തോറ്റമ്പിയ നയതന്ത്രം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി പൊങ്ങച്ചം പറയുന്നവര്‍ക്ക് ചെറുതല്ലാത്ത തിരിച്ചടിയേകുന്ന സാഹചര്യമാണ് ഇപ്പോള്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഉണ്ടാക്കിയിരിക്കുന്നത്. വ്ലാദിമിര്‍ പുടിന്റെ യുക്രൈന്‍ യുദ്ധത്തെ അന്താരാഷ്ട്ര തലത്തില്‍ എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ ഇന്ത്യ നേരിടുന്ന ആശയക്കുഴപ്പം ചെറുതല്ല. ദീര്‍ഘ നാളത്തെ നയതന്ത്ര-സൈനിക പങ്കാളിയെന്ന നിലക്ക് റഷ്യയെ പിണക്കാന്‍ പോന്ന ധൈര്യം എന്തായാലും മോദിക്കില്ല.

യുക്രൈന്‍ ആക്രമണത്തോടെ റഷ്യ വെല്ലുവിളിക്കുന്നത് അമേരിക്കയെയും നാറ്റോയെയുമാണ്. അമേരിക്കയുടെ ചേരിയിലല്ലാതെ നില്‍ക്കാനുള്ള സ്ഥിതി ഇന്ത്യക്കിപ്പോള്‍ ഇല്ല താനും. ചൈന ഏതുനിമിഷവും നടത്തിയേക്കാവുന്ന ശക്തമായ സൈനിക നീക്കത്തിനു മുന്നില്‍ ഇന്ത്യ കൂട്ടിന് അമേരിക്കയെ കണക്കാക്കുന്നുണ്ട്. ട്രംപ് കൊണ്ടുനടന്നിരുന്ന അമേരിക്കന്‍ സഖ്യസാധ്യതയില്‍ അഭിരമിച്ചു പോയ ലോക നേതാക്കളിലൊരാളായിരുന്നു മോദി. ബൈഡന്റെ കീഴില്‍ അമേരിക്കയുടെ നയങ്ങളില്‍ കാര്യമായ മാറ്റം വന്നുവെന്ന് യുക്രൈനിലെ റഷ്യന്‍ അധിനിവേശക്കാലത്തെ അമേരിക്കന്‍ നടപടി സംശയം നീട്ടുന്നുണ്ട്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം വരുമ്പോള്‍ ഇന്ത്യ വിട്ടുനിന്ന് കാഴ്ചക്കാരാകാം എന്ന് തീരുമാനിക്കുന്നത് രണ്ട് വഞ്ചിയിലും കാലിടാനുള്ള പെടാപാടിനാലാണ്.
യുക്രൈന്റെ കൂടെയോ റഷ്യയുടെ കൂടെയോ ഏതെങ്കിലും പക്ഷത്തില്‍ ചേരാതെ നിന്ന നിലപാട് ചേരിചേരാ നയത്തിന്റെ തുടര്‍ച്ചയാണെന്ന് ചിലര്‍ പറഞ്ഞുനടക്കുന്നുണ്ട്. എവിടെയും നെഹ്റുവിനെ തള്ളിപ്പറയുന്നവര്‍ ഇപ്പോള്‍ നെഹ്റുവിന്റെ വിദേശനയം ഏറ്റെടുക്കുന്നത് നിവൃത്തികേടുകൊണ്ടാണ്. അല്ലെങ്കിലും ഒരു രാജ്യത്തിന്റെ കടന്നുകയറ്റത്തെ അപലപിക്കാന്‍ വേണ്ട ധൈര്യമില്ലാത്തവര്‍ക്ക് എളുപ്പത്തിന് എടുത്തുപയോഗിക്കാന്‍ പറ്റിയ നിലപാടിന്റെ പേരല്ല ചേരിചേരാ നയം.

ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ ഏകദേശം 50 ശതമാനവും റഷ്യയില്‍ നിന്നായതിനാലും ചൈനയുടെയും പാക്കിസ്ഥാന്റെയുമൊക്കെ റഷ്യന്‍ ബന്ധങ്ങള്‍ ഊഷ്മളമാകുന്നതിനാലും ഇന്ത്യ ഇപ്പോള്‍ വിശദീകരിക്കുന്നതുപോലെ “നിഷ്പക്ഷ നിലപാടെ’ടുക്കുന്നത് മാത്രമാണ് വഴിയെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യ ലോകത്തിന്റെ കേന്ദ്രമാകുന്നതും, “വിശ്വഗുരു’വാകുന്നതും പ്രത്യേക ഇടവേളകളില്‍ ലോകത്തേറ്റവും കരുത്തനായ ലോക നേതാവായി “മോദി തിരഞ്ഞെടുക്കപ്പെട്ടു’ എന്ന പ്രോപഗണ്ട അഭ്യാസങ്ങള്‍ ആവര്‍ത്തിക്കുന്നതും സംഘ്പരിവാര്‍ അവതരിപ്പിക്കുന്ന നാടകക്കസര്‍ത്തുകള്‍ മാത്രമാണെന്ന് ലോകം തിരിച്ചറിയുന്നത് ഇത്തരം വേളകളിലാണ്. അല്ലെങ്കില്‍, എന്തുകൊണ്ടാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോട് ഇന്ത്യക്ക് മൗനം പാലിക്കേണ്ടി വരുന്നതും കാഴ്ചക്കാരനാകേണ്ടി വരുന്നതും?
യുക്രൈന്‍ പ്രതിസന്ധിക്കിടയില്‍ ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് രക്ഷാദൗത്യത്തിനായി രാജ്യത്തോട് കേണപേക്ഷിച്ചത്. എന്നിട്ട് ഇതുവരെ ഒരാളെ പോലും യുക്രൈനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞില്ല. വിമാനത്താവളങ്ങളും എയര്‍സ്ട്രിപ്പുകളും തകര്‍ക്കപ്പെടുകയോ അടച്ചിടപ്പെടുകയോ ചെയ്ത സാഹചര്യത്തില്‍ യുക്രൈനകത്തുനിന്ന് വിമാനമയച്ചുള്ള രക്ഷാപ്രവര്‍ത്തനം പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യുക്രൈനില്‍ നിന്ന് നരക യാതനകള്‍ക്കൊടുവില്‍ രാജ്യത്ത് തിരിച്ചെത്തിയവരും ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നവരും സാക്ഷ്യപ്പെടുത്തുന്ന ഒരു കാര്യം യുക്രൈനിലെ ഇന്ത്യന്‍ എംബസിയും സംവിധാനവും ഒരുപകാരവുമില്ലാത്ത, ഔചിത്യബോധം അത്രയുമില്ലാത്ത ഒരിന്ത്യന്‍ മിഷനാണ് എന്നതാണ്.

പടിഞ്ഞാറന്‍ യുക്രൈനിലെ ലെവിവ്, ഇവനോ ഫ്രാങ്കോവിച്, വിനീഷ്യ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എംബസിയില്‍ നിന്ന് ഒരന്വേഷണവുമില്ലാതെ വന്ന ഘട്ടത്തില്‍ സ്വന്തം ചെലവില്‍ ബസിലും കാറിലും ഇതൊന്നും സൗകര്യപ്പെടാത്തവര്‍ കാല്‍നടയായും പോളണ്ട്, ഹങ്കറി, സ്ലോവാക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തികളിലേക്ക് പോയി. അവിടെ മണിക്കൂറുകളും ചിലപ്പോള്‍ ദിവസങ്ങളും കാത്തുകിടക്കേണ്ടിവന്നു. യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തുന്ന ഇന്ത്യക്കാരെ പരിഗണിക്കാന്‍ അതിര്‍ത്തിയില്‍ എംബസിയില്‍ നിന്നാരും നിയോഗിക്കപ്പെട്ടില്ല. കീവിലെ ഇന്ത്യന്‍ എംബസി കീവിലുള്ള വിദ്യാര്‍ഥികള്‍ക്ക് പോലും സംരക്ഷണവും ആശ്വാസവും നല്‍കാന്‍ തുനിഞ്ഞില്ല. യുക്രൈനിന്റെ തെക്കന്‍ സംസ്ഥാനമായ ഒഡേസ്സയിലെ വിദ്യാര്‍ഥികള്‍ എംബസിയെ കാത്തുനില്‍ക്കാതെ മള്‍ഡോവയിലൂടെ റൊമാനിയയിലേക്ക് വഴി കണ്ടെത്തി. അപ്പോഴും മറ്റേതെങ്കിലും രാജ്യവുമായി അതിര്‍ത്തി പങ്കിടാത്ത തെക്കന്‍ സംസ്ഥാനങ്ങളായ മികലോവിലെയും സപ്രേഷ്യയിലെയും വിദ്യാര്‍ഥികള്‍ എന്തുചെയ്യണമെന്നറിയാതെ പേടിച്ചു കഴിയേണ്ട സ്ഥിതിയായി.

