ചൈനയെ കുറിച്ച് വിദേശകാര്യ മന്ത്രി പറഞ്ഞത്

ഇന്ത്യ- ചൈന ബന്ധം ഏറ്റവും ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ തുറന്ന് പറച്ചിലിന് ഏറെ പ്രാധാന്യമുണ്ട്. നയതന്ത്ര, സൈനിക തലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സംശയവും ഭയവും ശത്രുതയും നീങ്ങുന്നില്ലെന്നത് ഏറെ നിരാശാജനകമാണ്. ഈ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതില്‍ ചൈനക്കുള്ള പങ്ക് ഇന്ന് ലോകത്തിനാകെ ബോധ്യപ്പെട്ട കാര്യമാണ്. കടലിലായാലും കരയിലായാലും ചൈന അതിന്റെ മേധാവിത്വം ഊട്ടിയുറപ്പിക്കാന്‍ അന്താരാഷ്ട്ര മര്യാദകളെയെല്ലാം കാറ്റില്‍ പറത്തി അതിക്രമങ്ങള്‍ തുടരുകയാണ്. മേഖലയിലെ മിക്ക രാജ്യങ്ങള്‍ക്കും ഇത്തരം പരാതികളുണ്ട്. ആ ആക്ഷേപങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്നു വരുമ്പോള്‍ വീറ്റോ അധികാരമുള്ള സ്വന്തം സുഹൃത്തുക്കളെ വെച്ച് മറികടക്കുകയാണ് ചൈന ചെയ്യാറുള്ളത്. ചൈന മികച്ച സാമ്പത്തിക മാതൃകയായിരിക്കാം. യു എസിന്റെ ധാര്‍ഷ്ട്യത്തെ നേരിടാവുന്ന തരത്തില്‍ ആ രാജ്യം വന്‍ ശക്തിയാകുന്നത് ഏക ധ്രുവ ലോകത്തിനുള്ള മറുപടിയാണെന്നും സമ്മതിക്കാം. പക്ഷേ, ചൈന ആര്‍ജിച്ച സൈനിക, സാമ്പത്തിക ശക്തി മറ്റു രാജ്യങ്ങളെ വരുതിയിലാക്കാനും അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുമാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ രാജ്യം അന്താരാഷ്ട്ര ഭീഷണിയാണെന്ന് തന്നെ പറയേണ്ടി വരും.

മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ ജയ്ശങ്കര്‍ നടത്തിയ പ്രസ്താവന ഈ വസ്തുതകളാണ് മുന്നോട്ട് വെക്കുന്നത്. അതിര്‍ത്തിയിലെ സൈനിക വിന്യാസത്തിന്റെ കാര്യത്തില്‍ എല്ലാ ഉടമ്പടികളും കാറ്റില്‍ പറത്തുന്ന ചൈന തര്‍ക്കങ്ങള്‍ പരിഹരിക്കാനല്ല, സങ്കീര്‍ണമാക്കാനാണ് ശ്രമിക്കുന്നതെന്ന് മ്യൂണിച്ച് സുരക്ഷാ സമ്മേളന (എം എസ് സി)ത്തിലെ പാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയിലെ സ്ഥിതി നോക്കിയാല്‍ ബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാകും. 45 വര്‍ഷമായി സുസ്ഥിരമായ അതിര്‍ത്തി സാധ്യമായിരുന്നു. സമാധാനം പുലരുകയും ഏറ്റുമുട്ടലിന്റെ അവസ്ഥ ഒഴിവാക്കുകയും ചെയ്തിരുന്നു. 1975ന് ശേഷം ഒരാളുടെ പോലും ജീവന്‍ നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ നില മാറിയത് ചൈനയുടെ എടുത്തു ചാട്ടങ്ങള്‍ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. 2020 ജൂണ്‍ 15ന് ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടല്‍ പരാമര്‍ശിച്ചായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈനിക സന്നാഹം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ വ്യക്തമായ കരാറുകളുണ്ട്. ഈ ഉടമ്പടികള്‍ ചൈന ലംഘിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും വിദേശകാര്യ മന്ത്രി തുറന്നടിച്ചു.

