210 റണ്‍സൊക്കെ എന്ത്!!; കിംഗ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ജയന്റ്‌സ്

മുംബൈ | കൂറ്റന്‍ ടോട്ടലിനെ കരുത്തുറ്റ ചേസിംഗിലൂടെ മറികടന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടുവച്ച 211 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ആറ് വിക്കറ്റും മൂന്ന് പന്തും ശേഷിക്കേയാണ് ലക്‌നൗ പറന്നെത്തിയത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോടായിരുന്നു ചെന്നൈയുടെ പരാജയം.

ടോസ് നേടിയ ലക്‌നോ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പയുടെയും ശിവം ദുബെയുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ചെന്നൈയെ വന്‍ സ്‌കോറിലേക്കെത്തിച്ചത്. ഉത്തപ്പ 27 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ ശിവം ദുബെ നേരിട്ട 30 പന്തില്‍ 49 എടുത്തു. ഇവര്‍ക്കു പുറമെ മോയിന്‍ അലി (22ല്‍ 35), അമ്പാട്ടി റായിഡു (20ല്‍ 27), രവീന്ദ്ര ജഡേജ (ഒമ്പതില്‍ 17) എന്നിവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. അവസാന ഓവറില്‍ ക്രീസിലെത്തിയ എം എസ് ധോണി 16 റണ്‍സെടുത്തു.

കൂറ്റന്‍ ലക്ഷ്യത്തെയാണ് നേരിടുന്നതെന്നതിന്റെ ലാഞ്ചന പോലുമില്ലാത്ത ബാറ്റിംഗാണ് ലക്‌നോ പുറത്തെടുത്തത്. നായകന്‍ കെ എല്‍ രാഹുലും ക്വിന്റന്‍ ഡി കോക്കും തുടങ്ങിവച്ച വെടിക്കെട്ട് പിന്നീട് എവിന്‍ ലൂയിസും ആയുഷ് ബദോനിയും ഏറ്റെടുത്തു. രാഹുല്‍ 26ല്‍ 40 നേടിയപ്പോള്‍ ഡികോക്ക് 45 പന്തില്‍ 61 റണ്‍സെടുത്തു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 99 റണ്‍സാണ് ഇവര്‍ അടിച്ചെടുത്തത്. എവിന്‍ ലൂയിസ് 23ല്‍ 55 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബദോനി ഒമ്പതു പന്തില്‍ 19 സ്‌കോര്‍ ചെയ്തു.



source https://www.sirajlive.com/what-a-210-run-the-giants-defeated-the-kings-by-six-wickets.html

Post a Comment

Previous Post Next Post