ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ന്യൂസ്പ്രിന്റിന്റെ ലഭ്യതയെയും രൂക്ഷമായി ബാധിച്ചിരിക്കുന്നു. ഇതേ തുടര്‍ന്ന് ഇംഗ്ലീഷ് ദിനപത്രമായ “ദി ഐലന്‍ഡും’ സിംഹള പത്രമായ “ദി വയീന’യും അച്ചടി നിര്‍ത്തിയ വാര്‍ത്ത നാല് ദിവസം മുമ്പാണ് പുറത്തു വന്നത്. ന്യൂസ്പ്രിന്റ് ക്ഷാമം കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദി ഐലന്‍ഡ് പത്രത്തിന്റെ പ്രിന്റ് എഡിഷന്റെ പ്രസിദ്ധീകരണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായെന്നാണ് ഉപാലി ന്യൂസ്പേപ്പേഴ്സ് ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്. 1981 ഒക്ടോബര്‍ മുതല്‍ പ്രചാരത്തിലുള്ള “ദി ഐലന്‍ഡ്’ ഇനി ഇ പേപ്പറായി പ്രവര്‍ത്തിക്കാനാണ് തീരുമാനം.
കൊവിഡിനു പിന്നാലെ റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായതോടെ ന്യൂസ്പ്രിന്റ് ക്ഷാമം ഇന്ത്യയടക്കം മറ്റു രാജ്യങ്ങളെയും രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുകയാണ.് ഇന്ത്യ ന്യൂസ്പ്രിന്റിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. യുദ്ധത്തെ തുടര്‍ന്ന് റഷ്യയിലേക്കും തിരിച്ചുമുള്ള ചരക്കുകടത്ത് ഷിപ്പിംഗ് കമ്പനികള്‍ നിര്‍ത്തിയത് ന്യൂസ്പ്രിന്റ് ഇറക്കുമതിയെയും ബാധിച്ചു. റഷ്യന്‍ ബേങ്കുകളെ ആഗോള പണമിടപാട് സ്ഥാപനമായ “സ്വിഫ്റ്റി’ല്‍ നിന്ന് പുറത്താക്കിയതും ന്യൂസ്പ്രിന്റ് നിര്‍മാണത്തില്‍ 30 ശതമാനം പങ്ക് വഹിക്കുന്ന പ്രകൃതി വാതകം, കല്‍ക്കരി എന്നിവയുടെ വില കുത്തനെ വര്‍ധിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. 2019ല്‍ ടണ്ണിന് 450 ഡോളര്‍ ആയിരുന്ന ന്യൂസ്പ്രിന്റ് വില ഈ വര്‍ഷം 960 ഡോളറിലേക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം ടണ്ണിന് 23,000 രൂപ വില വര്‍ധിച്ചു. ഇന്ത്യയിലെ അച്ചടി മാധ്യമങ്ങള്‍ക്കാവശ്യമായത്ര ന്യൂസ്പ്രിന്റ് രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇന്ത്യന്‍ ന്യൂസ്പ്രിന്റിന്റെ നിലവാരവും മെച്ചമല്ല പൊതുവെ. അതിനാല്‍ പത്രങ്ങള്‍ വിശേഷിച്ചും മുന്‍നിര പത്രങ്ങള്‍ ഭൂരിപക്ഷവും നിലവില്‍ ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റാണ്.
വിതരണ മേഖലയിലെ തടസ്സങ്ങളും ഉത്പാദനത്തിലെ ഇടിവും വിലയില്‍ ഇനിയും വര്‍ധനവുണ്ടാക്കാനാണ് സാധ്യത. കാനഡയില്‍ കൊവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുണ്ടായ സമരം മൂലം ഉത്പാദനവും വിതരണവും തടസ്സപ്പെട്ടത് അവിടെ നിന്നുള്ള ന്യൂസ്പ്രിന്റ് ഇറക്കുമതിയെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യ ന്യൂസ്പ്രിന്റിന് ആശ്രയിക്കുന്ന മറ്റൊരു രാജ്യമായ ഫിന്‍ലാന്‍ഡിലെ യു പി എ കമ്പനിയിലെ തൊഴില്‍ സമരം നിമിത്തം അവിടെ നിന്നുള്ള ഇറക്കുമതിയും നിലച്ചു. രാജ്യത്തെ ന്യൂസ്പ്രിന്റ് ഫാക്ടറികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത് പാക്കേജിംഗ് ഉത്പന്നങ്ങള്‍ക്കാണ്. ഇതുമൂലം ആഭ്യന്തര ന്യൂസ്പ്രിന്റ് ഉത്പാദനം കുറഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മൂലം ഫാക്ടറികള്‍ അടഞ്ഞതും വിതരണശൃംഖല താളംതെറ്റിയതും ഉപഭോഗം കുറഞ്ഞതും ആഗോളതലത്തില്‍ പത്രക്കടലാസ് ഉത്പാദനത്തെ ബാധിച്ചിരുന്നു.
