മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം ഊര്‍ജിതം; കരസേനാ സംഘം മലമ്പുഴയില്‍

പാലക്കാട് | മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ബെംഗളൂരു വെല്ലിങ്ടണില്‍ നിന്നുള്ള കരസേനാ സംഘം മലമ്പുഴയിലെത്തി. പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള ഒമ്പത് കമാന്‍ഡോകളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. കേരള പോലീസിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യൂ ടീമും രക്ഷാദൗത്യവുമായി പോയിട്ടുണ്ട്. ബെംഗളൂരുവിലെ യെലഹങ്കയില്‍ നിന്ന് എ എന്‍-32 വ്യോമസേനാ വിമാനവും പുറപ്പെട്ടിട്ടുണ്ട്. പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു നല്‍കുന്നതിനാണ് പ്രഥമ പരിഗണന. മലയില്‍ യുവാവ് കുടുങ്ങിയിട്ട് 33 മണിക്കൂര്‍ പിന്നിടുകയാണ്. ഇന്നലെയാണ് ട്രക്കിംഗിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങിയത്.

ബാബുവിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര, വ്യോമ സേനകളുടെ സഹായം തേടിയിരുന്നു. യുവാവിന്റെ അരികിലെത്താനായി എന്‍ ഡി ആര്‍ എഫ് സംഘം മലകയറുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഉച്ചക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട തീരദേശ സേനയുടെ ഹെലികോപ്ടര്‍ യുവാവിനടുത്തേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ പിന്തിരിയുകയായിരുന്നു. ആയിരത്തോളം മീറ്റര്‍ ഉയരമാണ് മലക്കുള്ളത്. ഇന്നലെ രാത്രി മുതല്‍ പോലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥന്‍, എ ഡി എം. കെ മണികണ്ഠന്‍, മറ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബു (23)വും സുഹൃത്തുക്കളായ മൂന്ന് പേരും മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വീഴ്ചയില്‍ ബാബുവിന്റെ കാലിനു പരുക്കുണ്ട്.

 

 



source https://www.sirajlive.com/intensive-effort-to-rescue-a-young-man-trapped-in-the-mountains-army-team-in-malampuzha.html

Post a Comment

أحدث أقدم