ബസ് സമരവും സ്വകാര്യ ബസ് വ്യവസായത്തിന്റെ ഭാവിയും

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരീക്ഷ അടുത്ത ഘട്ടത്തിലോ പരീക്ഷ നടക്കുമ്പോഴോ ആണ് സാധാരണ ഗതിയില്‍ സ്വകാര്യ ബസ് സമരം ആരംഭിക്കാറുള്ളത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കാനുള്ള സമ്മര്‍ദ തന്ത്രമെന്ന നിലയിലാണ് ബസുടമകള്‍ ഈ സമയം തന്നെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടു കൊണ്ടുള്ള ബസ് സമരം. ഇത് സാധാരണ യാത്രക്കാരെ വിശേഷിച്ച് പരീക്ഷക്കു പോകുന്ന വിദ്യാര്‍ഥികളെയും ചികിത്സക്കായി ആശുപത്രികളിലേക്ക് പോകേണ്ട രോഗികളെയും വല്ലാതെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ 90 ശതമാനവും യാത്രക്ക് ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. കൊവിഡിനു മുമ്പ് 12,000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. കൊവിഡിനു ശേഷം അതിന്റെ പകുതി ബസുകളേ നിരത്തിലിറങ്ങിയിട്ടുള്ളൂ. അവ കൂടി ഓടാതായത് സാധാരണക്കാരുടെ യാത്ര ദുഷ്‌കരമാക്കും.

സമരം ജനത്തെ ബാധിക്കാതിരിക്കാന്‍ കെ എസ് ആര്‍ ടി സി യൂനിറ്റുകളിലുള്ള മുഴുവന്‍ ബസും സര്‍വീസിനിറക്കാനും ആശുപത്രി, എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് പ്രത്യേക സര്‍വീസ് നടത്താനും നിര്‍ദേശം നല്‍കുകയും ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും സ്വകാര്യ ബസുകളെ അപേക്ഷിച്ച് എണ്ണത്തില്‍ ഏറെ കുറവായ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ യാത്രക്കാരില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ പ്രയോജനം ചെയ്യുന്നുള്ളൂ. ഒരു ബസില്‍ ദിവസം 600 ആളുകള്‍ യാത്ര ചെയ്യുന്നു എന്ന് കണക്കാക്കിയാല്‍ സ്വകാര്യ ബസുകള്‍ ദിനംപ്രതി 50 ലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ട്. അധികൃതര്‍ എത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചാലും ദുര്‍ബലമായ കെ എസ് ആര്‍ ടി സി സംവിധാനത്തിന് ഇത്രയും യാത്രക്കാരെ ഉള്‍ക്കൊള്ളാനാകില്ലെന്നു വ്യക്തമാണ്. സാധാരണ ദിവസത്തെ കെ എസ് ആര്‍ ടി സി യാത്രക്കാരുടെ എണ്ണം 18 ലക്ഷമാണെന്നാണ് ഏകദേശ കണക്ക്.

ഇന്ധന വില അടിക്കടി വര്‍ധിച്ചിട്ടും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉയര്‍ത്തുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കൊവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്‍വെക്കുന്നത്. ഈ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പത് മുതല്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചതാണ്. ബസുടമകളുടെ ആവശ്യങ്ങള്‍ വലിയൊരളവോളം ന്യായമാണെന്നും താമസിയാതെ അത് പരിഗണിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്ന് സമരം പിന്‍വലിച്ചതെന്നും അതുകഴിഞ്ഞ് മാസങ്ങള്‍ കടന്നു പോയിട്ടും ടിക്കറ്റ് നിരക്ക് വര്‍ധനയും മറ്റ് ആവശ്യങ്ങളും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരം പ്രഖ്യാപിക്കേണ്ടി വന്നതെന്നുമാണ് ബസുടമകള്‍ പറയുന്നത്.

