കോൺഗ്രസ്സിൽ നേതൃമാറ്റമല്ല, നയം മാറ്റമാണ് വേണ്ടത്

ഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ്സ് സ്ഥാപക ദിനത്തിൽ സോണിയാ ഗാന്ധി പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തവേ കയർ പൊട്ടി പതാക നിലത്തു വീണത് ഭാവിയിലേക്കുള്ള സൂചനയായിരുന്നോ? അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെ കോൺഗ്രസ്സിന്റെ ഭാവി കൂടുതൽ ആശങ്കാജനകമായിരിക്കയാണ്. പഞ്ചാബ് കൂടി കൈവിട്ടതോടെ കോൺഗ്രസ്സ് ആധിപത്യം ഇപ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി ഒതുങ്ങി. ആനയായി ആലയത്തിൽ വിലസിയിരുന്ന പാർട്ടി തൊഴുത്തിലും കെട്ടാൻ പറ്റാത്ത അവസ്ഥയിലായി. ഇതോടെ ജി 23 നേതാക്കളുടെ നേതൃമാറ്റ ആവശ്യം കൂടുതൽ ശക്തമായിരിക്കയാണ്. കോൺഗ്രസ്സുകാരെ മാത്രമല്ല, മതേതര വിശ്വാസികളെ ഒന്നടങ്കം വേദനിപ്പിക്കുന്നതാണ് ഒന്നിനു പിന്നാലെ ഒന്നായി ഓരോ തിരഞ്ഞെടുപ്പിലും കോൺഗ്രസ്സ് നേരിടുന്ന ദയനീയ പരാജയം. മോദി ഭരണത്തിൽ മതേതര ഇന്ത്യ ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ബി ജെ പിയെ താഴെയിറക്കി മതേതര ശക്തികൾ അധികാരത്തിലേറിയില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി കൂടുതൽ ഇരുളടയുമെന്നത് അവിതർക്കിതം. ഈ പ്രക്രിയക്ക് കോൺഗ്രസ്സിലേക്കാണ് എല്ലാവരും ഉറ്റു നോക്കിയിരുന്നത്. മതേതര പാളയത്തിൽ കോൺഗ്രസ്സ് ഒഴിച്ച് മറ്റു പാർട്ടികളെല്ലാം പ്രാദേശികമാണ്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ഒതുങ്ങുന്നു അവരുടെ ബലം. മെലിഞ്ഞൊട്ടിയെങ്കിലും കോൺഗ്രസ്സിന് ഇപ്പോഴും മിക്ക സംസ്ഥാനങ്ങളിലും വേരുകളുണ്ട്. വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചാൽ പൂർവപ്രതാപം കൈവരിക്കാനായില്ലെങ്കിലും ബി ജെ പിക്കൊരു ബദൽ എന്ന അവസ്ഥയിലേക്ക് ഉയരാൻ പാർട്ടിക്കു സാധിച്ചു കൂടായ്കയില്ല.

നേതൃമാറ്റം മാത്രമാണോ ഇതിനു പരിഹാരം? പാർട്ടിയിൽ ചിലർ ആവശ്യപ്പെടുന്നത് പോലെ നെഹ്‌റു കുടുംബത്തെ മാറ്റി നിർത്തിയാൽ പരിഹരിക്കപ്പെടാകുന്നതാണോ പാർട്ടിയിലെ പ്രശ്‌നങ്ങൾ? എന്തു പോരായ്മകളുണ്ടെങ്കിലും ഇതര നേതാക്കളെ അപേക്ഷിച്ച് അണികളുടെ പിന്തുണ കൂടുതൽ ഗാന്ധി കുടുംബത്തിന് തന്നെയാണ് ഇപ്പോഴും. അവരെ മാറ്റിനിർത്തിയാൽ നേതൃതലത്തിൽ കൂടൂതൽ പ്രശ്‌നങ്ങൾ ഉടലെടുക്കാനാണ് സാധ്യത. തലമാറ്റത്തിലുപരി നയങ്ങളിൽ അടിമുടി പൊളിച്ചെഴുത്താണ് കോൺഗ്രസ്സിന്റെ പുനരുജ്ജീവനത്തിന് പരിഹാരമായി രാഷ്ട്രീയ നിരീക്ഷകർ നിർദേശിക്കുന്ന മാർഗം.

