ചൂട് വര്‍ധിച്ചു; മസ്ജിദുല്‍ ഹറമില്‍ പുതിയ 250 മിസ്റ്റ് ഫാനുകള്‍ കൂടി

മക്ക | മക്കയിലെ മസ്ജിദുല്‍ ഹറമില്‍ തീര്‍ഥാടകര്‍ക്ക് കനത്ത ചൂടില്‍ നിന്നും ആശ്വാസമേകി ഹറം കാര്യ മന്ത്രാലയം പുതിയ 250 മിസ്റ്റ് ഫാനുകള്‍ കൂടി സ്ഥാപിച്ചു. സ്‌പ്രേ എയര്‍ കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ഫാനുകള്‍ക്ക് പുറത്തെ വായുവില്‍ നിന്ന് താപോര്‍ജം ആഗിരണം ചെയ്‌തെടുക്കാനും താപനിലയില്‍ കുറവ് വരുത്താനും കഴിയും. ഹറം പള്ളിയുടെ മുറ്റത്താണ് വാട്ടര്‍ മിസ്റ്റ് ഫാനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തുറന്ന സ്ഥലങ്ങളില്‍ (ഓപ്പണ്‍ എയര്‍) വായു മയപ്പെടുത്താനും ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം പമ്പ് ചെയ്യാനും വാട്ടര്‍ മിസ്റ്റിന് സാധിക്കും. വെള്ളം ശുദ്ധീകരിക്കുന്നതിനായി ഫില്‍ട്ടറുകളിലൂടെയുള്ള സഞ്ചാരത്തിന് ഓരോ ഫാനിലും പ്രത്യേക മൈക്രോ നോസിലുകളാണ് സംവിധാനിച്ചിരിക്കുന്നത്. തണുത്ത കോടമഞ്ഞിന്റെ രൂപത്തിലാണ് വെള്ളം പുറത്തേക്ക് വരുന്നത്.

തറനിരപ്പില്‍ നിന്നും നാലു മീറ്റര്‍ ഉയരത്തിലാണ് ഫാനുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. 38 ഇഞ്ച് വ്യാസമുള്ള ഫാനിന്റെ വായു പ്രവാഹം 1100 സി എഫ് എം വേഗതയില്‍ 10 മീറ്റര്‍ ചുറ്റളവിലേക്കാണ് വെള്ളം മഞ്ഞ് രൂപത്തിലെത്തിക്കുന്നത്. നിസ്‌കാര സമയത്തും ഹറമിലെ താപനില ഉയരുന്ന സമയങ്ങളിലും തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സമയങ്ങളിലുമാണ് ഫാനുകള്‍ പ്രവര്‍ത്തിക്കുക.

32 മുതല്‍ 36 ഡിഗ്രി ഷെല്‍ഷ്യസ് വരെ ചൂടാണ് മക്കയില്‍ അനുഭവപ്പെടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ത്ഥാടകരെകൊണ്ട് നിറഞ്ഞിരിക്കുകയാണ് മസ്ജിദുല്‍ ഹറമും പരിസരവും.

 



source https://www.sirajlive.com/the-heat-increased-250-new-mist-fans-at-masjid-al-haram.html

Post a Comment

Previous Post Next Post