ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്

അഴിമതി അവസാനിപ്പിക്കാനാണ് വിജിലന്‍സ് ഇടക്കിടെ ആര്‍ ടി ഓഫീസുകളിലും ചെക്ക് പോസ്റ്റുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തുന്നത്. ഏറ്റവുമൊടുവല്‍ കഴിഞ്ഞ നവംബറില്‍ ‘ഓപറേഷന്‍ സ്പീഡ് ചെക്ക്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ നിരവധി ആര്‍ ടി ഓഫീസുകളില്‍ നിന്ന് കണക്കില്‍ പെടാത്ത വന്‍തുകകള്‍ കണ്ടെത്തുകയും ക്രമക്കേടുകള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പ്രസ്താവിക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും പക്ഷേ ആര്‍ ടി ഒ ജീവനക്കാരെ മര്യാദ പഠിപ്പിക്കാനാകില്ലെന്നു മാത്രമല്ല, ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാതെ മാന്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് രക്ഷയില്ലെന്നുമാണ് മാനന്തവാടി സബ്റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്ന സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

സിന്ധുവിന്റെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത ഡയറിയും എട്ട് പേജുള്ള കുറിപ്പുകളും ആര്‍ ടി ഓഫീസുകളിലെ അഴിമതിയുടെ ആഴത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്. ‘മറ്റുള്ളവരുടെ കാപട്യം എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കൈക്കൂലി വാങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വസ്ഥത ഉണ്ടാകില്ല. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞു പോയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പില്‍ ജോലിക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്. അഴിമതിക്കു തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കു നില്‍ക്കരുത്.’ സിന്ധുവിന്റെ കുറിപ്പിലെ ഈ വരികള്‍ അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഓഫീസില്‍ നേരിടേണ്ടിവന്ന പീഡനങ്ങളുടെയും ദുരനുഭവങ്ങളുടെയും നേര്‍സാക്ഷ്യമാണ്. കൈക്കൂലി വാങ്ങാത്തതിന് അനുഭവിച്ച പീഡനങ്ങളാണ് അവരുടെ ആത്മഹത്യക്കു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേലുദ്യോഗസ്ഥന്മാര്‍ സിന്ധുവിനെ വല്ലാതെ കഷ്ടപ്പെടുത്തിയിരുന്നതായി സഹോദരന്‍ നോബിള്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സിന്ധുവിന്റെ ഷൂസിലും മറ്റും പണം വെച്ച് അവരെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ വരെ ചിലര്‍ ശ്രമിച്ചിരുന്നുവത്രെ.

മാനന്തവാടി സബ്റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ മാത്രം കഥയല്ലിത്. മിക്ക ഓഫീസുകളുടെയും അവസ്ഥ ഇതുതന്നെ. കൈക്കൂലി ഒരവകാശമായി മാറിയിട്ടുണ്ട് ആര്‍ ടി ഒയിലും ഇതര സര്‍ക്കാര്‍ ഓഫീസുകളിലും. നേരിട്ടു കൈക്കൂലി വാങ്ങി പിടിയിലാകാതിരിക്കാന്‍ ഇടനിലക്കാര്‍ വഴിയാണ് ഉദ്യോഗസ്ഥരില്‍ മിക്കവരും അത് വാങ്ങുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനും സേവനം സുതാര്യമാക്കാനും മോട്ടോര്‍ വാഹന വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനമുള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇടനിലക്കാര്‍ ഇപ്പോഴും സജീവമാണ്. ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തിക്കൊടുക്കല്‍, വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങി മിക്ക കാര്യങ്ങളും ഇടനിലക്കാരായ ഏജന്റുമാര്‍ വഴിയാണ് ഇപ്പോഴും നടക്കുന്നത്. വിവിധ ആവശ്യങ്ങളുമായെത്തുന്നവരില്‍ നിന്ന് ഇവര്‍ മുഖേനയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത്.

