ദുരിതപൂർണം അവരുടെ റമസാൻ

മാധാനപരവും ഏറെക്കുറെ സൗഹൃദപരവുമായ സാമൂഹികാന്തരീക്ഷം. വിശ്വാസികളെ സ്വാഗതം ചെയ്യാൻ അറ്റകുറ്റപണികളും പെയിന്റിംഗും നടത്തി മോടിപിടിപ്പിച്ച പളളികൾ, നോമ്പ് തുറക്കു പള്ളികളിൽ വിപുലമായ സൗകര്യങ്ങൾ, മുസ്‌ലിം സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നോമ്പ് അനുഷ്ഠിക്കുകയും ഇഫ്താർ വിരുന്നു സംഘടിപ്പിക്കുകയും ചെയ്യുന്ന അമുസ്‌ലിം കുടുംബങ്ങളും സുഹൃത്തുക്കളും, പാവപ്പെട്ട കുടുംബങ്ങളെ തേടിയെത്തുന്ന റിലീഫ് കിറ്റുകൾ, സുരക്ഷിതമായി പള്ളികളിൽ പോയി ആരാധനകൾ നിർവഹിച്ചു തിരിച്ചെത്താവുന്ന ചുറ്റുപാട്. അത്യുഷ്ണത്തിനു ശമനം നൽകി പെയ്തിറങ്ങുന്ന വേനൽ മഴ- പൊതുവേ സുഖകരവും സന്തോഷകരവുമാണ് കേരളത്തിലെ റമസാൻ അന്തരീക്ഷം.

അതേസമയം ഭീതിദവും ദുരിതപൂർണവുമാണ് പുണ്യ റമസാനിലും രാജ്യത്തെ മറ്റു പല പ്രദേശങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും മുസ്‌ലിംകളുടെ ജീവിതം. യു പി, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളിലും മുസ്‌ലിംകൾക്ക് സുരക്ഷാ ബോധത്തോടെ ജീവിക്കാനും സമാധാനപരമായി ആരാധനകൾ അനുഷ്ഠിക്കാനുമുള്ള സാഹചര്യമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘ്പരിവാർ ഗുണ്ടകൾ കഴിഞ്ഞ ദിവസങ്ങളിൽ രാമനവമി, ഹനുമാൻജയന്തി ആഘോഷങ്ങൾ നടത്തിയത് നോമ്പെടുത്ത മുസ്‌ലിം സഹോദരങ്ങൾക്കു നേരെ കൊലവിളി നടത്തിയും അക്രമങ്ങൾ അഴിച്ചു വിട്ടുമായിരുന്നല്ലോ. ജുമുഅ ഉൾപ്പെടെ സംഘടിത നിസ്‌കാരം സൗകര്യപ്രദമായി നിർവഹിക്കാൻ പല സംസ്ഥാനങ്ങളിലും സാധ്യമാകുന്നില്ല മുസ്‌ലിം സഹോദരങ്ങൾക്ക്.

ഹരിയാനയിൽ നിസ്‌കാരത്തിനായി ഭരണകൂടം അനുവദിച്ചു നൽകിയതും കാലങ്ങളായി ആരാധനാ കർമങ്ങൾ നടന്നുവരുന്നതുമായ സ്ഥലത്ത് ഹിന്ദുത്വ ഗുണ്ടകൾ ചാണകം നിരത്തി മലിനമാക്കിയും മറ്റും ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ സുധീർ സിംഗ് എന്ന സംഘ്പരിവാർ പ്രവർത്തകൻ നിസ്‌കാര സമയത്ത് തന്റെ വീടിന്റെ ടെറസിൽ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ ചൊല്ലി നിസ്‌കാരത്തിനു പ്രയാസം സൃഷ്ടിച്ചത് ഈ അടുത്ത ദിവസമാണ്. ബി ജെ പി ഭരിക്കുന്ന ഉത്തര ഡൽഹി മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ പെട്ട ജഹാംഗീർപുരിയിൽ കഴിഞ്ഞ വാരത്തിൽ നോമ്പുതുറ സമയത്താണ് ഹിന്ദുത്വ ഗുണ്ടകൾ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ പള്ളിക്കു മുമ്പിലെത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി സംഘർഷം സൃഷ്ടിച്ചതും പിന്നാലെ കോർപറേഷൻ അധികൃതർ കൈയേറ്റമാരോപിച്ചു മുസ്‌ലിംകളുടെ നിരവധി വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ചു ഇടിച്ചു നിരപ്പാക്കിയതും. പൊളിക്കൽ നടപടി നിർത്തിവെക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ പോലും മറികടന്നായിരുന്നു ഈ നടപടി. ഭക്ഷണവും വസ്ത്രവും വിശ്വാസവും ആഘോഷങ്ങളുമടക്കം സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാൻ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തിന്റെ പല ഭാഗത്തും വിശിഷ്യാ ഉത്തരേന്ത്യയിൽ കണ്ടു വരുന്നത്. മുമ്പൊന്നുമില്ലാത്ത വിധം അസ്വസ്ഥരും ഭയചകിതരുമാണ് ഇന്ന് ഉത്തരേന്ത്യൻ മുസ്‌ലിംകൾ.
അന്താരാഷ്ട്രതലത്തിൽ ഫലസ്തീൻ ജനതക്കും ചൈനയുടെ വടക്കുപടിഞ്ഞാറ് സിൻജിയാംഗ് പ്രവിശ്യയിലെ ഉയിഗൂർ മുസ്‌ലിംകൾക്കും നോമ്പ് കാലം ഭീതിയുടെതാണ്. ഏത് നേരവും ഇസ്‌റാഈൽ സൈന്യത്തിന്റെ വെടയുണ്ട തേടിയെത്താമെന്ന അവസ്ഥയിലാണ് ഫലസ്തീനികൾ. ഈ മാസം 15നു വെള്ളിയാഴ്ച മസ്ജിദുൽ അഖ്‌സയിൽ സുബ്ഹി നിസ്‌കാരത്തിനു ഒരുമിച്ചു കൂടിയ വിശ്വാസികൾക്കു നേരെ ഇസ്‌റാഈൽ സൈന്യം നടത്തിയ വെടിവെപ്പിൽ 150ൽ പരം പേർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്കു കൊണ്ടു പോകാനായി എത്തിയ ആംബുലൻസുകൾ പള്ളിപരിസരത്ത് വരാൻ അനുവദിക്കാതെ സൈന്യം തടയുകയും ചെയ്തു.

