വെല്ലുവിളികളുടെ ഊക്കേറും

ഉത്തര്‍ പ്രദേശുള്‍പ്പെടെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം, പഞ്ചാബിലൊഴിച്ച് മറ്റൊരിടത്തും വലിയ ആശ്ചര്യമുണ്ടാക്കുന്നില്ല. കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ മൂലം പാളം തെറ്റിയ പഞ്ചാബിലെ കോണ്‍ഗ്രസ്സ്, ഗ്രൂപ്പ് യുദ്ധത്തില്‍ വിട്ടുവീഴ്ച കാട്ടാതിരുന്നതോടെ ഭരണത്തിന് പുറത്താകുമെന്ന് ഉറപ്പായിരുന്നുവെങ്കിലും ആം ആദ്മി പാര്‍ട്ടി ഇവ്വിധമൊരു തരംഗമായി അവിടെ മാറുമെന്ന് അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് സിംഗ് മാനും മുന്‍കാലത്ത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുമൊഴിച്ചാല്‍ അറിയപ്പെടുന്ന നേതാക്കള്‍ അത്രയൊന്നുമില്ല എ എ പിക്ക് അവിടെ. പ്രചാരണത്തിന്റെ ആസൂത്രണവും നേതൃത്വവും പോലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും നേരിട്ട് നിയന്ത്രിക്കുന്നതായിരുന്നു അവസ്ഥ. എന്നിട്ടും വലിയ വിജയം അവര്‍ നേടുമ്പോള്‍, അത് കോണ്‍ഗ്രസ്സ് സര്‍ക്കാറിനും ആ പാര്‍ട്ടിക്കുമെതിരായ വികാരം മാത്രമല്ല, എ എ പി ഡല്‍ഹിയില്‍ നടപ്പാക്കിയ സമൂഹത്തിലെ ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള നടപടികള്‍ പഞ്ചാബിലുമുണ്ടാകുമെന്ന വാഗ്ദാനത്തില്‍ ജനമര്‍പ്പിച്ച വിശ്വാസത്തിന് കൂടി തെളിവാണ്. അഴിമതിക്കെതിരായ എ എ പിയുടെ നിലപാടും ജനം വിശ്വാസത്തിലെടുത്തിട്ടുണ്ട്. അപ്പോഴും കോണ്‍ഗ്രസ്സ് നേരിട്ട തകര്‍ച്ച ആ പാര്‍ട്ടിയുടെ ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി കൂടുതല്‍ പരുങ്ങലിലാക്കുകയാണ്.

വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍, ഒരിക്കല്‍ കൂടി ബി ജെ പി ഭരണത്തിലേക്ക് നീങ്ങുന്നു, ഒപ്പം ഗോവയും. രണ്ടിടത്തും പണവും കേന്ദ്രാധികാരവുമാണ് ജനവിധിയേക്കാളധികം തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിച്ചത്. കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായുള്ളൊരു തൂക്കുസഭ എന്ന സാധ്യത ഗോവക്ക് മുന്നില്‍, തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും വോട്ടെടുപ്പിന് ശേഷവും ഉണ്ടായിരുന്നു. ബി ജെ പിയിലെ ആഭ്യന്തര പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആ പാര്‍ട്ടിയുടെ എം എല്‍ എമാര്‍ അടക്കം നേതാക്കള്‍ പാര്‍ട്ടി വിട്ടതുമാണ് ആ സാധ്യത തുറന്നിട്ടത്. പക്ഷേ, ഖജനാവിന്റെ ബലവും സംഘടനാശേഷിയും ആ പ്രതിസന്ധി മറികടക്കാന്‍ ബി ജെ പിയെ സഹായിച്ചു. കേന്ദ്രാധികാരത്തിനൊപ്പം നില്‍ക്കുക എന്ന മണിപ്പൂര്‍ ജനതയുടെ പൊതുസ്വഭാവവും തീവ്ര നിലപാടുകാരായ ഗോത്ര സംഘടനകളെ ഉപയോഗിച്ച് ബി ജെ പി നടത്തിയ പ്രചാരണവും അവിടെ ബി ജെ പിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി. കഴിഞ്ഞ തവണ 28 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ്സ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങി.