യുക്രൈന്റെ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന ആക്രമണം കടുപ്പിച്ച വേളയില്‍ കീവിലെ വിദ്യാര്‍ഥികളോട് അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തിലും റിസ്‌കിലും റഷ്യയുടേതല്ലാത്ത മറ്റേതെങ്കിലും അതിര്‍ത്തികളിലേക്ക് ഇറങ്ങിപ്പോകാനാണ് ഇന്ത്യന്‍ എംബസി പറഞ്ഞത്. ലോകത്ത് മറ്റേതെങ്കിലും ഒരു എംബസി സ്വന്തം പൗരന്മാരെ വിദേശത്തുള്ള ഒരു യുദ്ധഭൂമിയില്‍ ഇങ്ങനെ ഉപേക്ഷിക്കുമോ എന്നറിയില്ല. അല്ലെങ്കിലും പാസ്പോര്‍ട്ട് നോക്കാനും വിസ പുതുക്കാനും മാത്രമാണോ എംബസി അടക്കമുള്ള സംവിധാനങ്ങള്‍. സ്വന്തം പൗരന്മാരുടെ രക്ഷക്കും സമാധാനത്തിനും ഏതറ്റവും വരെ പോകാന്‍ ആര്‍ജവമുള്ള ഒരു സംവിധാനമായിട്ടല്ലേ നമ്മുടെ എംബസികള്‍ പ്രവര്‍ത്തിക്കേണ്ടത്. യുക്രൈനിലെ യുദ്ധവേളയിലെങ്കിലും ഇന്ത്യന്‍ മിഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ എന്തേ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന ചോദ്യത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അഭിമുഖീകരിക്കാതെ നിര്‍വാഹമില്ല.

യുദ്ധം തുടങ്ങി പത്ത് ദിവസങ്ങള്‍ കഴിയുമ്പോഴും യുക്രൈന്റെ കിഴക്കന്‍ സംസ്ഥാനങ്ങളായ ഖർകീവിലെയും സുമിയിലെയും കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന് ഒരു ധാരണയുമായിട്ടില്ല. പ്രത്യേകിച്ചും സുമിയിലെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഭീതിദമായ യുദ്ധഭാവങ്ങള്‍ കണ്ടും കേട്ടും ഷെൽട്ടറുകളില്‍ തന്നെയാണ്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്ന് റഷ്യന്‍ അതിര്‍ത്തികള്‍ തുറന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ റഷ്യ വഴി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നീക്കം നടത്താന്‍ ഇന്ത്യ ശ്രമിച്ചില്ലെന്ന വിമര്‍ശനങ്ങളുണ്ട്.

കീവിലേതിന് സമാനമായ സാഹചര്യം ഖർകീവിലും വന്നതോടെ സ്വന്തം വഴികള്‍ നോക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായി. അപ്പോഴേക്കും ഖർകീവില്‍ നവീന്‍ എന്ന കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണത്തില്‍ നവീന്റെ ദാരുണ മരണം. യുദ്ധം തുടങ്ങി നരകതുല്യമായ വഴികളിലൂടെ അതിര്‍ത്തികളിലേക്കെത്തും വരെ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ ഒന്നും തന്നെ നമ്മുടെ വിദ്യാര്‍ഥികള്‍ക്കും മറ്റു ഇന്ത്യക്കാര്‍ക്കും എത്തിച്ചുകൊടുക്കാന്‍ എംബസി ശ്രമിച്ചില്ല. ഭക്ഷണം തീര്‍ന്നുപോയപ്പോഴും വിദ്യാര്‍ഥികളുടെ ആവശ്യം സുരക്ഷിതമായ മടക്കം തന്നെയായിരുന്നു.