ഒരു ദിവസം നൂറോളം ഡ്രൈവിംഗ് ടെസ്റ്റുകളും അന്പതോളം ഫിറ്റ്നസ് ടെസ്റ്റുകളും നടക്കുന്നുണ്ട് ഓരോ സബ് ആര്‍ ടി ഓഫീസുകള്‍ക്കു കീഴിലും. ഇതില്‍ നിന്നെല്ലാമായി കുറഞ്ഞത് 25,000 രൂപയില്‍ കൂടുതല്‍ തുക ദിവസേന കൈക്കൂലിയിനത്തില്‍ പിരിഞ്ഞു കിട്ടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഹെവി വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ക്കടക്കം ഈടാക്കുന്ന മാമൂല്‍ തുക കൂടി ചേര്‍ത്താല്‍ ഇത് 5 മുതല്‍ 10 ലക്ഷം രൂപ വരെ ഉയരും. കൈക്കൂലി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ സംഘം ഇത് വീതിച്ചെടുക്കുകയാണത്രെ ചെയ്യുന്നത്. സഹപ്രവര്‍ത്തകര്‍ ലക്ഷങ്ങള്‍ കൈപ്പറ്റുമ്പോഴും സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ മിക്കപ്പോഴും ഒറ്റപ്പെടുക മാത്രമല്ല, സഹ ഉദ്യേഗസ്ഥരുടെ പരിഹാസത്തിനും മേലുദ്യോഗസ്ഥരുടെ പീഡനത്തിനും വിധേയരാകുകയും ചെയ്യുന്നു.

അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ആര്‍ ടി ഒ ചെക്ക് പോസ്റ്റുകള്‍. പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതിയായിരുന്നു അഴിമതിരഹിത വാളയാര്‍. എന്നാല്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് ഇപ്പോഴും കോടികളാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയിനത്തല്‍ കീശയിലാക്കുന്നത്. നികുതിയിനത്തില്‍ സര്‍ക്കാറിന് ലഭിക്കേണ്ട വരുമാനത്തേക്കാള്‍ കൂടുതല്‍ വരും ഉദ്യോഗസ്ഥര്‍ ‘കിമ്പള’മായി നേടുന്ന വരുമാനമെന്നാണ് ഇക്കഴിഞ്ഞ ജനുവരി മൂന്നിന് വാളയാറില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് ഡി വൈ എസ് പി ശംസുദ്ദീനും സംഘത്തിനും ബോധ്യപ്പെട്ടത്. കണക്കില്‍ പെടാത്ത 67,000 രൂപയാണ് പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത്. ഇരുപതിനായിരം രൂപയുടെ കെട്ടുകളാക്കിയാണ് ഇത് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ ആറ് മണിക്കൂര്‍ കൊണ്ടാണത്രെ ഇത്രയും പണം നേടിയത്. അതേസയമം അന്ന് പകല്‍ 10 മുതല്‍ രാത്രി 12 വരെയുള്ള 14 മണിക്കൂറില്‍ നികുതിയിനത്തില്‍ സര്‍ക്കാറിനുള്ള വരുമാനം 69,350 രൂപയായിരുന്നു. അഴിമതിയുടെ പഴുതുകള്‍ അടക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഗതാഗത വകുപ്പിലെയും വാണിജ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്.

ചെക്ക് പോസ്റ്റുകളിലെ ക്രമക്കേടുകളിലേക്കു വിരല്‍ ചൂണ്ടുന്നതാണ് രണ്ട് മാസം മുമ്പ് പുറത്തുവന്ന, താമരശ്ശേരി സ്വദേശിയായ ടിപ്പര്‍ ലോറി ഉടമയും ചേവായൂര്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ്. ഒരു ലോറിക്ക് 5,000 രൂപ വീതം മാസപ്പടി നല്‍കിയാല്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സ്‌ക്വാഡിന്റെ പരിശോധനയില്‍ നിന്ന് വരെ ഒഴിവാക്കി തരാമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹന ഉടമയോടു പറയുന്നുണ്ട് സംഭാഷണത്തില്‍. ഇതുസംബന്ധിച്ച് വാഹന ഉടമ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നു പറയപ്പെടുന്നു. കൈക്കൂലി ചോദിക്കുന്നവരെ താക്കീത് ചെയ്യണമെന്ന് ആര്‍ ടി ഒക്ക് നിര്‍ദേശം നല്‍കി വാഹന ഉടമയുടെ പരാതിയിന്‍മേലുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവത്രെ ഡെപ്യൂട്ടി കമ്മീഷണര്‍. ‘ഈ കുളിമുറിയില്‍ എല്ലാവരും നഗ്‌നരാണ്’ എന്ന ചൊല്ലാണ് ഈ സംഭവം ഓര്‍മപ്പെടുത്തുന്നത്.

 



source https://www.sirajlive.com/everyone-in-this-bathroom-is-naked.html

Post a Comment

أحدث أقدم