നാറ്റോ രാജ്യങ്ങളും റഷ്യയും യുക്രൈന്റെ പേരില്‍ വടംവലി തുടരുകയും റഷ്യക്ക് പിന്നില്‍ ചൈന അടിയുറച്ച് നില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ജയ്ശങ്കറിന്റെ വാക്കുകള്‍ക്ക് വലിയ പ്രഹര ശേഷിയുണ്ട്. ചൈനയെ ഇന്ത്യ വിമര്‍ശിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ, സാഹചര്യം പ്രധാനമാണ്. എസ് 400 മിസൈല്‍ ഇടപാടിലടക്കം റഷ്യയുമായി ഊഷ്മളമായ ബന്ധം തുടരുന്ന ഇന്ത്യക്ക് ക്രെംലിന്റെ ചൈനീസ് കൈകോര്‍ക്കലിനെ കുറിച്ച് സ്വന്തം കാഴ്ചപ്പാടുണ്ടെന്ന സന്ദേശം നല്‍കുകയാണ് ഫലത്തില്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മെല്‍ബണില്‍ ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലും ജയ്ശങ്കര്‍ ഇതേ നിലപാട് മുന്നോട്ട് വെച്ചിരുന്നു. എഴുതപ്പെട്ട കരാറുകള്‍ ലംഘിച്ച് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന നടത്തിയ അതിക്രമങ്ങളാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഇന്ത്യക്ക് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ചൈനയുടെ കരാര്‍ ലംഘനങ്ങളെന്നും ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ നീക്കങ്ങള്‍ക്കെല്ലാം അന്താരാഷ്ട്ര മാനമുണ്ട്. ദക്ഷിണേഷ്യയില്‍ ചൈന സുഹൃത് രാജ്യങ്ങളെ സൃഷ്ടിക്കുന്നതു മാത്രം നോക്കിയാല്‍ ഇത് മനസ്സിലാകും. ഇക്കാലം വരെ ഇന്ത്യയുടെ സാമന്ത രാജ്യം പോലെ നിലകൊണ്ടിരുന്ന നേപ്പാള്‍ കൃത്യമായി ചൈനീസ് അനുകൂല സമീപനമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. ഇന്ത്യയില്‍ വേരുകളുള്ള മധേശി വിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമ നിര്‍മാണം നടത്താന്‍ നേപ്പാള്‍ മുതിര്‍ന്നതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായത്. മോദി സര്‍ക്കാര്‍ വന്ന ശേഷം മ്യാന്‍മറുമായുള്ള നല്ല ബന്ധവും ഉലഞ്ഞിരുന്നു. പാക്കിസ്ഥാന്‍ നേരത്തേ തന്നെ ചൈനയുടെ കൈയിലാണ്. ശ്രീലങ്കയില്‍ രജപക്സേ വന്ന ശേഷം ചൈനയുടെ മുന്‍കൈയിലാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. മാല ദ്വീപിലും ചൈനക്ക് കോടികളുടെ നിക്ഷേപമുണ്ട്. അമേരിക്ക പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനിലും ചൈനക്ക് നല്ല സ്വാധീനമുണ്ട്. വണ്‍ ബെല്‍റ്റ് – വണ്‍ റോഡ് പദ്ധതിയുടെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളെ തങ്ങളുടെ സ്വാധീനവലയത്തില്‍ കൊണ്ടുവരാനാണ് ചൈന ശ്രമിക്കുന്നത്. റഷ്യയുമായുള്ള ബന്ധം ശക്തമാകുന്നതോടെ യു എന്നിലടക്കം ചൈന പറയുന്നതിനപ്പുറം കാര്യങ്ങള്‍ പോകില്ലെന്ന നില സംജാതമായിരിക്കുന്നു. അതുകൊണ്ട് ചൈന നടത്തുന്ന കുതന്ത്രങ്ങളെ ഗൗരവപൂര്‍വം കാണുക തന്നെ വേണം. അതോടൊപ്പം ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ശ്രമം നടക്കുകയും വേണം.

ചൈനയെക്കുറിച്ച് ആരോഗ്യകരമായ സംശയം വേണമെന്നാണ് ദോക്ലാമിലെ സംഘര്‍ഷാവസ്ഥക്ക് ശേഷം വിദേശകാര്യ പാര്‍ലിമെന്ററി സമിതി വിലയിരുത്തിയത്. ഇടക്ക് ബന്ധം സാധാരണ നിലയിലെത്തിയാല്‍ ഇന്ത്യയുടെ താളം തെറ്റിക്കാനെന്നോണം അതിര്‍ത്തിത്തര്‍ക്കം എടുത്തിടാന്‍ ചൈന ശ്രമിക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കുന്നു. ചൈനയുടെ ശാക്തിക താത്പര്യങ്ങളെ അവഗണിക്കരുത്. ഉഭയകക്ഷി ബന്ധത്തില്‍ കടും പിടിത്തമല്ല, വഴക്കം വേണം. മത്സരവും സഹകരണവുമാണ് ബന്ധത്തിലെ ഘടകങ്ങള്‍. രണ്ടും വേര്‍തിരിച്ചും മെച്ചം തിട്ടപ്പെടുത്തിയും മുന്നോട്ടു പോകണം. ഇന്ത്യയുടെ മറ്റ് അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചൈന ഏതറ്റം വരെയും പോകും. ഇത് തിരിച്ചറിഞ്ഞ് അയല്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ നമുക്കാകണം. ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ തമ്മിലുള്ള സമഗ്ര അതിര്‍ത്തി ഇടപെടല്‍ കരാറിന് അന്തിമ രൂപം നല്‍കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. അല്ലാതെ അമേരിക്കന്‍ പക്ഷത്തേക്ക് ചായുന്നത് പ്രശ്ന പരിഹാരമാകില്ല.

 



source https://www.sirajlive.com/what-the-foreign-minister-said-about-china.html

Post a Comment

Previous Post Next Post