ഭരണമാറ്റ സാധ്യതയുണ്ടായിരുന്ന ഏക സംസ്ഥാനം ഉത്തരാഖണ്ഡായിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം ഇവിടെ ബി ജെ പി നേരിട്ടിരുന്നു. അതിനെ മറികടക്കാന്‍ രണ്ട് തവണ മുഖ്യമന്ത്രിമാരെ മാറ്റിയ പാര്‍ട്ടി, ഏറ്റവുമൊടുവില്‍ നിരവധി സിറ്റിംഗ് എം എല്‍ എമാര്‍ക്ക് സീറ്റ് നിഷേധിച്ചു. ഇതൊക്കെയുണ്ടാക്കിയ വിമത ശല്യം ഡസനോളം മണ്ഡലങ്ങളില്‍ നേരിട്ടിട്ടും കേവല ഭൂരിപക്ഷം നേടാന്‍ അവര്‍ക്കായതിന് കാരണം കോണ്‍ഗ്രസ്സിനെ ജനം വിശ്വാസത്തിലെടുക്കാതിരുന്നതാണ്. അതല്ലെങ്കില്‍ ഒട്ടൊക്കെ യോജിച്ച് പൊരുതിയ കോണ്‍ഗ്രസ്സിന് ജയിച്ച് കയറാന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന ഫലം ഉത്തര്‍ പ്രദേശിലേത് തന്നെ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ അത് ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ഭരണവീഴ്ചകളുണ്ടാക്കിയ ഭരണവിരുദ്ധ വികാരവും മണ്ഡല്‍ രാഷ്ട്രീയകാലത്തെ അനുസ്മരിപ്പിക്കും വിധത്തില്‍ പിന്നാക്ക വിഭാഗക്കാരുടെ ഐക്യത്തിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ ശ്രമങ്ങളും 2017ല്‍ ബി ജെ പിക്ക് ഒപ്പം നിന്ന ജാതവിതര ദളിത് വിഭാഗങ്ങള്‍ എസ് പിയിലേക്ക് ചായുന്നുവെന്ന സൂചനകളും ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, വിവിധ സമുദായ വിഭാഗങ്ങളില്‍ സ്വാധീനമുള്ള നേതാക്കള്‍ യോഗി മന്ത്രിസഭയില്‍ നിന്നും ബി ജെ പിയില്‍ നിന്നും ഇറങ്ങി എസ് പിക്കൊപ്പം ചേര്‍ന്നത് ഈ പ്രതീക്ഷ കൂട്ടുകയും ചെയ്തു. അതിനെയൊക്കെ മറികടക്കാന്‍ പാകത്തില്‍ വര്‍ഗീയ ധ്രുവീകരണമുറപ്പാക്കാനും വികസനത്തിന്റെ പെരുപ്പിച്ച കണക്കുകള്‍ നിരത്താനും (പഴയ ഗുജറാത്ത് മോഡല്‍ പോലെ) യോഗി ആദിത്യനാഥിനും ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും കയറിയിറങ്ങിയ ബി ജെ പിയുടെ ഇതര ദേശീയ നേതാക്കള്‍ക്കും ആര്‍ എസ് എസിന്റെ പ്രചാരകര്‍ക്കും സാധിച്ചു. 2022ല്‍ ഉത്തര്‍ പ്രദേശിലൊരു തോല്‍വിയുണ്ടായാല്‍ അത് 2024ലെ പൊതു തിരഞ്ഞെടുപ്പിലെ സാധ്യതകളെ വലിയ തോതില്‍ ബാധിക്കുമെന്ന തിരിച്ചറിവില്‍ മുഴുവന്‍ സംഘടനാ സംവിധാനവും ഉപയോഗപ്പെടുത്തി, ആകാവുന്നത്ര പണം ചെലവിട്ട് അധികാരം നിലനിര്‍ത്തുകയായിരുന്നു ബി ജെ പി. സംസ്ഥാനത്തെ മൂന്നാമത്തെ ശക്തിയായ ബി എസ് പിയെ കഴിയാവുന്നത്ര കാലം നിശ്ശബ്ദരാക്കി ഇരുത്താനും ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അത് എസ് പിക്കു നേര്‍ക്കാണെന്ന് ഉറപ്പിക്കാനും അവര്‍ക്ക് സാധിക്കുകയും ചെയ്തു. ബി ജെ പിയെ തോല്‍പ്പിക്കുക എന്നതിനേക്കാള്‍ എസ് പി ഭരണത്തിലെത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ബി എസ് പിയുടെ ലക്ഷ്യമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അവരുടെ സ്ഥാനാര്‍ഥിപ്പട്ടികയും മായാവതിയുടെ പ്രചാരണവും. എങ്കിലും 120ലധികം സീറ്റുകള്‍ നേടി ദുര്‍ബലമല്ലാത്ത പ്രതിപക്ഷ ശക്തിയാകാന്‍ അഖിലേഷിന്റെ നേതൃത്വത്തില്‍ എസ് പിക്ക് സാധിച്ചുവെന്നത് കാണാതിരുന്നുകൂടാ. ആദ്യ ടേമില്‍ അമിതാധികാര പ്രയോഗത്തിന് യോഗി ആദിത്യനാഥ് അനുഭവിച്ചത്ര സ്വാതന്ത്ര്യം രണ്ടാം ടേമിലുണ്ടാകില്ലെന്ന് ഉറപ്പിക്കാം.

