ശ്രീലങ്കയിലെ സാമ്പത്തിക ദുരന്തങ്ങളും ഭരിക്കുന്നവരുടെ വിഡ്ഢിത്തങ്ങളും ധാർഷ്ട്യവും വർഗീയ വിഭജന നയങ്ങളും ആ രാജ്യത്തെ ജനതയെ വലിയൊരു തിരിച്ചറിവിലേക്ക് ഉണർത്തുകയാണ്. വിപ്ലവകരമായ ഐക്യപ്പെടലിലേക്കും പൗരബോധത്തിലേക്കും കുതിക്കുന്ന ജനങ്ങളുടെ കടലിരമ്പമാണ് ഗാൾ ഫേസ് റോഡിന്റെ ഇരു വശത്തു നിന്നും കേൾക്കുന്നത്. കൊളംബോയിൽ പ്രസിഡന്റിന്റെ ഓഫീസിന് എതിർവശത്തെ രാജവീഥിയാണ് ഗാൾ ഫേസ്. ഈ കടൽത്തീര നഗരിയിലാണ് ദേശീയതയുടെ വലിയ കെട്ടുകാഴ്ചകൾ അരങ്ങേറാറുള്ളത്. ഇന്ന് അവിടെ യഥാർഥ ദേശീയതയുടെ സത്യസന്ധമായ ആവിഷ്‌കാരങ്ങളാണ് നിറയുന്നത്. ആയിരക്കണക്കിന് പ്രക്ഷോഭകർ അവിടെ തമ്പടിച്ചിരിക്കുന്നു. പ്രസിഡന്റ് രാജിവെക്കണമെന്ന് അവർ മുദ്രാവാക്യം മുഴക്കുന്നു. സമരപ്പാട്ടുകൾ പാടുന്നു. പറയുന്നു, ആശയങ്ങൾ പങ്കുവെക്കുന്നു. തികച്ചും സമാധാനപരം. പ്രത്യേക കൊടിയില്ല. സിംഹളയെന്നോ തമിഴനെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ല. അത്രമേൽ ബഹുസ്വരമാണ് സമരം. ശ്രീലങ്കൻ പോളിറ്റിയുടെ നേർപതിപ്പാണ് ഈ സമരമുഖം. യുവാക്കളാണേറെയും. വേഷം കണ്ടാൽ തിരിച്ചറിയാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി സി എ എ സമരത്തിനിടെ പറഞ്ഞിരുന്നുവല്ലോ. അതിനുള്ള ശ്രീലങ്കൻ മറുപടിയാണ് ഗാൾ ഫേസ് റോഡിൽ കാണുന്നത്.
സിംഹള- തമിഴ് പുതുവർഷ ദിനത്തിൽ അവിടെ തീക്കൂട്ടി സമരഭടൻമാർ പാല് തിളപ്പിച്ചു. അതാണ് ആചാരം. സമരോത്സുകമായിരുന്നു ഇത്തവണത്തെ തിളച്ചു മറിയൽ. ശരിക്കും വെന്തു നീറുന്നത് രജപക്‌സെ കുടുംബാധിപത്യമാണ്. സിംഹള ദേശീയതയെ കത്തിച്ചു നിർത്തി, തമിഴരെയും മുസ്‌ലിംകളെയും അന്യവത്കരിച്ച് എക്കാലവും ഭരിച്ചു കളയാമെന്ന വ്യാമോഹമാണ് അവിടെ കരിഞ്ഞു തീരുന്നത്. ജ്ഞാനസരയെപ്പോലുള്ള ബുദ്ധ ഭിക്ഷു വേഷധാരികളുടെ ചരടിനനുസരിച്ച് ഭരിക്കാനിറങ്ങിയ മഹിന്ദാ രാജപക്‌സെയുടെയും ഗോട്ടബയ രാജപക്‌സെയുടെയും സമ്പൂർണ പതനത്തിനാണ് ശ്രീലങ്ക സാക്ഷ്യം വഹിക്കാൻ പോകുന്നത്. കഴിഞ്ഞ 19ന് പോലീസ് വെടിവെപ്പിൽ ഒരു പ്രക്ഷോഭകൻ കൊല്ലപ്പെട്ടതോടെ സമരത്തിന് കൂടുതൽ ശക്തി കൈവന്നിരിക്കുന്നു. കൊന്നു തള്ളിയാണ് രജപക്‌സേമാർ ശ്രീലങ്കയിൽ വീരപരിവേഷം ഉണ്ടാക്കിയെടുത്തത്. പുലിവേട്ടയുടെ പേരിൽ കൂട്ടക്കൊലചെയ്യപ്പെട്ട തമിഴരുടെ ചോര അത്ര പെട്ടെന്ന് മായ്ച്ചു കളയാനാകില്ല. ഭയപ്പെടുത്തൽ തന്ത്രം ഈ സമരമുഖത്ത് വിലപ്പോകില്ലെന്ന് ഇപ്പോൾ രാജപക്‌സേമാർ മനസ്സിലാക്കിയിട്ടുണ്ടാകും. ഒരാളെ കൊന്നപ്പോൾ പതിനായിരങ്ങൾ സമരമുഖത്തേക്ക് കുതിക്കുകയാണ്. മഹിന്ദയുടെ വിശ്വസ്തനും ഇൻഫർമേഷൻ മന്ത്രിയുമായ നലേകാ ഗോദഹേവാ പ്രക്ഷോഭകരെ അഭിവാദ്യം ചെയ്യാനെത്തിയെന്നതാണ് പുതിയ വാർത്ത.
പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ രാജിയിൽ കുറഞ്ഞതൊന്നും പ്രക്ഷോഭകർക്ക് സ്വീകാര്യമല്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തതിന്റെ ദുരിതം ഞങ്ങൾ സഹിച്ചുകൊള്ളാം. ഞങ്ങളെ ഇങ്ങനെയാക്കിയ ഭരണത്തലവൻ കസേരയൊഴിയണം. ഗോ ഗോട്ടാ ഗോ- ഇതാണ് മുദ്രാവാക്യം. ഈ സമരമുഖത്ത് വംശീയമായ അതിർവരമ്പുകൾ മാഞ്ഞു പോകുകയാണ്. 2009ലെ പുലിവേട്ടയോടെ സമ്പൂർണമായെന്ന് വിലയിരുത്തപ്പെട്ട ശ്രീലങ്കൻ വംശീയ വിഭജനം അതിവേഗം അസ്തമിക്കുകയും പുതിയൊരു സോഷ്യൽ എൻജിനീയറിംഗ് സാധ്യമാകുകയുമാണ്. ദ്വീപ് രാഷ്ട്രത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും ഇതൊരു പാഠമാണ്. ഇന്ത്യയിലെപ്പോലെ അവിടെയും പ്രതിപക്ഷ പാർട്ടികൾക്ക് ആശയക്കുഴപ്പമുണ്ട്. എന്നാൽ യുവാക്കളുടെ സമര ശക്തിയെ അവഗണിക്കാൻ അവർക്ക് സാധിക്കുന്നുമില്ല. ഈ കഠിന കാലം കടന്ന് ശ്രീലങ്ക മുന്നോട്ട് കുതിക്കുമ്പോൾ മുന്നിൽ നിന്ന് നയിക്കാനുള്ള പുതിയ നേതൃനിര ഈ സമരത്തെരുവിൽ നിന്ന് ഉയർന്നു വരും.
