പ്രസിഡന്റിന്റെ രാജിക്കായി ജനം തെരുവില്‍; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

കൊളംബോ | ശക്തമായ ജനകീയ പ്രതിഷേധത്തെ നേരിടാന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്സെ. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ നീക്കം. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പ്രസിഡന്റാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

നാളെ കൊളമ്പോയിലെ സ്വാതന്ത്ര്യ സമര സ്മാരകത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധ മാര്‍ച്ചുകള്‍ തുടങ്ങി. പ്രക്ഷോഭത്തെ നേരിടാന്‍ നഗരത്തില്‍ സര്‍ക്കാര്‍ ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

 

 



source https://www.sirajlive.com/people-take-to-the-streets-to-demand-the-resignation-of-the-president-emergency-in-sri-lanka.html

Post a Comment

أحدث أقدم