്ത്രീകളോട് കല്‍പ്പിച്ചിരുന്നത്. സ്ത്രീനഗ്‌നതയെ കച്ചവടച്ചരക്കാക്കുന്ന പാശ്ചാത്യ സംസ്‌കൃതിയുടെ പഴയകാല രീതിയായിരുന്നു അത്. അവരുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ രാജ്യത്ത് പര്‍ദ-ഹിജാബ് വിരോധം പ്രകടിപ്പിക്കുന്നത്. അതേസമയം, സ്ത്രീ പര്‍ദ പോലുള്ള ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിക്കുമ്പോള്‍ സ്ത്രീശരീരത്തിന്മേലുള്ള പുരുഷാധിപത്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെയും അന്തസ്സിന്റെയും ലക്ഷണമാണ് പര്‍ദ. അവര്‍ക്കൊരു സുരക്ഷാ കവചവുമാണത്.
രാജ്യത്തങ്ങോളമിങ്ങോളം വ്യാപിക്കുന്ന ഹിജാബ്-പര്‍ദ വിരോധം അന്താരാഷ്ട്ര തലത്തിലും വ്യാപക ചര്‍ച്ചയായിട്ടുണ്ട്. മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ കോളജുകളിലെ ഹിജാബ് നിരോധനമെന്നാണ് യു എസ് അംബാസഡര്‍ റാശിദ് ഹുസൈന്‍ പ്രതികരിച്ചത്. കുവൈത്ത് പാര്‍ലിമെന്റിന്റെ ചര്‍ച്ചക്കും ഇത് വിഷയീഭവിക്കുകയുണ്ടായി. ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുകയാണെന്നും ഹിജാബ് വിരോധം രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നും കുവൈത്ത് പാര്‍ലിമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷനും (ഒ ഐ സി) ഹിജാബ് വിരോധം ഉള്‍പ്പെടെ ഇന്ത്യന്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ത്യന്‍ മുസ്ലിംകളുടെ സുരക്ഷയും രാജ്യത്തെ പൗരന്മാരുടെ ജീവിതശൈലിയുടെ സംരക്ഷണവും ഇന്ത്യ ഉറപ്പുവരുത്തണമെന്നും അനീതിയും അക്രമവും ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യമുന്നയിച്ച ഒ ഐ സി, വിഷയത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്രസഭ, ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെടുകയുമുണ്ടായി. സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്വര്‍, തുര്‍ക്കി, യമന്‍ തുടങ്ങി 57 അംഗരാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ, നോബല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായി തുടങ്ങിയവരും ഇന്ത്യയിലെ ഹിജാബ്്വിരുദ്ധ നീക്കത്തെ അപലപിച്ചു.
ഭരണഘടനാ ചട്ടങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഉള്ളില്‍ നിന്ന് പരിഹരിക്കേണ്ട ആഭ്യന്തര വിഷയമാണ് ഹിജാബ് വിഷയം, രാജ്യത്തിനു വെളിയിലുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെന്നാണ് ആഗോള സമൂഹത്തിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കവെ, ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലെ മുസ്ലിം സമൂഹം ഇന്നനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മുസ്ലിംകളെ പൊതുസമൂഹത്തിനിടയില്‍ അപമാനിക്കുകയും അപരവത്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഭരണകൂടവും അവരുടെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും. രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമാണിത്. ഒരു രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനം പ്രകടമാകുമ്പോള്‍, ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനും അവരുടെ മതപരമായ ആചാരങ്ങളെ ചവിട്ടിമെതിക്കാനും ശ്രമിക്കുമ്പോള്‍ അതിനെതിരെ ആഗോള സമൂഹം പ്രതികരിക്കുക സ്വാഭാവികം. അതവരുടെ മനുഷ്യത്വപരമായ ബാധ്യതയാണ്. ഈ ഘട്ടത്തില്‍ തങ്ങളുടെ ആഭ്യന്തര കാര്യമെന്നു പറഞ്ഞ് ഉള്‍വലിയുകയല്ല, രാജ്യത്തിനകത്തെ ഇത്തരം തെറ്റായ പ്രവണതകളെ തടയാന്‍ ഭരണകൂടം മുന്നോട്ടു വരികയാണ് ചെയ്യേണ്ടത്
source https://www.sirajlive.com/widespread-anti-hijab.html
إرسال تعليق