പാരാമെഡിക്കൽ സ്റ്റാഫിനെയും തടഞ്ഞു. കഴിഞ്ഞ വർഷവും നടന്നു അൽ അഖ്‌സാ പള്ളിയിൽ ഇസ്‌റാഈലിന്റെ നരനായാട്ട്. റമസാനിലെ അവസാന വെള്ളിയാഴ്ച തറാവീഹ് നിസ്‌കാരത്തിനു ഒരുമിച്ചു കൂടിയ വിശ്വാസികൾക്കു നേരെ അന്നു നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ൈനയിൽ എല്ലാ തരം മതപരമായ ആരാധനകൾക്കും നിയന്ത്രണമുണ്ട്. പതിനൊന്ന് മില്യൺ മുസ്ലിംകൾ വസിക്കുന്ന സിൻജിയാംഗ് പ്രവിശ്യയിൽ 1.1 മില്യണോളം മുസ്‌ലിംകൾ കോൺസെൻട്രേഷൻ ക്യാമ്പുകളിലടക്കപ്പെട്ടിരിക്കുകയാണെന്നാണ് ആഗസ്റ്റിൽ യുനൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്‌സ് പാനൽ പുറത്തിറക്കിയ റിപോർട്ടിൽ പറയുന്നത്. അവരെങ്ങനെ നോമ്പനുഷ്ഠിക്കാനാണ്? പള്ളികൾ തകർത്തും ഖുർആനുകൾ കത്തിച്ചും ഹലാൽ ഭക്ഷണം നിഷേധിച്ചും പരിശുദ്ധ റമസാൻ മാസത്തിൽ നോമ്പ് വിലക്കിയും ഉയ്ഗൂർ മുസ്ലിംകളുടെ ഇസ്‌ലാമിക സ്വഭാവവും സംസ്‌കാരവും ഇല്ലാതാക്കുന്ന നിലപാടാണ് ചൈനീസ് ഭരണകൂടം സ്വീകരിച്ചു വരുന്നത്.

ദുരിതപൂർണമാണ് പിറന്ന മണ്ണിലും ഇന്ത്യയിലേതുൾപ്പെടെ അഭയാർഥി ക്യാമ്പുകളിലും റോഹിംഗ്യൻ മുസ്‌ലിംകളുടെ അവസ്ഥ. ഡൽഹിയിലും ഹരിയാനയിലും ജമ്മുവിലുമടക്കം ഉത്തരേന്ത്യയിൽ മാത്രം നാൽപ്പതിനായിരത്തോളം റോഹിംഗ്യൻ മുസ്ലിംകൾ അഭയാർഥികളായി കഴിയുന്നുണ്ട്. സമാനതകളില്ലാത്ത ദുരിതമാണ് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കഷ്ടിച്ചു ഒന്നോ രണ്ടോ നേരം മാത്രം ഗോതമ്പു റൊട്ടി. മഴ പെയ്താൽ വെള്ളം കയറുന്ന ചെറ്റക്കുടിലുകൾ. എല്ലും തോലുമായ കുഞ്ഞുങ്ങൾ. ആധാർ ഉൾപ്പെടെ അടിസ്ഥാന രേഖകളൊന്നുമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സയും നിഷേധിക്കപ്പെടുന്നു. മനുഷ്യാവസ്ഥയിലെ ഏറ്റവും ദൈന്യവും ദുരന്തപൂർണവുമായ ഈ ജീവിതസാഹചര്യങ്ങൾക്കൊപ്പം സംഘ്പരിവാരത്തിന്റെ നിരന്തര വേട്ടയാടലും കൂടിയാകുമ്പോൾ ജീവിതവും മതപരമായ ചടങ്ങുകളും അവർക്കു അതീവ ശ്രമകരവും പ്രയാസകരവുമാണ്.



source https://www.sirajlive.com/their-ramadan-is-miserable.html

Post a Comment

Previous Post Next Post