ദ്വിദിന സന്ദര്‍ശനം; റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്ത്യയില്‍

ന്യൂഡല്‍ഹി | റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനാര്‍ഥമാണ് അദ്ദേഹം രാജ്യത്തെത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും സെര്‍ജി ലാവ്റോവ് കൂടിക്കാഴ്ച നടത്തും. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്നതും, ഉഭയകക്ഷി വ്യാപാരത്തിന് രൂപ-റൂബിള്‍ ഇടപാട് സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍.

യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സെര്‍ജി ലാവ്റോവിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. യു എസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനാണ് റഷ്യയുടെ നീക്കം. ഇന്ന് വൈകുന്നേരത്തോടെയാണ് സെര്‍ജി ലാവ്റോവ് ന്യൂഡല്‍ഹിയിലെത്തിയത്.

റഷ്യയില്‍ നിന്ന് എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കും. വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാന്‍ തയാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍ വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജര്‍മന്‍ വിദേശ സുരക്ഷാ നയ ഉപദേഷ്ടാവ് യെന്‍സ് പ്ലോട്‌നറും ഡല്‍ഹിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.

 



source https://www.sirajlive.com/two-day-visit-russian-foreign-minister-sergei-lavrov-in-india.html

Post a Comment

Previous Post Next Post