റഷ്യക്കെതിരെ സാമ്പത്തിക ഉപരോധവുമായി കാനഡയും

മോസ്‌കോ | ഉക്രൈന്‍- റഷ്യ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നതായ അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ക്കിടെ റഷ്യക്കെതിരെ ഉപരോധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. അമേരിക്കക്കും ബ്രിട്ടനും പിന്നാലെ കാനഡയാണ് പുതുതായി ഉപരോധം ഏര്‍പ്പെടുത്തിയത്. അധിനിവേശത്തിനുള്ള റഷ്യയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.

റഷ്യന്‍ ദേശീയ ബേങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനൊപ്പം റഷ്യന്‍ ബോണ്ടുകള്‍ വാങ്ങുന്നതില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ വിലക്കിയിട്ടുമുണ്ട്. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഉപരോധം കൂടുതല്‍ കടുപ്പിക്കാനുള്ള ആലോചനയിലാണെന്നാണ് വിവരം. റഷ്യയുമായി സഹകരിച്ച് നടത്താനിരുന്ന ഒരു വന്‍ ഗ്യാസ് ലൈന്‍ പദ്ധതിയില്‍ നിന്ന് ജര്‍മനി പിന്നോട്ടുപോയതും റഷ്യന്‍ സമ്പദ് രംഗത്തിന് കടുത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്.

യുദ്ധഭീതി പരക്കുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രദേശങ്ങളിലേക്ക് 460 സൈനികരെക്കൂടി അധികമായി വിന്യസിക്കാന്‍ പദ്ധതിയിടുകയാണെന്നും കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം 24 മണിക്കൂറിനുള്ളില്‍ വളരെ വര്‍ധിച്ചതായി സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്നും അമേരിക്കക്ക് സൂചന ലഭിച്ചിട്ടുണ്ട്.



source https://www.sirajlive.com/and-canada-with-economic-sanctions-against-russia.html

Post a Comment

Previous Post Next Post