മഹിന്ദയുടെയും ഗോട്ടബയയുടെയും സഹോദരനായ ധനമന്ത്രി ബേസിൽ രാജപക്‌സേക്ക് രാജിവെക്കേണ്ടി വന്നു. പകരം വന്നത് മുൻ നിയമമന്ത്രി അലി സബ്‌രിയാണ്. മറ്റൊരു സഹോദരനായ ചമലിനും കസേര പോയി. രാജപക്‌സെമാരുടെ നിയന്ത്രണത്തിലുള്ള പൊതുജന പെരുമുന സഖ്യത്തിൽ നിന്ന് പ്രധാന പാർട്ടികളെല്ലാം സ്ഥലം വിട്ടു. അതോടെ, മന്ത്രിസഭ സമ്പൂർണമായി അഴിച്ചു പണിയാൻ പ്രധാനമന്ത്രി മഹിന്ദ നിർബന്ധിതനായി. അതിനിടക്ക് നിർണായകമായ ചില ഭരണഘടനാ ഭേദഗതികൾ നടത്തി സമരത്തിന്റെ ചൂട് കുറക്കാനിറങ്ങിയിരിക്കുകയാണ് മഹിന്ദാ രാജപക്‌സേ. പുതിയ നീക്കത്തിലൂടെ ഇരുപതാം ഭേദഗതി ദുർബലപ്പെടുത്താനാണ് ആദ്യം ശ്രമിക്കുക. 19ാം ഭേദഗതി തിരിച്ചു കൊണ്ടുവരികയും ചെയ്യും. ഈ രണ്ട് നീക്കവും പ്രസിഡന്റിന്റെ അധികാരങ്ങൾ കുറക്കുന്നതാണ്. ഗോട്ടബയയെ പ്രസിഡന്റ് പദവിയിൽ നിലനിർത്താനുള്ള വഴി തേടുകയാണ് മൂത്ത ചേട്ടൻ. രാജ്യം പ്രസിഡൻഷ്യൽ ഭരണ സംവിധാനത്തിൽ നിന്ന് മാറി പാർലിമെന്ററി സംവിധാനത്തിലേക്ക് നീങ്ങണമെന്നാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിൽ നിന്ന് സമരക്കാരെ പിന്തിരിപ്പിക്കാനും അവരുമായി ചർച്ചക്ക് വഴിയൊരുക്കാനുമാണ് ഭരണഘടനാ ഭേദഗതിയെന്ന കാർഡെടുത്തിടുന്നത്. എന്നാൽ ഈ നീക്കത്തെ വെറും കൗശലമായി കാണേണ്ടതില്ല. പ്രക്ഷോഭത്തിന്റെ വിജയമായി തന്നെ വിലയിരുത്താവുന്നതാണ്. രാജാവ് മെലിയുകയാണ്. ചെറുതായൊന്ന് തലകുനിക്കുകയാണ്.
ഇരുപതാം ഭേദഗതി?
2020 ഒക്‌ടോബറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയ ഇരുപതാം ഭേദഗതി പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരം അനിയന്ത്രിതമാക്കുന്നതായിരുന്നു. സ്വതന്ത്ര ഭരണഘടനാ കൗൺസിലിനും മുകളിൽ പ്രസിഡന്റിനെ പ്രതിഷ്ഠിച്ചു ഈ ഭേദഗതി. അതുവഴി പ്രസിഡന്റിന്റെ തീരുമാനങ്ങൾ റിവ്യൂ ചെയ്യാനുള്ള പാർലിമെന്റിന്റെ അധികാരം ഇല്ലാതെയായി. മാത്രമല്ല ഇരട്ട പൗരത്വമുള്ളവർക്ക് ഇലക്ടറൽ അവകാശം നൽകാമെന്ന വ്യവസ്ഥയും ഈ ഭേദഗതിയുടെ ഭാഗമായി നിലവിൽ വന്നു. സമ്മിശ്ര പ്രതികരണമാണ് ഈ ഭേദഗതിക്കുണ്ടായിരുന്നത്. രാജ്യത്തെ ജനാധിപത്യവാദികൾ ഇതിന്റെ ആദ്യ ഭാഗത്തെ ശക്തിയുക്തം എതിർത്തപ്പോൾ സിംഹള, ബുദ്ധതീവ്രവാദി ഗ്രൂപ്പുകൾ സ്വാഗതം ചെയ്തു. എന്നാൽ ഇരട്ട പൗരത്വ വിഷയത്തിൽ ആക്ടിവിസ്റ്റുകളും ചിന്തകരും പിന്തുണ രേഖപ്പെടുത്തിയപ്പോൾ സിംഹള മത മേധാവികൾ സർക്കാറിനെ കടന്നാക്രമിച്ചു. എക്‌സ്‌ക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ എന്നിവ തമ്മിലുള്ള സന്തുലനം തകർക്കുന്നതാണ് ഭേദഗതിയെന്നാണ് കൊളംബോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ് അടക്കമുള്ള ഏജൻസികൾ വ്യക്തമാക്കിയത്. പുതിയ സാഹചര്യത്തിൽ ഈ ഭേദഗതി നിയമം അസാധുവാക്കാമെന്ന വാഗ്ദാനമാണ് മഹിന്ദാ രാജപക്‌സേ മുന്നോട്ട് വെക്കുന്നത്.
