കോണ്‍ഗ്രസ്സ് നവീകരണം ആരുടെ ബാധ്യത?

കോണ്‍ഗ്രസ്സ് നവീകരിക്കപ്പെടണം എന്ന നിരന്തര വിമര്‍ശങ്ങളുടെ കാരണമെന്താണ് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ്സ് ഈ രാജ്യത്ത് ഒരു അനിവാര്യതയാണ് എന്ന മറുപടിയായിരിക്കും പലര്‍ക്കുമുണ്ടാകുക. പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവരുമ്പോഴെല്ലാം പാര്‍ട്ടി ഈ രാജ്യത്തൊരു അനിവാര്യതയാണെന്ന ബോധ്യം പാര്‍ട്ടി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും എത്രകണ്ട് ഉണ്ടാകുന്നു എന്നതാണ് പ്രശ്നങ്ങളുടെ മര്‍മം. രാജ്യം കടന്നുപോകുന്ന അനിതരസാധാരണമായ പ്രതിസന്ധികളെ മറികടക്കാന്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ചരിത്രത്തിനും കഴിയുമെന്നത് പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുള്ള പൊതു അഭിപ്രായമാണ്. എന്നാല്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ആത്മാര്‍ഥ പരിശ്രമം ഉണ്ടാകണമെന്നും കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ ആവശ്യമുയര്‍ത്തുന്നു.

കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസക്തിയും പ്രതിസന്ധിയും കോണ്‍ഗ്രസ്സിന്റെ പ്രധാന എതിരാളികള്‍ സംഘ്പരിവാരമാണെന്നുള്ളതാണ്. 2014ല്‍ അധികാരത്തിലേക്ക് നടന്നുകയറുമ്പോള്‍ ‘കോണ്‍ഗ്രസ്സ്മുക്ത ഭാരതം’ എന്ന മുദ്രവാക്യം ഉയര്‍ത്തിയ സംഘ്പരിവാര്‍ ഓരോ ഘട്ടത്തിലും കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമുള്ള വഴികളാണ് തേടിയതും ആസൂത്രണം ചെയ്ത് നടപ്പാക്കിയതും. കോണ്‍ഗ്രസ്സ് അധികാരത്തിലേറിയ ഇടങ്ങളില്‍ ഇ ഡിയും സി ബി ഐയും ഭീഷണികളും കുത്തക മുതലാളിമാര്‍ പൈപ്പ് ചെയ്തുകൊടുത്ത പണക്കിഴികളും ഓവര്‍ടൈം പണിയെടുത്ത് ബി ജെ പി നിരന്തരം ജനഹിതത്തെ അട്ടിമറിച്ചുപോന്നു. സുതാര്യ-സംശുദ്ധ രാഷ്ട്രീയം ഉറപ്പില്ലാത്തവര്‍ മറുകണ്ടം ചേക്കേറിക്കൊണ്ടിരുന്നു. ഒരു സംസ്ഥാനത്തെ അധികാരം കൂടി കൈക്കലാക്കുന്നു എന്നതിനേക്കാള്‍ കോണ്‍ഗ്രസ്സ് അപഹസിക്കപ്പെടുന്നു എന്നതിലാണ് സംഘ്പരിവാരം ഏറെ ആനന്ദം കണ്ടെത്തുന്നത്.

കോണ്‍ഗ്രസ്സ്മുക്ത ഭാരതം എന്ന് പറയുന്നതുപോലെ ബി ജെ പിയോ ആര്‍ എസ് എസോ മറ്റേതെങ്കിലും പാര്‍ട്ടിയുടെ ഉച്ഛാടനം പ്രധാന അജന്‍ഡയാക്കി ഉയര്‍ത്തിക്കാട്ടുന്നുണ്ടോ? ഇല്ല എന്ന ഉത്തരം പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ സന്ദേശം ഏറെ പ്രസക്തമാണല്ലോ. കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തി സംഘ്പരിവാരം വിഭാവനം ചെയ്യുന്ന ഇന്ത്യ കോണ്‍ഗ്രസ്സ് ഏത് ആശയങ്ങള്‍ക്കു വേണ്ടിയാണോ നിലകൊണ്ടത് അവയുടെ നിരാകരണമാണ് എന്ന കാര്യത്തില്‍ തീര്‍പ്പുണ്ടല്ലോ. ഹിന്ദുത്വ ആശയങ്ങളുടെ മനുഷ്യത്വരഹിത സംഹിതകള്‍ നിയമമാകുന്ന ഒരു നരകം കോണ്‍ഗ്രസ്സ് നിലനില്‍ക്കുന്നിടത്തോളം കാലം സാധ്യമാകില്ല എന്ന് സംഘ്പരിവാരത്തിന് തിരിച്ചറിവുണ്ട്. കോണ്‍ഗ്രസ്സ് കാലാകാലങ്ങളില്‍ എടുത്ത നിലപാടുകളില്‍ പലതും പിന്നീട് പരോക്ഷമായി സംഘ്പരിവാര്‍ ദുരുപയോഗം ചെയ്യുകയുണ്ടായിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സ് സംഘ്പരിവാരത്തിന്റെ അതേ ആശയത്തെയാണ് പ്രകാശിപ്പിക്കുന്നതെന്ന വിമര്‍ശങ്ങള്‍ അപ്രസക്തമാണ്. അതിന് തെളിവ് കോണ്‍ഗ്രസ്സില്ലാത്ത ഭാരതമെന്ന, ആവര്‍ത്തിച്ചു കേള്‍ക്കുന്ന ബി ജെ പിയുടെ മുദ്രാവാക്യങ്ങളാണ്. കോണ്‍ഗ്രസ്സിന്റെ ഓരോ നിലപാടുകളും സംഘ്പരിവാര്‍ പദ്ധതിയെ മുക്തകണ്ഠം എതിര്‍ക്കുന്നതാണെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. ബാബരി അടക്കമുള്ള വിഷയങ്ങളില്‍ വന്നുപോയ വീഴ്ചകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും കോണ്‍ഗ്രസ്സിനുണ്ടാക്കിയ നഷ്ടം പാര്‍ട്ടിക്ക് അളക്കാനും മനസ്സിലാക്കാനും കഴിയണം. തീവ്രഹിന്ദുത്വം പറയുന്ന സംഘ്പരിവാരത്തെ അതേ രാഷ്ട്രീയത്തില്‍ എതിരിടണമെന്ന ധാരണയില്‍ മൃദുഹിന്ദുത്വം പറയുന്നത് കോണ്‍ഗ്രസ്സിന് ഒരു കാലത്തും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല നഷ്ടങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ. തീവ്ര ഹിന്ദുത്വത്തെ മറികടക്കാന്‍ അതിതീവ്ര ഹിന്ദുത്വം വില്‍ക്കേണ്ടി വരും. അങ്ങനെ കോണ്‍ഗ്രസ്സിന് ചെയ്യാന്‍ നിവൃത്തിയില്ലല്ലോ. പകരം, കോണ്‍ഗ്രസ്സ് ചെയ്യേണ്ടത് തീര്‍ത്തും ബഹുസ്വരമായ ഒരു രാഷ്ട്രീയത്തെ ഉയര്‍ത്തിക്കാണിക്കുകയാണ്. തീവ്ര മത വര്‍ഗീയത സമൂഹത്തില്‍ ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സ് ചെയ്യേണ്ടത്.

കോണ്‍ഗ്രസ്സ് നേരിടുന്നത് ഏറ്റവും അപകടകരമായ രാഷ്ട്രീയ വ്യവഹാരങ്ങളെയാണ്. മതാത്മകമായ ഒരു സൈനിക സങ്കുചിത ദേശീയതയെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച ആശയക്കുഴപ്പം കോണ്‍ഗ്രസ്സ് അടക്കമുള്ള എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. എന്തിനും ഏതിനും അഭിപ്രായ രൂപവത്കരണം നടത്താന്‍ നിര്‍ബന്ധിതമായ സ്ഥാനത്തിരിക്കുന്നതിനാല്‍ തന്നെ കോണ്‍ഗ്രസ്സ് ആണ് ഈ ആശയക്കുഴപ്പം ഏറ്റവും ആഴത്തില്‍ അഭിമുഖീകരിക്കുന്നത്. സൈന്യത്തെ മുന്‍നിര്‍ത്തി, മതധ്രുവീകരണം മുഖ്യപ്രമേയമാക്കി, അപരവത്കരണം സാധ്യമാക്കി ബി ജെ പി വിവിധ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും നടത്തുന്ന രാഷ്ട്രീയ ക്യാമ്പയിനുകളുടെ അപകടമോ പൊള്ളത്തരമോ വിളിച്ചുപറഞ്ഞാല്‍ അതതുപോലെ അടിത്തട്ടിലുള്ള സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള സംവിധാനം കോണ്‍ഗ്രസ്സിനില്ല. ട്വിറ്ററിലും സാമൂഹിക മാധ്യമങ്ങളിലും കോണ്‍ഗ്രസ്സിന് കഴിയുന്ന ഇടപെടലുകളുടെ നാനൂറിരട്ടി ബി ജെ പിയുടെ ഐ ടി സെല്ലടക്കമുള്ള വ്യാജ വ്യവഹാര നിര്‍മാതാക്കള്‍ ഇടതടവില്ലാതെ ചെയ്യുന്നുമുണ്ട്. അതായത് കോണ്‍ഗ്രസ്സ് പറയുന്നതും ചെയ്യുന്നതും ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് മാത്രമല്ല, പറയാത്തതും ചെയ്യാത്തതും അത്യധികം അപകടകരമാംവിധം രൂപവൈകൃതങ്ങളോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെയെത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സാമൂഹിക മാധ്യമ രംഗത്തെ ഭീമന്മാരായ ഫേസ്ബുക്കും ട്വിറ്ററും വരെ സംഘ്പരിവാരത്തോട് അനുഭാവപൂര്‍ണമായ സമീപനം കാണിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ബി ജെ പിയുടെ നുണ ഫാക്ടറികളെ നേരിടാന്‍ കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ പാര്‍ട്ടിക്ക് ജനകീയ ബദലുകളെ കുറിച്ച് ആലോചിക്കാന്‍ കഴിയാത്തത് കഷ്ടമാണ്. ഒപ്പം, സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം സജീവമാക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതും പാര്‍ട്ടി ഗൗരവത്തില്‍ ചിന്തിക്കണം.