രാജ്യത്തിനാവശ്യമായ ന്യൂസ്പ്രിന്റ് ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയാണ് ഈ മേഖലയില്‍ ഇടക്കിടെ അനുഭവപ്പെടുന്ന ക്ഷാമവും പ്രതിസന്ധിയും മറികടക്കാനുള്ള മാര്‍ഗം. കൊട്ടിഘോഷത്തോടെ കേന്ദ്ര സര്‍ക്കാര്‍ “മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി നടപ്പാക്കിയെങ്കിലും നിലവാരമുള്ള ന്യൂസ്പ്രിന്റ് കൂടുതലായി ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, നിലവിലുള്ള ഫാക്ടറികള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം നഷ്ടത്തിന്റെ പേരില്‍ വിറ്റൊഴിച്ചു കൊണ്ടിരിക്കുകയുമാണ്. കോട്ടയം ജില്ലയിലെ വെള്ളൂരില്‍ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂസ്പ്രിന്റ് ഫാക്ടറി കേന്ദ്രം കൈയൊഴിഞ്ഞു. കേരള സര്‍ക്കാര്‍ പൊന്നുംവിലക്ക് ഏറ്റെടുത്തു നല്‍കിയ സ്ഥലത്താണ് ഈ ഫാക്ടറി സ്ഥാപിച്ചത്. പത്രക്കടലാസ് നിര്‍മാണത്തിന് ആവശ്യമായ മുള, ഈറ്റ, യൂക്കാലിപ്‌സ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ കേരളം വിലകുറച്ചു നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പത്രസ്ഥാപനങ്ങള്‍ക്കും മറ്റും ആവശ്യമായ പേപ്പര്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കാനാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ ഒരു ഘടകം കേരളത്തില്‍ സ്ഥാപിച്ചത്. എന്നിട്ടും സ്ഥാപനം സ്വകാര്യ മേഖലക്കു കൈമാറാനായിരുന്നു കേന്ദ്ര തീരുമാനം. എങ്കിലും നിയമ യുദ്ധത്തിലൂടെ കേരള സര്‍ക്കാര്‍ ഇത് സ്വന്തമാക്കിയിട്ടുണ്ട്. സ്ഥാപനം കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് (കെ പി പി എല്‍) എന്ന പേരില്‍ പുനഃസംഘടിപ്പിച്ച് ന്യൂസ്പ്രിന്റ് ഉത്പാദനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അഞ്ച് ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയും 2,700 കോടി രൂപയുടെ വിറ്റുവരവുമുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വളര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
നിലവിലെ ന്യൂസ്പ്രിന്റ് ക്ഷാമം രാജ്യത്തെ പത്രസ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളെ വിശേഷിച്ചും. ന്യൂസ്പ്രിന്റ് പ്രശ്‌നത്തിനു പുറമെ അച്ചടിക്കാവശ്യമായ മഷി, പ്ലേറ്റ്, അച്ചടി യന്ത്രത്തിന്റെ വില എന്നിവയും കൂടി. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന്റെ ഫലമായി പത്രം കൊണ്ടുപോകുന്ന വാഹന ചെലവിലും വര്‍ധനവുണ്ടായി. പരസ്യങ്ങള്‍ നല്‍കുന്നതില്‍ കോര്‍പറേറ്റ്-ചെറുകിട സ്ഥാപനങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനവും ചെറുകിട പത്രങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥ സൃഷ്ടിക്കുന്നു. പല രാഷ്ട്രങ്ങളും മാധ്യമങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അതുമില്ല. നൂറുകണക്കിനു ചെറുകിട-ഇടത്തരം പത്രസ്ഥാപനങ്ങളാണ് അടുത്ത കാലത്തായി രാജ്യത്ത് അടച്ചു പൂട്ടിയത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന നിലയില്‍ പത്രസ്ഥാപനങ്ങളുടെ പ്രാധാന്യവും സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ജനമധ്യത്തിലെത്തിക്കുന്നതില്‍ പത്രങ്ങള്‍ വഹിക്കുന്ന പങ്കും കണക്കിലെടുത്ത് അവക്കാവശ്യമായ ന്യൂസ്പ്രിന്റ് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനും മറ്റു പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഭാഗത്തു നിന്ന് നടപടികളുണ്ടാകേണ്ടതുണ്ട്.
source https://www.sirajlive.com/newsprint-shortage-and-small-newspapers.html
إرسال تعليق