ഈ വിജയം തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ബി ജെ പിക്ക് ധൈര്യം പകരും. ഏക സിവില്‍ കോഡ്, പൗരത്വ നിയമ ഭേദഗതിയുടെ നടപ്പാക്കല്‍, ദേശീയ പൗരത്വപ്പട്ടികയുടെ രൂപവത്കരണം എന്നിവ അധികം വൈകാതെ ഉയര്‍ന്നുവരും. കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട നിയമങ്ങള്‍ തിരികെ വരാനുള്ള സാധ്യതയും കുറവല്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സമ്പ്രദായത്തിലേക്ക് മാറാന്‍ തങ്ങള്‍ തയ്യാറാണെന്ന പ്രഖ്യാപനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിട്ടുണ്ട്. അതിലേക്ക് കൂടി തിരിയുകയാണെങ്കില്‍, 2024ലെ പൊതു തിരഞ്ഞെടുപ്പ് ഒരുപക്ഷേ നീട്ടിയേക്കാം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനം കൊടിയ ദാരിദ്ര്യവും അനുഭവിക്കുന്നതിനിടെ 20,000 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത (പുതിയ പാര്‍ലിമെന്റും പ്രധാനമന്ത്രിയുടെ കൊട്ടാരവും) പൂര്‍ത്തിയാക്കിയ ശേഷം മതി തിരഞ്ഞെടുപ്പ് എന്ന് തീരുമാനിച്ചാല്‍, നരേന്ദ്ര മോദി മാര്‍ഗനിര്‍ദേശക് മണ്ഡലിലേക്ക് വിരമിച്ച്, യോഗി ആദിത്യനാഥ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കാം. രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപവത്കരിച്ചിട്ട് 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2025 ഈ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ഭരണപക്ഷം, അധികാരത്തുടര്‍ച്ചക്കുള്ള തന്ത്രങ്ങളിലേക്ക് തിരിയുമ്പോള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലാകുന്നത് പ്രതിപക്ഷ നിരയാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ബി ജെ പിയെ നേരിടാനാകില്ലെന്ന ചിന്തക്ക് ഈ ഫലത്തോടെ ബലമേറും. (യു പിയില്‍ കോണ്‍ഗ്രസ്സിന് ആകെയുള്ളത് മൂന്ന് ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ്) പ്രാദേശിക പാര്‍ട്ടികള്‍ ചേരുന്ന ഫെഡറല്‍ മുന്നണി എന്ന ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന സങ്കല്‍പ്പമാണ് പകരം വെക്കാനുള്ളത്. അപ്പോഴും അതിന്റെ നേതൃത്വമാര്‍ക്ക് എന്ന ചോദ്യം അവരെ കുഴക്കും. പ്രധാനമന്ത്രി സ്ഥാനം എന്ന മോഹത്തില്‍ നിന്ന് മുക്തരല്ലല്ലോ ഒരു പാര്‍ട്ടിയുടെയും നേതാവ്. ഡല്‍ഹിക്ക് പുറത്തൊരു സംസ്ഥാനത്ത് കൂടി അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടിക്ക് പ്രതിപക്ഷ നിരയില്‍ പ്രാമുഖ്യമേറും. വരാനിരിക്കുന്ന ഗുജറാത്ത്, കര്‍ണാടക, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സാന്നിധ്യമറിയിക്കാന്‍ അവര്‍ക്കായാല്‍ ആം ആദ്മിയുടെ അവകാശവാദങ്ങള്‍ക്ക് ശക്തിയേറുകയും ചെയ്യും. മൃദുഹിന്ദുത്വ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുന്ന, ബി ജെ പിയുടെ ബി ടീമെന്ന ആക്ഷേപം നേരിടുന്ന ആം ആദ്മിയെ പ്രാദേശിക പാര്‍ട്ടികളില്‍ ഏതൊക്കെ സ്വീകരിക്കുമെന്നതിലും അവ്യക്തതയുണ്ട്.

തീവ്ര ഹിന്ദുത്വ അജന്‍ഡകളെ എതിര്‍ക്കുക എന്നത് മാത്രമല്ല, പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വികസനത്തില്‍ അധിഷ്ഠിതമായ നയസമീപനങ്ങള്‍ സ്വീകരിക്കുക എന്നത് കൂടി ജനപിന്തുണയാര്‍ജിക്കാന്‍ പ്രധാനമാണെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. അധികാരം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ യുവാക്കളെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള നയ സമീപനങ്ങളും അനിവാര്യമാണ്. അതിലേക്കൊക്കെ വളരുകയും അതിന് പാകത്തില്‍ എല്ലാവര്‍ക്കും യോജിക്കാവുന്ന നയങ്ങള്‍ ദേശീയതലത്തില്‍ ആവിഷ്‌കരിക്കുകയും ചെയ്യുക എന്നതും ഫെഡറല്‍ മുന്നണിയെന്ന ആശയത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്.

അതിവേഗം തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന് വഴങ്ങിക്കൊണ്ടിരിക്കുന്ന ജനതയെ വ്യാജങ്ങളുടെ പിടിയില്‍ നിന്ന് യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിക്കുകയും ഭരണഘടനയെയും മതനിരപേക്ഷ ജനാധിപത്യത്തെയും സംരക്ഷിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് ആര്‍ എസ് എസ് അജന്‍ഡകളെ ഇപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്നിലുള്ളത്. അതിന്റെ ഗൗരവം കുറേക്കൂടി ബോധ്യപ്പെടുത്തുന്നുണ്ട് ഉത്തര്‍ പ്രദേശിലെ ഫലം.

 

 



source https://www.sirajlive.com/the-swell-of-challenges.html

Post a Comment

أحدث أقدم