കോണ്‍ഗ്രസ്സിന്റെ ആശയരൂപവത്കരണവും നിലപാടും പ്രവര്‍ത്തന രീതിയും എങ്ങനെയാകണമെന്ന് കോണ്‍ഗ്രസ്സ് കൂട്ടായ ചര്‍ച്ചകളിലൂടെ വേണം തീരുമാനിക്കാന്‍. ചിന്തന്‍ ശിബിരങ്ങളും പ്ലീനറി സമ്മേളനങ്ങളും വ്യാഴവട്ടം കൂടുമ്പോള്‍ നടത്താമെന്ന അലസഭാവം പാര്‍ട്ടി മാറ്റണം. തികഞ്ഞ പ്രൊഫഷനലുകളായ ചില ഉപദേശകരുടെ സീസണല്‍ നയപരിപാടികള്‍ മാത്രമായാല്‍ വര്‍ത്തമാന രാഷ്ട്രീയ വഴികളില്‍ നിന്ന് പാര്‍ട്ടി അകന്നുപോകുമെന്ന തിരിച്ചറിവ് വേണം. ബി ജെ പിയുടെ രാഷ്ട്രീയത്തെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് നിരന്തര നിരീക്ഷണങ്ങളും സംവാദങ്ങളും പാര്‍ട്ടിക്കകത്ത് വേണം. ബി ജെ പി ഇട്ടുതരുന്ന വിഷയങ്ങളില്‍ ചുറ്റിപ്പറ്റി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാതെ കോണ്‍ഗ്രസ്സിന് സ്വയം ചില വ്യവഹാരങ്ങള്‍ നിര്‍മിക്കാനും ദേശീയ രാഷ്ട്രീയത്തെ അതിന്റെ വഴിക്ക് നടത്താനും കഴിയണം. ഇക്കാര്യത്തില്‍ പലപ്പോഴും രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും അതേറ്റെടുക്കാന്‍ മറ്റു നേതാക്കള്‍ക്കോ പാര്‍ട്ടി ഘടകങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ പലപ്പോഴും സാധിക്കുന്നില്ല. ഗ്രാമങ്ങളില്‍ ഇപ്പോഴും കോണ്‍ഗ്രസ്സ് വേരുകളുണ്ട്. ഒരു തലമുറ ഇപ്പോഴും പഴയ കോണ്‍ഗ്രസ്സിനെ ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പോലും അവരിലേക്ക് നേരിട്ടെത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്നതാണ് വെല്ലുവിളി. കൂറ്റന്‍ റാലികള്‍ വോട്ടാകാത്തതും ഇതുപോലെ താഴേത്തട്ടിലെ പാര്‍ട്ടിയുടെ സജീവതയുടെ പോരായ്മയാണ്. അതേറ്റവും കൂടുതല്‍ മനസ്സിലാകുന്നത് ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, യു പി, ഹരിയാന, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിലാകട്ടെ 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഗ്രാമീണ മേഖലകളില്‍ വലിയ മുന്നേറ്റം നടത്തി. എന്നാല്‍ ഇപ്പോള്‍ ഇതേ മേഖലയില്‍ വലിയ ദൗര്‍ബല്യം അനുഭവിക്കുകയും ചെയ്യുന്നുണ്ട്.

 



source https://www.sirajlive.com/whose-responsibility-is-the-congress-reform.html

Post a Comment

Previous Post Next Post