യുക്രൈനിലെ ട്രെയിനുകള്‍ അഭയാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച് സര്‍വീസ് ആരംഭിച്ചപ്പോഴും ട്രെയിനുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടും ഇറക്കിവിടപ്പെട്ടും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വലിയ യാതനകള്‍ അനുഭവിച്ചു. യുക്രൈന്റെ അകത്ത് എവിടെയും ആര്‍ക്കും ഉപകാരപ്പെടാത്ത ഒന്നായി ഇന്ത്യന്‍ എംബസി മാറി. എല്ലാ കഷ്ടതകളും അനുഭവിച്ച് സര്‍ക്കാറിന്റെ യാതൊരു സഹായവുമില്ലാതെ യുദ്ധഭൂമിയുടെ അതിര്‍ത്തി കടന്ന് വിവിധ രാജ്യങ്ങളിലെത്തിയ വിദ്യാര്‍ഥികളെ വിമാനങ്ങളില്‍ കയറ്റിക്കൊണ്ടുവരുന്നത് വലിയ രക്ഷാ ദൗത്യമായി ആഘോഷിക്കുന്ന തൊലിക്കട്ടിക്ക് മോദിരാജ് എന്ന് മാത്രമാണ് പേര്.

ഓപറേഷന്‍ ഗംഗ മോദിയുടെ പി ആര്‍ പരിപാടിയായി നാണക്കേടുണ്ടാക്കുന്ന സ്ഥിതിയാണെന്ന് സര്‍വരും തിരിച്ചറിയുന്നതിനാലാണ് റൊമേനിയയിലെ ഒരു മേയര്‍, രക്ഷാ ദൗത്യം ഏകോപിപ്പിക്കാന്‍ എന്ന പേരില്‍ അതിര്‍ത്തികളിലേക്ക് അയക്കപ്പെട്ട കേന്ദ്ര മന്ത്രിമാരിലൊരാളായ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും വരെ ഒരുക്കിയത് റൊമേനിയയാണ് ഇന്ത്യയല്ല എന്ന് കൈചൂണ്ടി പറയുന്നത്. സൈനിക വിമാനത്തില്‍ കയറ്റിയിരുത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ഭാരത് മാതാ കീ ജയ് വിളികള്‍ ഏറ്റുവിളിക്കുമ്പോഴും നരേന്ദ്ര മോദിക്ക് സിന്ദാബാദ് വിളികളില്ലാതെ നിശ്ശബ്ദമായി പോകുന്നത് ആ തിരിച്ചറിവ് കൊണ്ട് കൂടിയാണ്.

കരുത്തും നയതന്ത്രവും മികച്ച വിദേശ നയവുമൊക്കെ കാശുകൊടുത്ത് പറയിപ്പിച്ചാല്‍ സ്ഥിരപ്പെടുന്ന സത്യമല്ലെന്ന് മോദിയും കൂട്ടാളികളും മനസ്സിലാക്കില്ല. മനസ്സിലാക്കിയാലും മാറാനോ മാറ്റാനോ ഉള്ള ത്രാണി വ്യാജ വ്യവഹാരങ്ങളുടെ അപ്പോസ്തലര്‍ക്കില്ല. എന്തും ഏറ്റുപിടിക്കുന്ന സംഘ്ഭക്തരുടെ തലച്ചോറും അവരുടെ സൈബറിടങ്ങളും തന്നെയാണ് ഇപ്പോഴും ഈ സംഘത്തിന്റെ കരുത്ത്. ലോകത്തിനു മുന്നില്‍ മുഴുവന്‍ നാണം കെടുമ്പോഴും ചുറ്റും ശത്രുവലയം തടിമൂക്കുമ്പോഴും അകമേ ഭിന്നതയുടെ രാഷ്ട്രീയവും വ്യാജ വ്യവഹാരങ്ങളുടെ പ്രോപഗണ്ട രാഷ്ട്രീയവും തന്നെയാണ് അവരുടെ പ്രമുഖപരിഗണന.



source https://www.sirajlive.com/thotambia-diplomacy.html

Post a Comment

Previous Post Next Post