2024ല്‍ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് ഇപ്പോഴുള്ള തിരഞ്ഞെടുപ്പ് ഫലം എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷേ, ഇതില്‍ നിന്ന് എങ്ങനെ പാഠം പഠിക്കുന്നുവെന്നതാണ് പ്രധാനം. ഉദാഹരണത്തിന് യു ഡി എഫ് 2019ല്‍ വലിയ തോതില്‍ വിജയിച്ചതിന് ശേഷമാണ് 2021ല്‍ ഇരട്ടി ആഘാതത്തോടെ പരാജയപ്പെട്ടത്. ഇന്ത്യയില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് അകറ്റണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിനാവശ്യമായ വോട്ടുകളുണ്ട്. ഇപ്പോള്‍ യു പി തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍, ബി ജെ പി മുന്നേറുകയല്ല, പിന്നോട്ടു പോകുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ സീറ്റുകള്‍ കുറഞ്ഞിരിക്കുന്നു. പക്ഷേ, മതേതര പാര്‍ട്ടികള്‍ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്നില്ല. ബി ജെ പി വളരെയേറെ മുന്നേറ്റം കാഴ്ചവെച്ചു എന്ന് പറയാന്‍ സാധിക്കുന്ന ഫലമല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വോട്ടിംഗ് ശതമാനം വിലയിരുത്തുമ്പോള്‍ ബി എസ് പിയും എസ് പിയും കോണ്‍ഗ്രസ്സും ഒന്നിച്ചു നിന്നിരുന്നെങ്കില്‍ (അത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പറയേണ്ട കാര്യമല്ല) ജയിക്കാമായിരുന്നു എന്ന് തന്നെയാണ് മനസ്സിലാകുന്നത്. മുന്നണി ഉണ്ടായില്ലെങ്കില്‍ പോലും പരസ്പരം എതിര്‍ത്ത് മത്സരിക്കാത്ത സാഹചര്യമെങ്കിലും സൃഷ്ടിക്കാമായിരുന്നു. അങ്ങനെയൊരു സാഹചര്യമുണ്ടായില്ലെങ്കില്‍ ഇനിയും പ്രതിസന്ധികള്‍ തന്നെയാണ് കാത്തിരിക്കുന്നത്.
വര്‍ഗീയ കാര്‍ഡ് പുറത്തെടുത്ത് കളിച്ചത് കൊണ്ട് വലിയ നേട്ടമുണ്ടായി എന്ന് ബി ജെ പി പോലും വിലയിരുത്തുന്നുണ്ടാകില്ല. വര്‍ഗീയ കാര്‍ഡ് സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ അപകടമാണ് എന്ന സന്ദേശം ബി ജെ പിക്കും ഈ തിരഞ്ഞെടുപ്പില്‍ നിന്ന് മനസ്സിലായിട്ടുണ്ട്. പുറമേക്ക് അത് പ്രകടിപ്പിക്കുന്നില്ലെങ്കിലും. യു പിയില്‍ ബി ജെ പി കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞത് പോലെ പഞ്ചാബില്‍ എ എ പി, ബി ജെ പിയെയും തൂക്കിയെറിഞ്ഞല്ലോ. അതുകൊണ്ട് ബി ജെ പിയെ തോല്‍പ്പിക്കുകയെന്നത് എല്ലാ പാര്‍ട്ടികളുടെയും മുഖ്യ അജന്‍ഡയാകണം. എന്നാല്‍, കോണ്‍ഗ്രസ്സ് മുന്നണിയിലുള്ള പാര്‍ട്ടികളില്‍ എല്ലാവരും അണിചേരൂ എന്ന് പറയുന്നതില്‍ കാര്യമില്ല. മറിച്ച് നമുക്കെല്ലാം ചേര്‍ന്ന് ബി ജെ പിയെയും സംഘ്പരിവാറിനെയും തോല്‍പ്പിക്കാം എന്ന് മുന്‍കൈയെടുക്കുകയാണ് കോണ്‍ഗ്രസ്സ് ഇനി ചെയ്യേണ്ടത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എന്നതിന് പകരം അവരുടെ മുന്‍കൈയില്‍ എന്ന് തിരുത്തി മുന്നോട്ടുപോകണം.
കന്യാകുമാരി മുതല്‍ ഹിമാചല്‍ പ്രദേശ് വരെയുള്ള സ്ഥലങ്ങളില്‍ ആളുകളുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. ഇപ്പോഴും അതങ്ങനെ തന്നെയാണ്. ഇന്ത്യയിലെ എഴുനൂറിലധികം വരുന്ന ജില്ലകളില്‍ കോണ്‍ഗ്രസ്സിന് ഡി സി സി ഇല്ലാത്ത ജില്ല വളരെ വിരളമായിരിക്കും. അത് ചെറിയ കാര്യമല്ല. ഇന്ത്യന്‍ മതേതര രാഷ്ട്രീയത്തിലെ ചാമ്പ്യന്‍ കോണ്‍ഗ്രസ്സാണ്.
കോണ്‍ഗ്രസ്സ് പാര്‍ട്ടി അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ അസന്ദിഗ്ധമായി പ്രഖ്യാപിക്കണം. ഇടതുപക്ഷ പാര്‍ട്ടികളുടെ ഇഷ്ടക്കേട് ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സ് പരിഗണിക്കേണ്ടതില്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ശതമാനത്തിനും താഴെ വോട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരിക്കുന്നത്.
സംഘ്പരിവാറിനെ തോല്‍പ്പിക്കുകയെന്നത് തന്നെയാണ് ജനാധിപത്യം തിരിച്ചുപിടിക്കാന്‍ ചെയ്യേണ്ടത്. മുന്നണി രാഷ്ട്രീയം രൂപവത്കരിക്കണം. ഫുട്ബോള്‍ ഗ്രൗണ്ടില്‍ ജയിക്കണമെങ്കില്‍ എതിരാളിയുടെ വല കുലുങ്ങണം. അല്ലാതെ താത്വികമായി ചിന്തിച്ചത് കൊണ്ട് വിജയിക്കാന്‍ സാധിക്കില്ല. അതുതന്നെയാണ്, ജനാധിപത്യ ഇന്ത്യയിലും വേണ്ടത്. എതിരാളിയുടെ വല കുലുങ്ങണം. അതിന് യോഗ്യരായ നേതാക്കള്‍ ഉയര്‍ന്നുവരണം.
source https://www.sirajlive.com/will-the-lesson-be-learned-before-2024.html
إرسال تعليق