കൊവിഡ് കാലത്ത് രാജ്യത്ത് കൂടുതല്‍ ദിവസം ചേര്‍ന്നത് കേരള നിയമസഭ

തിരുവനന്തപുരം |  കൊവിഡ് വ്യാപനം രൂക്ഷമായ കാലത്ത് രാജ്യത്ത് കൂടുതല്‍ ദിവസം ചേര്‍ന്നത് കേരള നിയമസഭ. പാര്‍ലിമെന്റിനേക്കാള്‍ കൂടുതല്‍ ദിവസം സഭ ചേര്‍ന്നാണ് കേരള നിയമസഭ റെക്കോര്‍ഡിട്ടത്. കേരള നിയമസഭയും നിയമസഭാ സമിതികളും കോവിഡ് കാലത്തും ഫലപ്രദമായി പ്രവര്‍ത്തിച്ചതായി സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. 2021ല്‍ 61 ദിവസമാണ് സഭ ചേര്‍ന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രവര്‍ത്തിച്ചത് കേരള നിയമസഭയാണ്. ഈ കാലയളവില്‍ 50ല്‍ താഴെ ദിവസങ്ങളിലാണ് ലോക്‌സഭ സമ്മേളിച്ചത്. ഉത്തര്‍ പ്രദേശ് നിയമസഭ 17 ദിവസവും പഞ്ചാബ് നിയമസഭ 11 ദിവസവുമാണ് സമ്മേളിച്ചത്. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്താന്‍ രാജ്യത്തി ആദ്യം തീരുമാനിച്ചത് കേരളത്തിലാണ്. ഇങ്ങനെ മിക്ക് നിയമസഭാ സമിതികളും യഥാസമയം ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതുവഴി ജനാധിപത്യത്തിന്റെ കേരള മാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഈ മികച്ച നേട്ടമാണ് കേരള നിയമസഭ കൈവരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടൊപ്പം നിയമസഭാ ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ശിപാര്‍ശ നല്‍കാനായി നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണെന്ന് സ്പീക്കര്‍ പറഞ്ഞു. മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് കമ്മിറ്റി. സമ്പൂര്‍ണ കടലാസ് രഹിത സഭ എന്ന ആശയം സാക്ഷാത്ക്കരിക്കുന്നതിനായി വിഭാവനം ചെയ്ത ഇ നിയമസഭ പദ്ധതിയും അവസാന ഘട്ടത്തിലാണ്.

ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിലുള്ള വനിതാ സാമാജികരെ പങ്കെടുപ്പിച്ച് രണ്ടു ദിവസത്തെ നാഷണല്‍ വിമന്‍ ലെജിസ്‌ലേച്ചേഴ്‌സ് കോണ്‍ഫറന്‍സ് ഏപ്രിലില്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരാനുഭവങ്ങള്‍ വിശദമാക്കുന്ന സമഗ്രമായ ഓഡിയോ വീഡിയോ ചിത്രപ്രദര്‍ശനം നിയമസഭാ മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. നിയമസഭാ ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു.

 



source https://www.sirajlive.com/the-kerala-legislative-assembly-convened-for-most-of-the-day-in-the-country-during-the-covid-period.html

Post a Comment

أحدث أقدم