ന്യായമെന്താണെങ്കിലും സമരത്തിന് തിരഞ്ഞെടുത്ത സമയം ശരിയായില്ല. ഗതാഗത മന്ത്രി അഭിപ്രായപ്പെട്ടതു പോലെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷാ കാലത്തെ പണിമുടക്ക് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ബസ് ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച സാഹചര്യത്തല്‍ വിശേഷിച്ചും. വര്‍ധന എന്ന് മുതല്‍ നടപ്പാക്കണമെന്നതിലും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് സംബന്ധിച്ചും മാത്രമേ ഇനിയും തീരുമാനമാകാനുള്ളൂ. സ്വകാര്യ ബസ് ഉടമകള്‍ ചര്‍ച്ചക്കുവന്നാല്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ബസ് ചാര്‍ജിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ അയല്‍ സംസ്ഥാനങ്ങളില്‍ ബസുകള്‍ ലാഭകരമായി സര്‍വീസ് നടത്തുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം ബസ് നിരക്ക് കൂട്ടാന്‍ തത്വത്തില്‍ തീരുമാനമായ സാഹചര്യത്തില്‍, അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ബസ് ഓണേഴ്സ് അസ്സോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഒരു പണിമുടക്ക് സമരത്തിലേക്കെത്തിക്കാതെ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാറും ശ്രമിക്കേണ്ടതായിരുന്നു. ബസ് മുതലാളിമാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു നാടകമാണ് ഗതാഗത വകുപ്പ് ഇപ്പോള്‍ കളിക്കുന്നത്. കെ എസ് ആര്‍ ടി സി ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കെ നിരക്കു വര്‍ധന സര്‍ക്കാറിന്റെ കൂടി ആവശ്യമാണ്. മാത്രമല്ല റോഡ് നികുതിയും വര്‍ധിക്കും.

ബസ് വ്യവസായികളും സര്‍ക്കാറും ഒത്തുകളിച്ച് ഇടക്കിടെ ഉയര്‍ന്ന ബസ് ചാര്‍ജ് അടിച്ചേല്‍പ്പിക്കുന്നത് ബസ് വ്യവസായത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുന്നുണ്ടെന്ന വസ്തുത ഇരുവിഭാഗവും കാണാതെ പോകരുത്. അഞ്ച് വര്‍ഷം മുമ്പ് സംസ്ഥാനത്ത് 30,000 സ്വകാര്യ ബസുകളുണ്ടായിരുന്നെങ്കില്‍ ഇന്നവയുടെ എണ്ണം നാലിലൊന്നായി ചുരുങ്ങി. അതേസമയം സ്വകാര്യ വാഹനങ്ങളുടെ എണ്ണം അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയുമാണ്. 1,000 പേര്‍ക്ക് 425 വാഹനമുണ്ട് കേരളത്തില്‍. ദേശീയ ശരാശരി 1,000 പേര്‍ക്ക് 18 വാഹനം മാത്രവും. അമേരിക്ക പോലുള്ള വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം. ജീവനക്കാരിലും ഉയര്‍ന്ന വിദ്യാര്‍ഥികളിലും നല്ലൊരു വിഭാഗവും നിലവില്‍ റോഡ് യാത്രക്ക് ബസിനു പകരം ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിര വരുമാനമില്ലാത്തവരും ടൂ വീലര്‍ ഓടിക്കാന്‍ അറിയാത്തവരുമാണ് ബസ് യാത്രക്കാരില്‍ ഗണ്യവിഭാഗവും. ആളുകളുടെ സാമ്പത്തികമായ വളര്‍ച്ച മാത്രമല്ല ഈ മാറ്റത്തിനു കാരണം, റോഡ് യാത്രക്ക് നിലവിലെ ബസ് ചാര്‍ജ് കൊണ്ട് രണ്ട് പേര്‍ക്ക് ടൂവീലര്‍ യാത്ര നടത്താന്‍ പറ്റുന്ന അവസ്ഥ വന്നതുകൊണ്ടു കൂടിയാണ്. അത്രയും ഉയര്‍ന്നതാണ് കേരളത്തിലെ ബസ് ചാര്‍ജ് നിരക്ക്. ഇലക്ട്രിക് ബൈക്കുകള്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കെ ഭാവിയില്‍ ബസ് യാത്രക്കാരുടെ എണ്ണം ഇനിയും കുത്തനെ ഇടിയാനാണ് സാധ്യത. ഇതോടെ ബസ് വ്യവസായം കൂടുതല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും.

 



source https://www.sirajlive.com/the-bus-strike-and-the-future-of-the-private-bus-industry.html

Post a Comment

Previous Post Next Post