19ാം ഭേദഗതി?
2015ൽ അന്നത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തിടുക്കത്തിൽ തട്ടിക്കൂട്ടിയ നിയമ ഭേദഗതിയാണിത്. പാർലിമെന്റിൽ ഒന്നും രണ്ടും മൂന്നും വായന നടന്നില്ല. ചർച്ചയും ഉണ്ടായില്ല. പ്രധാനമന്ത്രിയെ പിരിച്ചു വിടാനുള്ള പ്രസിഡന്റിന്റെ അധികാരം എടുത്തുകളയുന്നതായിരുന്നു ഈ ഭേദഗതി. മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരവും മരവിപ്പിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ റനിലിന് ഇത്തരമൊരു ഭേദഗതി അനിവാര്യമായിരുന്നു. എന്നാൽ പിന്നീട് സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെടുകയും പ്രസിഡൻഷ്യൽ അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ വിവാദ ഭേദഗതിയിലെ വ്യവസ്ഥകൾ തിരിച്ചു കൊണ്ടുവരാനാണ് മഹിന്ദ ശ്രമിക്കുന്നത്.
മഹിന്ദാ സർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന 21 ാം ഭേദഗതിയോടെ രണ്ട് കാര്യങ്ങൾ ഒരുമിച്ച് നടക്കും. പ്രസിഡന്റിന് അമിത അധികാരം നൽകിയ ഇരുപതാം ഭേദഗതി അസാധുവാകും. പ്രസിഡൻഷ്യൽ അധികാരം വെട്ടിക്കുറച്ച പത്തൊമ്പതാം ഭേദഗതി തിരിച്ചു വരികയും ചെയ്യും. ഫലത്തിൽ, പ്രസിഡന്റിന്റെ അധികാരങ്ങൾ നാമമാത്രമാകും. സർവസൈന്യാധിപനെന്ന പദവിയിലേക്ക് മാത്രമായി പ്രസിഡൻഷ്യൽ അധികാരം ചുരുങ്ങും.
ഇതാണ് ജനകീയ ശക്തിയുടെ വിജയം. മനുഷ്യർ നിരുപാധികം ഐക്യപ്പെട്ടാൽ ഏത് കൊലകൊമ്പൻ ഭരണാധികാരിയും വീഴും. എത്ര ഭൂരിപക്ഷമുണ്ടായിട്ടും കാര്യമില്ല. അതിനർഥം അധികാരത്തിൽ കടിച്ചു തൂങ്ങുന്ന രാജപക്‌സേമാർ കൗശലങ്ങളെല്ലാം ഉപേക്ഷിച്ച് പ്രജാതത്പരരായി മാറുമെന്നും വംശീയ വിവേചനം അവസാനിപ്പിക്കുമെന്നുമല്ല. സ്വന്തം നാടായ ഹമ്പൻതോട്ടയിൽ ചൈനീസ് മുതൽമുടക്കിൽ കൂറ്റൻ തുറമുഖ നഗരം പണിതയാളാണ് മഹിന്ദാ രാജപക്‌സേ. സുനാമി നക്കിത്തുടച്ച, ഒട്ടും സുരക്ഷിതമല്ലാത്ത അവിടെയെന്തിനാണ് അങ്ങനെയൊരു നഗരമെന്ന് ചോദിച്ചവരെ അടിച്ചിരുത്തിയാണ് ചൈനീസ് മൂലധനം അദ്ദേഹം വാരിപ്പുണർന്നത്. ഒടുവിൽ ചൈനക്കാർ സ്ഥലം വിട്ടതോടെ ബാധ്യത മുഴുവൻ ഏറ്റെടുക്കേണ്ടി വന്നത് ശ്രീലങ്കൻ ജനതയാണ്. ഒരു സുപ്രഭാതത്തിൽ നിലവിലെ കൃഷി രീതി നിരോധിച്ച് ജൈവ കൃഷിയിറക്കാൻ ഉത്തരവിട്ടയാളാണ് ഗോട്ടബയ രാജപക്‌സേ. ലോകത്തെ ഏറ്റവും വലിയ വംശീയ വേട്ടയുടെ പേരാണ് എൽ ടി ടി ഇവിരുദ്ധ സൈനിക നീക്കം. ഹലാൽ സർട്ടിഫിക്കേഷനും ശിരോവസ്ത്രവും കൊവിഡ് ബാധിച്ച് മരിച്ച മുസ്‌ലിംകളുടെ മയ്യിത്ത് പരിപാലനവും മുസ്‌ലിം കടകളും പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം സിംഹള ഏകീകരണത്തിനായി പ്രശ്‌നവത്കരിച്ചവരാണവർ. സലഫി തീവ്രവാദികൾ ഈസ്റ്റർ ബോംഗിന് ഒരുമ്പെട്ടിറങ്ങിയപ്പോൾ മുസ്‌ലിംകളെയൊന്നാകെ അന്യവത്കരിച്ച് തിരഞ്ഞെടുപ്പിൽ ജയിച്ചു കയറിയവരാണ് രാജപക്‌സേമാർ. അവർ ഒറ്റയടിക്ക് മര്യാദക്കാരായി മാറുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. എന്നാൽ ഒന്നുണ്ട്. തിരുത്തിക്കാനുള്ള ആന്തരിക ഊർജം ശ്രീലങ്കൻ പൗര സമൂഹത്തിനുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. അത് വലിയ കാര്യമല്ലേ?
കടുത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ട് കൈനീട്ടി യാചിക്കുന്ന ശ്രീലങ്കയെ നോക്കി എല്ലാവരും പറഞ്ഞത് ഇത് കെ റെയിൽ നടപ്പാക്കാനിറങ്ങിയ പിണറായി വിജയനുള്ള പാഠമാണെന്നാണ്. യൂനിയൻ സർക്കാറിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി, നിയമാനുസൃതം പ്രവർത്തിക്കാനും കടമെടുക്കാനും ബാധ്യതപ്പെട്ട സംസ്ഥാനം മാത്രമാണ് പിണറായി ഭരിക്കുന്ന കേരളമെന്ന് പോലും ഓർക്കാതെയാണ് ഈ പാഠം പഠിപ്പിക്കൽ. യഥാർഥത്തിൽ ശ്രീലങ്ക ഓരോ ഇന്ത്യൻ പൗരനുമുള്ള പാഠമാണ്. ഗുജറാത്ത് വംശഹത്യ, നോട്ട് നിരോധനം, ജി എസ് ടി, കശ്മീർ വിഭജനം, ഇന്ധന വില വർധന, ആൾക്കൂട്ട കൊലകൾ, എതിർ സ്വരങ്ങൾക്ക് നേരെയുള്ള പോലീസിംഗ്, ഒടുവിൽ മഹാനവമി- ഹനുമാൻ ജയന്തി അതിക്രമങ്ങൾ. എന്താണ് ഇന്ത്യയിൽ ഒരു മഹാപ്രക്ഷോഭം ഉയർന്നു വരാത്തത്? (കർഷക പ്രക്ഷോഭവും സി എ എ വിരുദ്ധ പ്രക്ഷോഭവും മറക്കുന്നില്ല)ഒരു നേതാവുണ്ടാകാത്തത്? ഇവിടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നയപരമായ വ്യക്തതയുണ്ടാകാത്തത് എന്തുകൊണ്ടാണ്? ശവം ഒഴുകി നടന്ന കൊവിഡ് കാലത്തിന് ശേഷവും ഏത് നെറികേടും മറച്ചു വെക്കാൻ മന്ദിർ രാഷ്ട്രീയം ഉപയോഗിക്കാൻ സാധിക്കുന്നതെന്തുകൊണ്ടാണ്? തിരഞ്ഞെടുപ്പുകൾ 80- 20 മത്സരമാണെന്ന് പറയാൻ ഇപ്പോഴും നാവ് പൊങ്ങുന്നുവല്ലോ. എന്നാണ് ഇന്ത്യയിൽ ഒരു സിവിൽ സമൂഹം ഉയർന്നു വരിക?.
source https://www.sirajlive.com/sri-lanka-is-also-hopeful.html
Post a Comment