ഫാസിസവും ഹിന്ദുത്വയും മുഖമുദ്രയാക്കിയ ബി ജെ പിയുടെ അധീശത്വത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയും ഇക്കാലമത്രയും രാജ്യം ഉയർത്തിപ്പിടിച്ച മതേതരത്വം സംരക്ഷിക്കുകയുമാണ് കോൺഗ്രസ്സിന്റെ മുന്നിലുള്ള മുഖ്യകടമ. എന്നാൽ, മതേതരത്വം മുറുകെ പിടിക്കുന്നതിന് പകരം മൃദു ഹിന്ദുത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടി. ഈ മാറ്റമാണ് കോൺഗ്രസ്സിന് സംഭവിച്ച ഏറ്റവും വലിയ അബദ്ധം. ബാബരി മസ്ജിദ് തകർക്കുന്നതിന് സംഘ്പരിവാർ ശക്തികൾക്ക് ഒത്താശ ചെയ്തുകൊടുക്കുകയും തുടർന്ന് ഹിന്ദുത്വ ഫാസിസ്റ്റുകൾ നടത്തിയ ന്യൂനപക്ഷ വേട്ടക്ക് മുന്നിൽ നിഷ്‌ക്രിയമാവുകയും ചെയ്തപ്പോഴാണ് കോൺഗ്രസ്സിന്റെ പതനത്തിനു ആക്കംകൂടിയത്. ഇതിന്റെ പിന്തുടർച്ചയെന്നോണം ഉത്തരേന്ത്യയിൽ ഇപ്പോഴും പല കോൺഗ്രസ്സ് നേതാക്കളും മൃദു ഹിന്ദുത്വ സമീപനമാണ് പുലർത്തി വരുന്നത്. തിരഞ്ഞെടുപ്പുകളിൽ ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുന്ന ഹൈന്ദവരെ തിരിച്ചുകൊണ്ടുവരാനാണ് മൃദുഹിന്ദുത്വ നിലപാടെന്നാണ് ഉത്തരേന്ത്യൻ കോൺഗ്രസ്സ് നേതാക്കളുടെ ന്യായീകരണം. യു പിയിൽ മതന്യൂനപക്ഷങ്ങൾ കോൺഗ്രസ്സിനെ കൈയൊഴിഞ്ഞ് സമാജ്‌വാദി പാർട്ടിയെ പിന്തുണക്കാനിടയാക്കിയത് പാർട്ടിയുടെ ഈ നയവൈകല്യമാണ്. പ്ലാനിംഗ് കമ്മീഷൻ മുൻ അംഗം സയ്യിദ് ഹമീദ്, ജെ എൻ യു പ്രൊഫസർ സോയ ഹസൻ തുടങ്ങി രാജ്യത്തെ പ്രമുഖ മുസ്‌ലിം നേതാക്കളുടെ പതിനൊന്നംഗ സംഘം 2018 മെയിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ഉത്തരേന്ത്യൻ കോൺഗ്രസ്സ് നേതൃത്വത്തിന്റെ മൃദുഹിന്ദുത്വ സമീപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം നിവേദക സംഘത്തിന്റെ ആശങ്ക ദുരീകരിക്കുമെന്ന് അന്ന് രാഹുൽഗാന്ധി ഉറപ്പ് നൽകിയതാണ്. വർഷം നാല് കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു പുനഃപരിശോധനയും ഉണ്ടായിട്ടില്ല.

ശക്തനായ ഒരു പാർട്ടി പ്രസിഡന്റിന്റെ അഭാവമാണ് പാർട്ടി അഭിമൂഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയാണ് നിലവിൽ പാർട്ടിയെ നയിക്കുന്നത്. നേതൃപദവിയിലെ അനിശ്ചിതത്വം നീക്കാൻ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ഒടുവിൽ ചേർന്ന എ ഐ സി സി ജനറൽ സെക്രട്ടറിമാരുടെയും പി സി സി അധ്യക്ഷന്മാരുടെയും യോഗവും പ്രവർത്തക സമിതിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അടുത്ത ഒക്‌ടോബറിൽ ചേരാനിരിക്കുന്ന എ ഐ സി സി സമ്മേളനത്തിലേക്ക് നീട്ടിവെച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം ഇക്കാര്യം. സംഘടനാ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്ന ആവശ്യവും പാർട്ടിയുടെ ഉന്നത നേതൃത്വം കേട്ട മട്ടുകാണിച്ചിട്ടില്ല. കേഡർ സ്വഭാവമുള്ള പാർട്ടികളിലെപ്പോലെ കർശനമായ അച്ചടക്കമോ അച്ചടക്ക നടപടികളോ ഇല്ലകോൺഗ്രസ്സിൽ. ഈ അയഞ്ഞ ചട്ടക്കൂടാണ് പാർട്ടിയെ ഗ്രൂപ്പ് പ്രവർത്തനത്തിന്റെയും പാരവെക്കലിന്റെയും വിളനിലമാക്കി മാറ്റിയത്. എല്ലാ സംസ്ഥാനത്തും നേരിടുന്നുണ്ട് പാർട്ടി ഗ്രൂപ്പിസം. പഞ്ചാബിൽ ദയനീയ പരാജയം ഏറ്റുവാങ്ങാനും മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെടാനും ഇടയാക്കിയത് വലിയൊരളവോളം ഗ്രൂപ്പിസമാണ്. ശക്തനായ ഒരു അധ്യക്ഷന്റെ അഭാവം ഗ്രൂപ്പിസവും തമ്മിൽതല്ലും ഇനിയും വർധിക്കാൻ ഇടയാക്കും. ദേശീയ നേതൃനിരയിലെ പ്രമുഖരായ 23 നേതാക്കൾ ഒരു പ്രത്യേക ഗ്രൂപ്പായി തിരിയാനും നേതൃമാറ്റം ആവശ്യപ്പെട്ട് തുറന്ന കത്തെഴുതാനും ഇടയാക്കിയത്, സുപ്രധാന കാര്യങ്ങളിൽ സമയോചിതമായി തീരുമാനങ്ങൾ എടുക്കുന്നതിൽ നേതൃത്വം കാണിച്ച അലംഭാവമായിരുന്നല്ലോ. അടിക്കടിയുള്ള പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ ഹൈക്കമാൻഡ് ഇനിയെങ്കിലും സന്നദ്ധമാകുമോ?



source https://www.sirajlive.com/what-is-needed-is-a-change-of-policy-not-a-change-of-leadership-in-congress.html

Post a Comment

أحدث أقدم