എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയം 25 മുതൽ

പാലക്കാട് | ‘അൽ ഫിഖ്ഹുൽ ഇസ്ലാമി: സമഗ്രതയുടെ പ്രയോഗങ്ങൾ’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക് തിയോളജി വിദ്യാർഥികളുടെ കോൺഫറൻസായ സെൻസോറിയം മാർച്ച് 25, 26,27 തീയതികളിൽ കൊമ്പം മർകസുൽ ഹിദായ കാമ്പസിലെ ബൂത്വി സ്ഫിയറിൽ നടക്കും. അറിവന്വേഷണത്തിന്റെ പുതിയ ചിന്തകൾ രൂപീകരിക്കാനും ബോധന രീതികളുടെ നവീകരണവും ലക്ഷ്യമിട്ട് രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന സെൻസോറിയത്തിന്റെ നാലാമത് എഡിഷനാണിത്.

ഇസ്ലാമിക കർമശാസ്ത്രത്തെ കേന്ദ്ര പ്രമേയമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെൻ സോറിയത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി കെ ജാബിർ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ നിർവഹിക്കും. മുഫ്തി ളിയാഉദ്ദീൻ നഖ്ശബന്ധി ഹൈദരാബാദ്, ജാമിഅ നിസാമിയ്യയിലെ ചീഫ് പാട്രേൺ മുഫ്തി ഖലീൽ അഹ്മദ് സാഹബ്, ശൈഖ് അൻവർ ദാഗിസ്ഥാൻ, ശൈഖ് തൗഫീഖ് റമസാൻ ബൂത്വി മുഖ്യാതിഥികളായി പങ്കെടുക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം,കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എസ് എസ് എഫ് ദേശീയ പ്രസിഡൻ്റ് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, സംസ്ഥാന ജന.സെക്രട്ടറി സി എൻ ജഅഫർ, സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി സംസാരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെൻസോറിയത്തിൽ സമകാലിക പ്രാധാന്യമുള്ള വിവാഹം, കുടുംബം, ജൻഡർ, ജിഹാദ് , സകാത്ത്, മുത്ത്വലാഖ്, ഖുൽഅ, ഹിജാബ്, ഇസ്ലാമിക് ഇക്കോണമി, വഖഫ്, ഇസ്ലാമിക് പീനൽ കോഡ് തുടങ്ങി 35 വിഷയങ്ങളെ കുറിച്ചുള്ള പഠനവും ചർച്ചയുമുണ്ടാകും. പ്രമുഖ മത പണ്ഡിതൻമാരും, അക്കാദമിക് വിദഗ്ധരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫിഖ്ഹ് എക്സ്പോയും സെൻസോറിയത്തിന്റെ ഭാഗമായി നടക്കും. മാർച്ച് 25ന് രാവിലെ പത്ത് മണിക്ക് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ എക്സ്പോ ഉദ്ഘാടനം ചെയ്യും. മൂന്ന് വേദികളിലായി നടക്കുന്ന സെൻസോറിയത്തിൽ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 500 മത വിദ്യാർഥികളാണ്  പ്രതിനിധികൾ. മാർച്ച് 27 ന് നടക്കുന്ന സമാപന സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിക്കും.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി ആർ കെ മുഹമ്മദ്, എം ജുബൈർ, മുഹമ്മദ് നിയാസ് കോഴിക്കോട്, സ്വാഗത സംഘം ചെയർമാൻ ഉണ്ണീൻ കുട്ടി സഖാഫി പാലോട്, കൺവീനർ അബൂബക്കർ അവണക്കുന്ന് സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബശീര്‍, ജില്ലാ ജന.സെക്രട്ടറി കെ എം ശഫീഖ് സഖാഫി, സ്വാഗതസംഘം ചെയര്‍മാന്‍ ഉണ്ണീന്‍ കുട്ടി സഖാഫി പാലോട് വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.


source https://www.sirajlive.com/from-the-ssf-students-islamic-censorium-25.html

Post a Comment

أحدث أقدم